| Friday, 20th September 2024, 9:02 am

പേജര്‍ ആക്രമണത്തില്‍ തിരിച്ചടിക്കുമെന്ന് ഹിസ്ബുള്ള തലവന്‍; പിന്നാലെ ലെബനനില്‍ വീണ്ടും ബോംബിട്ട് ഇസ്രഈല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെയ്‌റൂത്ത്: ലെബനനില്‍ 37 പേരുടെ മരണത്തിന് ഇടയാക്കിയ പേജര്‍-വോക്കിടോക്കി ആക്രമണത്തിന് പിന്നാലെ വീണ്ടും ബോംബിട്ട് ഇസ്രഈല്‍. തെക്കന്‍ ലെബനനിലെ ജെസിന്‍ ഏരിയയിലെ മഹ്‌മൂദിഹ്, ക്‌സാര്‍ അല്‍-അറൂഷ്, ബിര്‍കെറ്റ് ജബ്ബൂര്‍ എന്നീ പ്രദേശങ്ങളെ ലക്ഷ്യമാക്കി ഇസ്രഈല്‍ വ്യോമാക്രമണം നടത്തിയതായി ലെബനന്‍ ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഹിസ്ബുള്ള നേതാവ് ഹസന്‍ നസറുള്ള പേജര്‍ ആക്രമണത്തെ അപലപിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് പുതിയ ആക്രമണം ഉണ്ടായതെന്നും റിപ്പോട്ടുകളുണ്ട്.

ഇസ്രഈല്‍ വ്യോമസേന ഹിസ്ബുള്ളയുടെ നൂറുകണക്കിന് റോക്കറ്റ് ലോഞ്ചറുകളും മറ്റ് സൗകര്യങ്ങളും തകര്‍ത്തതായി ഇസ്രഈലി സൈന്യത്തെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോട്ട് ചെയ്തു. എന്നാല്‍ ആക്രമണത്തില്‍ ആളപായമുണ്ടായോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

എന്നാല്‍ ലെബനന് നേരെ ഇനിയും ആക്രമണങ്ങള്‍ തുടരുമെന്ന് ഇസ്രഈല്‍ പ്രതിരോധ മന്ത്രി യെവ് ഗാലന്റ് അറിയിച്ചിട്ടുണ്ട്. ഹിസ്ബുള്ള-ഇസ്രഈല്‍ സംഘര്‍ഷങ്ങള്‍ കാരണം അതിര്‍ത്തികളില്‍ നിന്ന് പലായനം ചെയ്ത പ്രദേശവാസികളെ തിരികെ കൊണ്ടുവരാന്‍ ഇസ്രഈല്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിനാല്‍ ഇനി അതിര്‍ത്തിയിലേക്ക് നടത്തുന്ന ആക്രമണങ്ങള്‍ക്ക് ഹിസ്ബുള്ള കനത്ത വില നല്‍കേണ്ടി വരുമെന്നും യെവ് ഗാലന്റ് കൂട്ടിച്ചേര്‍ത്തു.

അതേസമയം പേജര്‍ ആക്രമണത്തിന് പിന്നാലെ ഹിസ്ബുള്ള നടത്തിയ പ്രത്യാക്രമണത്തില്‍ പടിഞ്ഞാറന്‍ ഗലീലിയിലെ രണ്ട് ഇസ്രഈലി സൈനികര്‍ കൊല്ലപ്പെടുകയും എട്ടോളം സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നയേല്‍ ഫ്വാര്‍സി (43), തോമര്‍ കെരേന്‍ (20) എന്നീ സൈനികരാണ് കൊല്ലപ്പെട്ടത്. ഹിസ്ബുള്ളയുടെ ആക്രമണത്തിന് പിന്നാലെ ഇസ്രഈലിന്റെ സൈനിക കേന്ദ്രം മറ്റൊരു പ്രദേശത്തേക്ക് മാറ്റുകയാണെന്നും യെവ് ഗാലന്റ് അറിയിച്ചു.

പേജര്‍ അറ്റാക്കിന് പിന്നാലെ ഇസ്രഈല്‍ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചെന്നും അതിനാല്‍ തിരിച്ചടിക്കുന്നൈും ഹിസ്ബുള്ള തലവന്‍ ഹസന്‍ നസറുള്ള അറിയിച്ചിരുന്നു. 2006ന് ശേഷം നസറുള്ളയുടെ പൊതുജനങ്ങളോടുള്ള ആദ്യ പരസ്യ പ്രതികരണമാണിത്.

‘ഒരു സംശയവുമില്ലാതെ തന്നെ പറയാം ഞങ്ങള്‍ വലിയ രീതിയിലുള്ള തിരിച്ചടിയാണ് നേരിട്ടത്. ലെബനന്റെ ചരിത്രത്തിലെ ആദ്യ സംഭവമാണിത്. എന്നാല്‍ ഞങ്ങള്‍ ഇതിന് തിരിച്ചടിക്കും. ആ ആകമ്രണത്തില്‍ അവര്‍ക്ക് പ്രതീക്ഷിക്കുന്നതും പ്രതീക്ഷിക്കാത്തതുമായ രീതിയില്‍ ന്യായമായ ശിക്ഷ ലഭിക്കും.

കഴിഞ്ഞ ദിവസത്തെ ആക്രമണത്തിന്റെ വ്യാപ്തി, സ്വഭാവം എന്നിവ മനസ്സിലാക്കണം. ഇസ്രഈല്‍ അവരുടെ സകല സീമകളും ലംഘിച്ചിരിക്കുകയാണ്. അതിര്‍ത്തിയില്‍ നിന്ന് ഒഴിഞ്ഞുപോയ ഇസ്രഇലികളെ ഒരു കാരണവശാലും തിരികെ കൊണ്ടുവരാന്‍ സമ്മതിക്കില്ല,’ നസറുള്ള പറഞ്ഞു.

ലെബനനിലും സിറിയയിലെ ചില ഭാഗങ്ങളിലും പേജര്‍ പൊട്ടിത്തെറിച്ചുണ്ടായ ആക്രമണത്തില്‍ 37 പേരാണ് കൊല്ലപ്പെട്ടത്. 2,900ലധികം പേര്‍ക്ക് പരിക്കേറ്റിരുന്നു, ഇവരില്‍ 287 പേരുടെ നില ഗുരുതരമാണ്.

Content Highlight: Israel attack Lebanon while Hezbollah leader address the country

We use cookies to give you the best possible experience. Learn more