ഗസയില്‍ വീണ്ടും ഇസ്രഈല്‍ ആക്രമണം: ആശുപത്രി പരിസരത്തുനിന്നും കണ്ടെത്തിയത് കൂട്ട കുഴിമാടങ്ങള്‍
national news
ഗസയില്‍ വീണ്ടും ഇസ്രഈല്‍ ആക്രമണം: ആശുപത്രി പരിസരത്തുനിന്നും കണ്ടെത്തിയത് കൂട്ട കുഴിമാടങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 6th June 2024, 12:04 pm

ജെറുസലേം: ഗസയില്‍ വീണ്ടും ഇസ്രഈല്‍ ആക്രമണം. ഗസയിലെ ഒരു സ്‌കൂളിന് നേരെ ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 27 ഓളം പേരാണ് കൊല്ലപ്പെട്ടത്. ഗസയില്‍ ഇസ്രഈലും ഹമാസും തമ്മില്‍ വെടിനിര്‍ത്തലിന് വഴിയൊരുക്കുന്നതിനായി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ മൂന്ന് ഘട്ടങ്ങളുള്ള പദ്ധതി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഹമാസിന്റെ ഉന്മൂലനത്തില്‍ തന്നെ ഉറച്ചു നില്‍ക്കുമെന്നാണ് ഇസ്രഈല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു പറയുന്നത്.

ആഴ്ചകള്‍ നീണ്ട ആക്രമണങ്ങള്‍ക്ക് ശേഷം ഇസ്രഈല്‍ സൈന്യം പിന്‍വാങ്ങിയ അല്‍ഷിഫ ഹോസ്പിറ്റലിന്റെ പരിസരത്തു നിന്നും കൂട്ട കുഴിമാടങ്ങള്‍ കണ്ടെത്തിയതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനകം തന്നെ നിരവധി ആശുപത്രികളാണ് ഇസ്രഈല്‍ അടിച്ചു തകര്‍ത്തത്.

സ്‌കൂള്‍ കോമ്പൗണ്ടില്‍ ഹമാസിന്റെ നേതാക്കള്‍ തമ്പടിച്ചിട്ടുണ്ടെന്നു പറഞ്ഞാണ് ഇസ്രഈല്‍ പുതിയ ആക്രമണം അഴിച്ചു വിട്ടത്. ഇസ്രഈലിന്റെ ആക്രമണത്തെ ഭയന്ന് കൊണ്ട് അഭയം തേടിയവരാണ് സ്‌കൂളുകളില്‍ ഉള്ളതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സെന്‍ട്രല്‍ ഗസയിലെ നുസെറാത്തിലെ യു.എന്‍ സ്‌കൂളില്‍ ഹമാസിന്റെ കമാന്‍ഡ് പോസ്റ്റ് ഉണ്ടെന്ന് ഇസ്രഈല്‍ അവകാശപ്പെട്ടു. ഫലസ്തീനെതിരെയുള്ള യുദ്ധം ഇനിയും വിപുലീകരിക്കാനാണ് തങ്ങളുടെ ശ്രമമെന്നും, അതിനായി മധ്യ ഗസയിലെ പ്രദേശങ്ങളില്‍ തങ്ങള്‍ നിയന്ത്രണം കടുപ്പിക്കുകയാണെന്നും ഇസ്രഈല്‍ സൈന്യം പറഞ്ഞിരുന്നു.

ജറുസലേമില്‍, ആയിരക്കണക്കിന് ഇസ്രഈലികളാണ് നഗരത്തിലെ ഫലസ്തീനിയന്‍ പ്രദേശത്തിലൂടെ ഫ്ലാഗ് മാര്‍ച്ച് നടത്തിയത്. അറബികള്‍ക്ക് മരണം എന്ന് ആക്രോശിച്ചു കൊണ്ടാണ് അവര്‍ യുദ്ധത്തിന് ആക്കം കൂട്ടുന്നത്. ‘മുഹമ്മദ് മരിച്ചു’, ‘അറബികളെ കൊല്ലുക’ തുടങ്ങിയ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് പ്രതിഷേധക്കാര്‍ പ്രകടനം നടത്തുന്നത്. 1967 ലെ യുദ്ധത്തില്‍ ജെറുസലേം പിടിച്ചെടുത്തതിന്റെ ഓര്‍മ പുതുക്കല്‍ എന്ന പേരില്‍ നടത്തിയ ഫ്ലാഗ് മാര്‍ച്ചില്‍ നിരവധി ഇസ്രഈലികളാണ് പങ്കെടുത്തത്.

മധ്യ ഗസയിലെ ബുറൈജ് അഭയാര്‍ത്ഥി ക്യാമ്പില്‍ 24 മണിക്കൂറിനിടെയുണ്ടായ ഇസ്രഈലിന്റെ ബോംബാക്രമണങ്ങളില്‍ 36 പേര്‍ കൊല്ലപ്പെടുകയും 115 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരണം ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അവിടെ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍.

സമീപ നഗരമായ മാഗസി അഭയാര്‍ത്ഥി ക്യാമ്പിന് നേരെയും ഇസ്രഈല്‍ സൈന്യത്തിന്റെ അക്രമണങ്ങള്‍ ഉണ്ടായി. നിരവധി ആളുകളാണ് ഇവിടെയും കൊല്ലപ്പെട്ടത്. കൊല്ലപ്പെടുന്നവരില്‍ കുഞ്ഞുങ്ങളുടെ എണ്ണവും കൂടി വരുകയാണ്. ഇതിനകം തന്നെ ഒട്ടനവധി കുഞ്ഞുങ്ങള്‍ അനാഥരായി എന്ന ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്തു വരുന്നുണ്ട്.

ഒരു ദിവസം മുഴുവന്‍ പട്ടിണി കിടക്കേണ്ടി വരുന്ന കുഞ്ഞുങ്ങളുടെ എണ്ണം കൂടി വരുകയാണ്. ഇത് പോഷകാഹാര കുറവിലേക്കും, ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും എന്‍.ജി.ഒ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

പ്രാഥമിക കാര്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ സാധിക്കാത്ത അന്തരീക്ഷത്തിലാണ് മിക്ക ഫലസ്തീനികളും കഴിഞ്ഞു കൂടുന്നത്. വ്യത്തിഹീനമായ സാഹചര്യത്തില്‍ ജീവിക്കേണ്ടി വരുന്നത് ആളുകളുടെ ആരോഗ്യത്തെ ഭയാനകമായ രീതിയില്‍ ബാധിക്കുമെന്ന് എന്‍.ജി.ഒ ആയ ഓക്‌സ്ഫാമും മുന്നറിയിപ്പ് നല്‍കിയിരുന്നു.

വ്യാപകമായ പട്ടിണി നേരിടുന്ന ഫലസ്തീനികള്‍ക്കുള്ള ഭക്ഷണത്തിന്റെയും മരുന്നുകളുടെയും മറ്റ് സാധനങ്ങളുടെയും ലഭ്യതയെല്ലാം വീണ്ടും തടസ്സപ്പെടുത്തുകയാണ് ഇസ്രഈലിന്റെ പുതിയ ആക്രമണ പദ്ധതികള്‍

ഗസക്കെതിരായ ഇസ്രാഈല്‍ യുദ്ധത്തില്‍ ഒക്ടോബര്‍ ഏഴിന് ശേഷം മാത്രം 36,000 ത്തിലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

Content Highlight: Israel attack on Gaza