| Sunday, 7th August 2022, 9:52 am

ഗാസയിലെ ഇസ്രഈല്‍ ആക്രമണം മൂന്നാം ദിവസത്തിലേക്ക്; ആക്രമണത്തിന് ഇസ്രഈല്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഇറാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗാസ: ഗാസയില്‍ ഇസ്രഈല്‍ നടത്തുന്ന വ്യോമാക്രമണം തുടര്‍ച്ചയായ മൂന്നാം ദിവസത്തിലേക്ക് കടന്നു. ഫലസ്തീന്‍ മിലിറ്റന്റ് ഗ്രൂപ്പായ ഇസ്‌ലാമിക് ജിഹാദിനെ ലക്ഷ്യം വെച്ചുകൊണ്ടാണ് ഇസ്രഈല്‍ ആക്രമണം നടത്തുന്നത്.

ശനിയാഴ്ച നടന്ന ആക്രമണ- പ്രത്യാക്രമണങ്ങളില്‍ ഇസ്രഈല്‍ ഗാസക്ക് നേരെ വ്യോമാക്രമണം നടത്തുകയും ഇസ്‌ലാമിക് ജിഹാദ് ഇസ്രഈലിന് നേരെ റോക്കറ്റുകള്‍ വിക്ഷേപിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.

ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരെയാണ് കഴിഞ്ഞ രണ്ട് ദിവസമായി ഇസ്രഈല്‍ ആക്രമണം നടത്തുന്നത്.

വെള്ളിയാഴ്ച ഗാസ സിറ്റി ടവറില്‍ ഇസ്രഈല്‍ നടത്തിയ അപ്രതീക്ഷിത വ്യോമാക്രമണത്തില്‍ ഇസ്‌ലാമിക് ജിഹാദിന്റെ മുതിര്‍ന്ന കമാന്‍ഡര്‍മാരില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇസ്രഈലിന്റെ കൊമേഴ്‌സ്യല്‍ ഹബ്ബായ ടെല്‍ അവീവിന് നേരെ സംഘടന റോക്കറ്റാക്രമണവും നടത്തിയിരുന്നു.

ഗാസ മുനമ്പിന്റെ വടക്കുഭാഗത്തുള്ള ജബാലിയയില്‍ നടന്ന സ്‌ഫോടനത്തില്‍ മൂന്ന് കുട്ടികളടക്കം അഞ്ച് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.

ഗാസ മുനമ്പിനെ ലക്ഷ്യം വെച്ചുള്ള ഇസ്രഈല്‍ വ്യോമാക്രമണത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇതുവരെ കുറഞ്ഞത് 24 പേര്‍ കൊല്ലപ്പെടുകയും 203 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

വെള്ളിയാഴ്ചയുണ്ടായ ആക്രമണത്തില്‍ പത്തിലേറെ പേര്‍ മരിച്ചിരുന്നു.

അധിനിവേശ വെസ്റ്റ് ബാങ്കില്‍ നിന്നും 19 ഇസ്‌ലാമിക് ജിഹാദ് അംഗങ്ങളെ ഇസ്രഈല്‍ സൈന്യം അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.

അതിനിടെ ഗാസ മുനമ്പില്‍ ഇസ്രഈല്‍ നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രസ്താവനയിറക്കി. സംഭവത്തെ ആശങ്കയോടെയാണ് കാണുന്നതെന്നും യൂണിയന്റെ വിദേശനയ മേധാവിയുടെ വക്താവ് പ്രതികരിച്ചു.

ഗാസയില്‍ ആക്രമണം തുടരുകയാണെങ്കില്‍ ഇസ്രഈല്‍ അതിന് വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഇറാന്റെ ഭാഗത്ത് നിന്നും മുന്നറിയിപ്പ് വന്നിട്ടുണ്ട്. ഗാസയിലെ ആക്രമണത്തിന് കനത്ത വില നല്‍കേണ്ടി വരുമെന്നാണ് ഇറാന്റെ സൈനിക കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഹുസൈന്‍ സലാമി പറഞ്ഞത്.

ഇസ്രഈലിനെതിരായ പോരാട്ടത്തില്‍ ഫലസ്തീനികള്‍ ഒറ്റക്കല്ലെന്നും ഇസ്‌ലാമിക് ജിഹാദിന് എല്ലാ പിന്തുണയും നല്‍കുമെന്നും ഇറാന്‍ വക്താവ് പറഞ്ഞു.

ഗാസ മുനമ്പില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ഈജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം, ഗാസയെ നിയന്ത്രിക്കുന്ന ഫലസ്തീനിയന്‍ ഇസ്‌ലാമിക് മിലിറ്റന്റ് ഗ്രൂപ്പായ ഹമാസ് ഇതുവരെ ആക്രമണ- പ്രത്യാക്രമണങ്ങളുടെ ഭാഗമായിട്ടില്ല. 2021 മേയ് മാസത്തിന് ശേഷം ഗാസയില് ആദ്യമായാണ് വലിയ സംഘര്ഷമുണ്ടാകുന്നത്.

Content Highlight: Israel attack on Gaza strip enters third day, Iran warns Israel will have to pay a heavy price

Latest Stories

We use cookies to give you the best possible experience. Learn more