ഗസ: ഗസയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ വീണ്ടും ഇസ്രഈല്‍ ആക്രമണം. ഗസ മുനമ്പിന്റെ മധ്യഭാഗത്തുള്ള അല്‍ മഗാസി അഭയാര്‍ത്ഥി ക്യാമ്പിലാണ് ഇസ്രഈല്‍ ആക്രമണം നടത്തിയത്. വ്യോമാക്രമണത്തില്‍ 51 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വഫ റിപ്പോര്‍ട്ട് ചെയ്തു.
മരിച്ചവരില്‍ കൂടുതലും കുട്ടികളും സ്ത്രീകളുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രഈല്‍ ബോംബാക്രമണത്തില്‍ മഗാസിലെ വീടുകള്‍ സമ്പൂര്‍ണമായി തകര്‍ന്നെന്നും അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതായെന്നും വഫ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒക്ടോബര്‍ ഏഴ് മുതല്‍ ഗസ മുനമ്പില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണത്തിന്റെ ഫലമായി 3,900 കുട്ടികളും 2,509 സ്ത്രീകളും ഉള്‍പ്പെടെ 9,500 പേര്‍ മരിച്ചുവെന്ന് ഗസ മീഡിയ ഓഫീസ് മേധാവി സലാമ മറൂഫ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം, തങ്ങളുടെ ലക്ഷ്യം സിവിലിയന്മാരല്ലെന്നും ഹമാസാണെന്നും പറഞ്ഞ ഇസ്രഈല്‍, ഹമാസ് ക്യാമ്പുകളില്‍ താമസിക്കുന്നവരെ മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്നും ആരോപിച്ചു.
ആക്രമണം ശക്തമാകുന്ന പശ്ചാത്തലത്തില്‍ 10 ലക്ഷം ആളുകള്‍ തെക്കന്‍ ഗസയിലേക്ക് മാറിയതായി യു.എന്‍ വക്താവ് ഡേവിഡ് ഷാറ്റര്‍ഫീല്‍ഡ് അറിയിച്ചു. നാല് ലക്ഷത്തോളം ആളുകള്‍ നിലവില്‍ വടക്കന്‍ മേഖലയില്‍ തുടരുന്നുണ്ട്. ശനിയാഴ്ച പകല്‍ 11നും രണ്ടിനുമിടയില്‍ സ്ഥലം ഒഴിയാനായി ഇവര്‍ക്ക് സമയം അനുവദിച്ചിരുന്നു.
ഇതിനായി ഇരുമേഖലകളേയും ബന്ധിപ്പിക്കുന്ന സലാഹുദ്ദീന്‍ റോഡ് തുറന്നുനല്‍കുമെന്നുമായിരുന്നു ഇസ്രഈല്‍ അറിയിച്ചത്. വിവരം ലഭിച്ച് നാടുവിട്ടവര്‍ക്ക് നേരെ ഇസ്രഈല്‍ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തില്‍ നിരവധിയാളുകള്‍ തെരുവുകളില്‍ മരിച്ചുവീണതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു.
Content Highlights: Israel attack in Al Maghazi refugee camp