ഇരുനൂറു മീറ്റര്‍ അകലത്ത് ഇസ്രാഈല്‍ കെട്ടിത്തിരിച്ച മതിലുകള്‍ക്കും മുള്ളുവേലികള്‍ക്കുമപ്പുറം താമസിക്കുന്ന കുടുംബത്തിനടുത്തെത്താന്‍ മുസ്തഫ നടത്തുന്ന സാഹസങ്ങളുടെയും ഏറ്റുവാങ്ങുന്ന അപമാനങ്ങളുടെയും ഒരു ദിവസത്തിലേറെ നീണ്ടു നില്‍ക്കുന്ന ഭീതിജനകമായ യാത്രയുടെയും കഥയാണ് കഴിഞ്ഞ IFFK യില്‍ പ്രദര്‍ശിപ്പിച്ച 200 meters എന്ന സിനിമ.
ഇസ്രാഈല്‍ കയ്യേറി കൈവശം വച്ച് മതിലു കെട്ടി തിരിക്കുന്ന ഇടങ്ങളിലേക്ക് കുടുംബക്കാരെ കാണാനോ ആശുപത്രിയില്‍ പോവാനോ ജോലി ചെയ്യാനോ പോകേണ്ടി വരുമ്പോള്‍ പ്രവേശന പാസ് കിട്ടുന്നതു മുതല്‍ ബാഗ് പരിശോധനയും ദേഹപരിശോധനയും വിദ്വേഷവും പരിഹാസവും കലര്‍ന്ന വാക്കുകളുമടക്കം ഒരു ഫലസ്തീനിയന്‍ പൗരന്‍ ഏറ്റുവാങ്ങേണ്ടി വരുന്ന അപമാനങ്ങള്‍ ആ സിനിമയില്‍ സൂക്ഷ്മമായി കാണാനാവും.
രാജ്യാന്തര മാദ്ധ്യമങ്ങള്‍ മുതല്‍ പ്രാദേശിക മാദ്ധ്യമങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്യുമ്പോലെ ഇസ്രാഈലിനും ഫലസ്തീനും ഇടയിലുള്ളത് രണ്ട് രാഷ്ട്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമല്ല. ഈ രക്തച്ചൊരിച്ചിലുകള്‍ ഒരു യുദ്ധത്തിന്റെ സൃഷ്ടിയുമല്ല. ഇസ്രാഈലിന്റെ ഏകപക്ഷീയമായ കടന്നാക്രമണങ്ങളാണ്.
‘ ഇസ്രാഈല്‍ ഒക്യുപ്പെഡ് ഫലസ്തീന്‍’ പ്രദേശങ്ങളുടെ ഭൂവിസ്തൃതി വര്‍ഷാവര്‍ഷങ്ങളില്‍ വര്‍ദ്ധിച്ചു വരുന്നതിന്റെ ഭൂപട ചിത്രങ്ങള്‍ പരിശോധിച്ചാല്‍ അതറിയാന്‍ സാധിക്കും. ഒരു ജനത അവരെ നയിക്കാന്‍ തെരെഞ്ഞെടുത്ത ഹമാസ് നമുക്ക് ഇപ്പോഴും ഒരു ഭീകര സംഘടനയാണ്. ന്യായീകരിക്കാനാവാത്ത അധിനിവേശങ്ങളും സമാനതകളില്ലാത്ത ക്രൂരതകള്‍ പലസ്തീനിയന്‍ ജനതയോട് കാണിക്കുന്ന ഇസ്രാഈല്‍ ഒരു ആധികാരിക രാഷ്ട്ര രൂപവും.
മുഖ്യധാര മാദ്ധ്യമങ്ങള്‍ സൃഷ്ടിക്കുന്ന നരേറ്റീവുകളുടെയും പൊതുബോധത്തിന്റെയും അറബ് വിരുദ്ധ / മുസ്ലിം വിരുദ്ധ മനോഭാവത്തിന്റെ സൃഷ്ടിയാണത്.
സ്വയം നിര്‍ണ്ണയാവകാശമുള്ള ഒരു രാഷ്ട്രമെന്ന ഫലസ്തീനിയന്‍ ജനതയുടെ അഭിലാഷങ്ങള്‍ക്ക് അവര്‍ തുര്‍ക്കിക്ക് കീഴിലായിരുന്ന കാലത്തോളം പഴക്കമുണ്ട്. ഒന്നാം ലോക മഹായുദ്ധാനന്തരം നടന്ന രാജ്യാന്തര സമാധാന വിനിമയങ്ങളില്‍ ബ്രിട്ടണ്‍, ഫ്രാന്‍സ് തുടങ്ങിയ രാഷ്ട്രങ്ങളടക്കം സ്വതന്ത്ര ഫലസ്തീനെ പിന്തുണയ്ക്കുന്നുണ്ട്.
പക്ഷേ ഔപചാരിക വേദികളില്‍ ഫലസ്തീനു വേണ്ടി സംസാരിച്ച ബ്രിട്ടണ്‍ ആ ദേശത്തിന്റെ ആധിപത്യമേറ്റെടുത്തതോടെയാണ് സയണിസ്റ്റ് വികാരമുയര്‍ത്തിപ്പിടിച്ച ജൂതരുടെ ഒഴുക്ക് അവിടേക്കുണ്ടായത്. ഭാഷയെയും ഭൂമിശാസ്ത്ര സവിശേഷതകളെയും മുന്‍ നിര്‍ത്തി ആധുനിക ജനാധിപത്യ ദേശരാഷ്ട്രങ്ങള്‍ രൂപീകൃതമാവുന്ന ചരിത്ര സന്ദര്‍ഭത്തില്‍ മതത്തെ മുന്നില്‍ നിര്‍ത്തിയുള്ള ഒരു രാഷ്ട്ര രൂപീകരണത്തിന്റെ ഗൂഢാലോചനയും നിര്‍വഹണവുമാണ് പിന്നീട് ഘട്ടം ഘട്ടമായി നടന്നത്.
രണ്ടാം ലോകയുദ്ധ സന്ദര്‍ഭത്തില്‍ ഹിറ്റ്‌ലറുടെ ജര്‍മ്മനിയില്‍ നടന്ന ജൂത ഹോളോകാസ്റ്റ് ഫലസ്തീനിലേക്കുള്ള ജൂത പ്രവാഹത്തിന്റെ തോതുകൂട്ടി. 1930 കളുടെ പകുതി കഴിയുമ്പോഴേക്കും ഫലസ്തീന്റെ ജനസംഖ്യയില്‍ പകുതിയോളം ജൂതരാവുന്നുണ്ട്.
ലോകത്തെ വിവിധ ഭാഷ സംസാരിക്കുന്ന, പല തലമുറകളില്‍ പല ദേശ സംസ്‌കൃതികളില്‍ ഇഴുകിച്ചേര്‍ന്ന ജൂതര്‍ ഒത്തൊരുമിച്ചൊരു ദേശവും ഒരു ഭാഷയുമാവുന്നത് കണ്ണഞ്ചിക്കുന്ന വേഗത്തിലാണ്. പക്ഷേ , ഹിറ്റ്‌ലറുടെ കാലത്ത് ഏറ്റവും വലിയ പീഢാനുഭവങ്ങള്‍ ഏറ്റുവാങ്ങിയവര്‍ അതിലേറെ ക്രൂരമായി ഫലസ്തീനിലെ അറബികളോട് പെരുമാറുന്നതാണ് പിന്നീട് ലോകം കണ്ടത്.
മതപ്രമാണങ്ങളല്ലാതെ, ക്രിസ്തുവിന്റെ പിറവി തൊട്ടിങ്ങോട്ടുള്ള ഒരു കാലത്തും ജൂതരുടേതാണ് ഈ ഭൂമി എന്നതിന് തെളിവുകളൊന്നുമില്ല. ബഹുമത / ബഹുഭാഷാ ദേശീയതകളിലേക്ക് ലോകം വികസിക്കുന്ന ഒരു കാലത്താണ് ജൂതരുടെ വാഗ്ദത്ത രാഷ്ട്രം എന്ന മിത്തിനെ മുന്‍നിര്‍ത്തി ഒരു ദേശത്തെ നിലക്കാത്ത രക്തപ്രവാഹത്തിലേക്ക് തള്ളിവിട്ടത്.
ചരിത്രം ഒരിക്കലും വന്ന വഴികളിലൂടെ തിരികെപ്പോവുകയില്ല. എല്ലായ്‌പോഴും ശരികളും നീതിയും വിജയിച്ച ഒരു മുത്തശ്ശിക്കഥയുമല്ല. ഏത് ഗൂഢാലോചനയുടെയും നീതികേടിന്റെയും ചരിത്രമുണ്ടായാലും ഇസ്രായേല്‍ ഒരു രാഷ്ട്രമാണ്. അതൊരു യാഥാര്‍ത്ഥ്യമാണ്. വെസ്റ്റ് ബാങ്കിലും ഗാസയിലും പിന്നെ ഇസ്രാഈല്‍ ഇപ്പോഴും ഒക്യുപൈ ചെയ്ത് മുള്ളുവേലികള്‍ കെട്ടിക്കൊണ്ടിരിക്കുന്നുവെന്നതും യാഥാര്‍ത്ഥ്യമാണ്.
ഈ മുള്ളുവേലികള്‍ക്കിടയില്‍ മനുഷ്യരനുഭവിക്കുന്ന അപമാനവും വേദനയും യാഥാര്‍ത്ഥ്യമാണ്. ഓരോ സൈനിക നീക്കങ്ങളിലും ദൂരദേശങ്ങളിലേക്ക് ഓടിപ്പോവേണ്ടി വരുന്ന ഫലസ്തീനിയന്‍ മനുഷ്യരും യാഥാര്‍ത്ഥ്യമാണ്. വേദനാജനകമെങ്കിലും ഈ യാഥാര്‍ത്ഥ്യങ്ങള്‍ തമ്മിലംഗീകരിക്കുക എന്നത് മാത്രമാവും പോംവഴി എന്ന് തോന്നുന്നു. പില്ക്കാല അധിനിവേശ ഭൂമിയെങ്കിലും അറബ് ജനതയ്ക്ക് വിട്ടു നല്‍കാനും അവരെ മുള്ളുവേലികളില്‍ നിന്ന് സ്വതന്ത്രരാക്കാനും ഇസ്രായേലിന് കഴിയുമോ ?