| Saturday, 3rd February 2024, 10:21 pm

ഗസയിലെ ബെല്‍ജിയന്‍ ഏജന്‍സിക്ക് നേരെ ആക്രമണം; ഇസ്രഈല്‍ അംബാസിഡറെ വിളിച്ചുവരുത്തി ബെല്‍ജിയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബ്രസ്സല്‍സ്: ഗസയിലെ ബെല്‍ജിയന്‍ വികസന ഏജന്‍സിയുടെ കെട്ടിടത്തിന് നേരെ ബോംബെറിഞ്ഞതിനെ തുടര്‍ന്ന് ഇസ്രഈല്‍ അംബാസിഡറെ വിളിച്ചുവരുത്തി ബെല്‍ജിയം വിദേശകാര്യ മന്ത്രി ഹജ്ജ ലഹ്ബീബ്. നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ ഇസ്രഈല്‍ ആക്രമണങ്ങള്‍ അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ തത്വങ്ങള്‍ ലംഘിക്കുന്നതാണെന്ന് ഹജ്ജ ലഹ്ബീബ് എക്‌സില്‍ കുറിച്ചു.

അന്താരാഷ്ട്ര നിയമങ്ങള്‍ എല്ലാവരും പാലിക്കണമെന്നും അതിനുള്ള ഉത്തരവാദിത്തം എല്ലാ പാര്‍ട്ടികള്‍ക്കുമുണ്ടെന്നും ഹജ്ജ ലഹ്ബീബ് പറഞ്ഞു. 2024 ജനുവരി 28ലെ ടൈം സ്റ്റാമ്പുള്ള ഒരു അപ്പാര്‍ട്ട്‌മെന്റ് കെട്ടിടവും, തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും അടങ്ങുന്ന രണ്ട് ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റിനോടൊപ്പം ലഹ്ബീബ് ഉള്‍പ്പെടുത്തിയിരുന്നു.

അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ ചട്ടക്കൂടില്‍ പൊതുനന്മയ്ക്കായി പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാര്‍ ഏജന്‍സി എന്ന നിലയില്‍ തങ്ങള്‍ക്ക് ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് എനാബെല്ലിന്റെ സി.ഇ.ഒ ജീന്‍ വാന്‍ വെറ്റര്‍ വ്യക്തമാക്കി. ഇസ്രഈലിന്റെ ബോംബാക്രമണത്തില്‍ ഗസയിലെ തങ്ങളുടെ കെട്ടിടം പൂര്‍ണമായി തകര്‍ന്നുവെന്നും ഈ ആക്രമണങ്ങള്‍ അസ്വീകാര്യമാണെന്നും വാന്‍ വെറ്റര്‍ പറഞ്ഞു.

യൂറോപ്യന്‍ യൂണിയനും അതിലെ അംഗരാജ്യങ്ങളും ചേര്‍ന്ന് ധനസഹായം നല്‍കുന്ന പദ്ധതികളുടെ കേടുപാടുകള്‍ക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച വിവരങ്ങള്‍ അടുത്ത യൂറോപ്യന്‍ കൂടിയാലോചനയുടെ അജണ്ടയില്‍ ഉള്‍പ്പെടുത്തുമെന്നും ബെല്‍ജിയത്തിന്റെ വിദേശകാര്യ മന്ത്രാലയം പ്രസ്താവയിറക്കി.

ഗസയില്‍ ദീര്‍ഘകാലത്തേക്കുള്ള മാനുഷിക വെടിനിര്‍ത്തല്‍, സമാധാന പ്രക്രിയ പുനരാരംഭിക്കല്‍, ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ തുടങ്ങിയവയുടെ പ്രധാന്യവും പ്രസ്താവനയില്‍ ഊന്നിപ്പറയുകയുണ്ടായി.

എപ്പോഴാണ് കെട്ടിടത്തിന് നേരെ ബോംബാക്രമണം ഉണ്ടായതെന്ന് വ്യക്തമല്ലെന്നും വ്യാഴാഴ്ച വൈകുന്നേരമാണ് ബെല്‍ജിയം ഇക്കാര്യം അറിഞ്ഞതെന്നും ആക്രമണം സംഭവിച്ചത് ബുധനാഴ്ചയാണെന്ന് സംശയിക്കുന്നതായും മന്ത്രാലയ വക്താവ് അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു.

Content Highlight: Israel attack on Belgian Agency in Gaza

Latest Stories

We use cookies to give you the best possible experience. Learn more