ഗാസ: ഫലസ്തീനെതിരെയുള്ള ഇസ്രാഈല്‍ ആക്രമണം ശക്തമായി തുടരുന്നു. ആക്രമണം അവസാനിപ്പിക്കണമെന്ന് ലോകരാഷ്ട്രങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും പിന്മാറാന്‍ തയ്യാറല്ലെന്നാണ് ഇസ്രാഈലിന്റെ നടപടികള്‍ വ്യക്തമാക്കുന്നത്.
ഗാസ മുനമ്പില്‍ വ്യോമാക്രമണം തുടരുന്ന ഇസ്രാഈല്‍ അതിര്‍ത്തികളില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ നേരിട്ടുള്ള ആക്രമണത്തിലേക്ക് ഇസ്രാഈല്‍ കടന്നിട്ടില്ലെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം ഇസ്രാഈല്‍ രണ്ട് ദിവസമായി നടത്തുന്ന വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം നൂറ് കടന്നു. 113 മരണങ്ങളാണ് ഇതുവരെ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
കൊല്ലപ്പെട്ടവരില്‍ 31 പേര്‍ കുട്ടികളാണ്. 580 പേര്‍ക്ക് പരിക്കേറ്റതായും ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം ഫലസ്തീനിലെ ഹമാസ് ഭരണകൂടം ഇസ്രാഈലില്‍ നടത്തിയ ആക്രമണത്തില്‍ 7 പേര്‍ കൊല്ലപ്പെട്ടു.
2014ന് ശേഷം ഇസ്രാഈലും ഫലസ്തീനും ഏറ്റവും രൂക്ഷമായ ആക്രമണത്തിലേക്കെത്തുന്നത് ഇപ്പോഴാണ്. കിഴക്കന്‍ ജറുസലേമിലെ ഷെയ്ഖ് ജറായില്‍ നിന്നും അറബ് വംശജരെയും മുസ്‌ലിങ്ങളെയും കുടിയൊഴിപ്പിക്കാനായി ഇസ്രാഈല്‍ നടത്തുന്ന നീക്കങ്ങളും തുടര്‍ന്ന് മസ്ജിദുല്‍ അഖ്‌സയില്‍ ഇസ്രാഈല്‍ സേന നടത്തിയ ആക്രമണങ്ങളുമാണ് വ്യോമാക്രമണങ്ങള്‍ക്ക് വഴിവെച്ചത്.
ഫലസ്തീനെതിരെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. പ്രതിരോധിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ടെന്നാണ് ഇതിനോട് ഫലസ്തീന്‍ ഭരണകേന്ദ്രമായ ഹമാസ് പ്രതികരിച്ചത്.
ഇസ്രാഈല്‍ ആക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്ര സഭ രംഗത്തുവന്നിരുന്നു. ഇരു രാജ്യങ്ങളും ആക്രമണം അവസാനിപ്പിക്കണമെന്നും ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Israel attack in Gaza, Palestine death toll crosses 100, updates