| Friday, 17th May 2024, 7:56 pm

റഫയിൽ നിന്ന് പിൻമാറണമെന്ന ദക്ഷിണാഫ്രിക്കയുടെ ആവശ്യം അംഗീകരിക്കരുത്; അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇസ്രഈൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹേഗ്: ഗസയിൽ നിന്ന് പിൻവാങ്ങാനും റഫക്കെതിരായ സൈനിക ആക്രമണം അവസാനിപ്പിക്കാനും ഉത്തരവിടണമെന്ന ദക്ഷിണാഫ്രിക്കയുടെ അഭ്യർത്ഥന അംഗീകരിക്കരുതെന്ന് ഇസ്രഈൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ.

ദക്ഷിണാഫ്രിക്കയുടെ കേസ് വസ്തുതാരഹിതമാണെന്നും വംശഹഹത്യാ ആരോപണങ്ങൾ ഉന്നയിച്ച് പരിഹസിക്കാനാണ് ശ്രമിക്കുന്നതെന്നും ഇസ്രഈൽ പ്രതിനിധികൾ കോടതിയിൽ പറഞ്ഞു.

മനുഷ്യരാശിയുടെ രക്ഷകനാകാനാണ് ദക്ഷിണാഫ്രിക്ക ശ്രമിക്കുന്നത്. എന്നാൽ ഇതിന് പിന്നിൽ അവർക്ക് ഗൂഢലക്ഷ്യങ്ങളുണ്ട്. അവരുടെ സഖ്യ കക്ഷിയായ ഒരിക്കലും തോൽക്കാൻ ആഗ്രഹിക്കാത്ത ഹമാസിന്റെ സൈനിക നേട്ടത്തിന് വേണ്ടിയാണ് ദക്ഷിണാഫ്രിക്ക ശ്രമിക്കുന്നതെന്ന് ഇസ്രഈലിന്റെ ഡെപ്യൂട്ടി അറ്റോർണി ജനറൽ ഗിലാഡ് നോം കോടതിയിൽ പറഞ്ഞു.

ഹമാസിന്റെ ഒരു പ്രതിനിധി സംഘവുമായി ദക്ഷിണാഫ്രിക്ക കൂടിക്കാഴ്ച നടത്തിയെന്നും അവിടെ ബന്ദികളെ മോചിപ്പിക്കാനോ സാധാരണക്കാരുടെ സംരക്ഷണത്തിനോ വേണ്ടി അവർ വാദിച്ചില്ലെന്നും ഇസ്രഈൽ ആരോപിച്ചു. പകരം ഇസ്രഈലിനെതിരെ പ്രചരണം നടത്തുകയാണ് ദക്ഷിണാഫ്രിക്ക ചെയ്യുന്നതെന്നും ഇസ്രഈൽ കൂട്ടിച്ചേർത്തു.

വ്യാഴാഴ്ചയാണ് ഇസ്രഈലിനെതിരെ ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ വാദം നടത്തിയത്. ഇസ്രഈലിനെ വംശഹത്യയിൽ നിന്ന് തടയണമെന്നും ദക്ഷിണാഫ്രിക്ക കോടതിയിൽ ആവശ്യപ്പെട്ടു.

റഫയിൽ നിന്ന് ഇസ്രഈൽ സേന പിൻമാറാൻ കോടതി ഉത്തരവിടണമെന്നും ദക്ഷിണാഫ്രിക്ക ആവശ്യപ്പെട്ടു. ആക്രമണം തുടർന്നാൽ അത് ഫലസ്തീനികളുടെ നിലനിൽപ്പിന് അപകടമാകുമെന്ന് ദക്ഷിണാഫ്രിക്ക കോടതിയിൽ പറഞ്ഞു. ഇസ്രഈൽ ഗസയിൽ നടത്തുന്നത് വംശഹത്യയാണെന്നും ദക്ഷിണാഫ്രിക്ക ഹരജിയിൽ കൂട്ടിച്ചേർത്തു. എന്നാൽ ദക്ഷിണാഫ്രിക്കയുടെ വാദങ്ങളെല്ലാം നിഷേധിച്ച ഇസ്രഈൽ കേസ് അടിസ്ഥാന രഹിതമാണെന്ന് അവകാശപ്പെട്ടു.

ഐ.സി.ജെയിൽ ദക്ഷിണാഫ്രിക്ക നൽകിയ പരാതിയെ ഈജിപ്ത്തും പിന്തുണച്ചിട്ടുണ്ട്. ദശലക്ഷക്കണക്കിന് ഫലസ്തീനികൾ അഭയം പ്രാപിച്ച റഫയെ ആക്രമിക്കാനുള്ള ഇസ്രഈലിന്റെ തീരുമാനമാണ് ദക്ഷിണാഫ്രിക്കയെ പിന്തുണക്കാൻ കാരണമെന്ന് ഈജിപ്ത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Content Highlight: Israel asks ICJ to reject South Africa’s request that it end Rafah offensive

We use cookies to give you the best possible experience. Learn more