ഇവിടെ സുരക്ഷിതമായ സ്ഥലം എന്നൊന്നില്ല, മണ്ണിനടിയിൽ കുഴിച്ചിട്ടവർ പോലും സുരക്ഷിതരല്ല: ഫലസ്തീൻ പെൺകുട്ടി
World
ഇവിടെ സുരക്ഷിതമായ സ്ഥലം എന്നൊന്നില്ല, മണ്ണിനടിയിൽ കുഴിച്ചിട്ടവർ പോലും സുരക്ഷിതരല്ല: ഫലസ്തീൻ പെൺകുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th May 2024, 10:56 am

റഫ: ഫലസ്തീനിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രഈല്‍ നടത്തിയത് മൃഗീയ കൂട്ടക്കൊല. തിങ്കളാഴ്ച രാത്രിയായിരുന്നു ക്യാമ്പിന് നേരെയുള്ള ഇസ്രഈലിന്റെ ആക്രമണം. ആക്രമണത്തിൽ കുട്ടികൾ ഉൾപ്പടെ 45 ആളുകൾ കൊല്ലപ്പെടുകയും 249 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. കൈകാലുകള്‍ അറ്റുപോയതുള്‍പ്പടെ ഗുരുതരമായി പരിക്കേറ്റ പലര്‍ക്കും ആവശ്യ ചികിത്സ സഹായം ലഭ്യമല്ല. നിലവിൽ ഒരു ആശുപത്രി മാത്രമാണ് ഗസയിൽ പ്രവർത്തിക്കുന്നത്. ബാക്കിയെല്ലാം തന്നെ ഇസ്രഈൽ വിവിധങ്ങളായ ആക്രമണങ്ങളിൽ തകർത്തുകളഞ്ഞിരുന്നു. പരിക്കേറ്റവരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവ് കാരണം നിലവിലെ ആശുപത്രിയ്ക്ക് മതിയായ ചികിത്സ സഹായം നല്‍കാനും സാധിക്കുന്നില്ല.

ഏകദേശം രാത്രി പത്ത് മണിയോടെയാണ് അഭയാർത്ഥി ക്യാമ്പിന് നേരെ ആക്രമണം നടന്നത്. പലരും രാത്രി പ്രാർത്ഥന കഴിഞ്ഞ് കിടക്കുകയായിരുന്നു. പലരും ഉറങ്ങിയിരുന്നു. എന്താണ് സംഭവിച്ചതെന്ന് അറിയുന്നതിന് മുൻപ് തന്നെ വലിയ ശബ്ദത്തോടെ സ്ഫോടനം നടക്കുകയും 14 ഓളം കൂടാരങ്ങൾ കത്തി നശിക്കുകയും ചെയ്തു.

ഇസ്രഈൽ സുരക്ഷിതമെന്ന് പറഞ്ഞിരുന്ന മേഖലയിലായിരുന്നു ക്യാമ്പ് സ്ഥിതിചെയ്തിരുന്നത്.

ഹമാസിലെ രണ്ട് അംഗങ്ങൾ ക്യാമ്പിലുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് തങ്ങൾ ആക്രമണം നടത്തിയതെന്നാണ് ഇസ്രഈലിന്റെ വാദം.

‘ഞങ്ങൾക്ക് ഛിന്നഭിന്നമായ കൈകാലുകളും തലയില്ലാത്ത കുഞ്ഞിന്റെ ശരീരവും എടുത്ത് മാറ്റേണ്ടി വന്നു. ഇവിടെ ഹമാസിന്റെ പോരാളികൾ ഉണ്ടെന്ന് പറഞ്ഞാണ് അവർ ആക്രമണം നടത്തിയത്. എന്നാൽ ഞങ്ങളാരെയും കണ്ടിട്ടില്ല,’ ലയാൻ അൽഫയെന്ന ഫലസ്തീൻ പെൺകുട്ടി പറഞ്ഞു.

ഏകദേശം 12 മണിക്കൂറുകൾക്ക് മുൻപ് ഫലസ്തീനികൾ ജീവിച്ചിരുന്ന ഇടം ഇപ്പോൾ കത്തിയെരിഞ്ഞ ശവശരീരങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

‘ഒരു മുന്നറിയിപ്പുമില്ലാതെയാണ് അവർ ആക്രമണം നടത്തിയത്. ഞങ്ങൾ സമാധാനത്തോടെ ഇരിക്കുകയായിരുന്നു. എന്താണ് സംഭവിച്ചതെന്നറിയാൻ പുറത്തിറങ്ങിയ ഞാൻ കണ്ടത് കൂടാരങ്ങളെ വിഴുങ്ങുന്ന തീ ജ്വാലയാണ്. കത്തിക്കരിഞ്ഞ ശവശരീരങ്ങൾക്കിടയിലൂടെ ആളുകൾ പ്രാണരക്ഷാർത്ഥം ഓടുകയായിരുന്നു,’ ദുരന്തത്തിന് ദൃക്‌സാക്ഷിയായ മറ്റൊരു ഫലസ്തീനി പറഞ്ഞു.

മാധ്യമങ്ങൾ പറയുന്നതനുസരിച്ച് തീയണക്കാൻ 11 അഗ്നിശമന സേന ട്രക്കുകൾ വേണ്ടിവന്നു. രണ്ട് മണിക്കൂറിൽ അധികം എടുത്താണവർ തീയണച്ചത്.

‘ഇവിടെ സുരക്ഷിതമായൊരു സ്ഥലമില്ല. മണ്ണിനടിയിൽ കുഴിച്ചിട്ടവർ പോലും സുരക്ഷിതരല്ല. മൃതദേഹങ്ങൾ , കൊലപാതങ്ങൾ എന്നിവയാണ് ഇപ്പോഴത്തെ ഞങ്ങളുടെ ജീവിതം,’ അപകടത്തെ അതിജീവിച്ച ആബോ സെബ എന്ന ഫലസ്തീനി പെൺകുട്ടി പറഞ്ഞു.

ഇസ്രഈൽ നടത്തിയ ബോംബാക്രമണം ആഗോള പ്രതിഷേധങ്ങൾ ഉയരാൻ കാരണമായി. ജോർദാൻ, ഈജിപ്ത്, സൗദി അറേബ്യാ, യു.എ. ഇ തുടങ്ങിയ രാജ്യങ്ങൾ ആക്രമണത്തെ അപലപിച്ചു.

 

 

Content Highlight: Israel attack on Gaza refugee camp