ബെയ്റൂട്ട്: ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രഈൽ നടത്തിയ ആസൂത്രിത ആക്രമണത്തിൽ ഹമാസിന്റെ ഉപ മേധാവി സാലിഹ് അൽ അരൂരി കൊല്ലപ്പെട്ടതായി റിപ്പോർട്ട്.
ഹമാസ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ഫൂട്ടേജിൽ തെക്കൻ ബെയ്റൂട്ടിലെ നിരവധി വാഹനങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കാണാം.
സ്ഫോടനം നടന്ന ദഹിയെഹ് എന്ന ജനവാസമേഖല ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമാണെന്ന് ഹമാസിന്റെയും നിരവധി ഓഫീസുകൾ ഇവിടെയുണ്ടെന്നും മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്തു.
ഹമാസിന്റെ സൈനിക വിഭാഗം അൽ ഖസം ബ്രിഗേഡിലെ രണ്ട് കമാൻഡർമാരും കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു.
സ്ഫോടനത്തെ അപലപിച്ച ലെബനീസ് പ്രധാനമന്ത്രി നജീബ് മികാത്തി ഇസ്രഈലിന്റെ ഏറ്റവും പുതിയ കുറ്റകൃത്യമെന്ന് ആരോപിച്ചു.
എന്നാൽ സംഭവത്തിൽ ഇസ്രഈൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഹമാസിന്റെ രാഷ്ട്രീയ ബ്യൂറോയുടെ ഉപ മേധാവിയായ അരൂരി വെസ്റ്റ് ബാങ്കിലെ ഹമാസിന്റെ പ്രവർത്തനങ്ങളും നിയന്ത്രിച്ചിരുന്നു. അൽ ഖസം ബ്രിഗേഡിന്റെ സ്ഥാപക നേതാക്കളിൽ ഒരാൾ കൂടിയാണ് അരൂരി.
കഴിഞ്ഞ മാസം ഗസയിലെ ആക്രമണങ്ങൾ ഇസ്രഈൽ അവസാനിപ്പിക്കാതെ ബന്ദി കൈമാറ്റ ഉടമ്പടിയിൽ ചർച്ചകൾ ഉണ്ടാകില്ലെന്ന് കൊല്ലപ്പെട്ട അരൂരി പറഞ്ഞിരുന്നു.
ഇസ്രഈലിന്റെ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിനോട് എവിടെ നിന്നായാലും ഹമാസിന്റെ മുഴുവൻ നേതാക്കളെയും കൊന്നുകളയാൻ ഇസ്രഈലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിർദേശം നൽകിയിരുന്നു.
ലെബനനിലും ഖത്തറിലും തുർക്കിയിലും വെച്ച് ഹമാസിന്റെ നേതാക്കളെ കൊലപ്പെടുത്തുമെന്ന് ഇസ്രഈൽ പല പ്രാവശ്യം പറഞ്ഞിരുന്നു.
Content Highlight: Israel assassinates Hamas leader Saleh al-Arouri in Lebanon’s Beirut