| Sunday, 23rd April 2023, 11:42 pm

ആയുധക്കടത്ത് ആരോപിച്ച് ജോര്‍ദ്ദാന്‍ എം.പിയെ ഇസ്രഈല്‍ സൈന്യം അറസ്റ്റ് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമ്മാന്‍: വെസ്റ്റ് ബാങ്കിലേക്ക് ആയുധങ്ങള്‍ കടത്തിയെന്നാരോപിച്ച് ജോര്‍ദ്ദാന്‍ എം.പിയെ ഇസ്രഈല്‍ സൈന്യം അറസ്റ്റ് ചെയ്തു. ജോര്‍ദ്ദാനിലെ സാള്‍ട്ട് സിറ്റിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം ഇമാദ് അല്‍ അദ് വാനെയാണ് ഇസ്രഈല്‍ അറസ്റ്റ് ചെയ്തതെന്ന് ജോര്‍ദ്ദാന്‍ വിദേശ കാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.

ഞായറാഴ്ച്ച വൈകീട്ടോടെ ഫലസ്തീനിലെ വെസ്റ്റ് ബാങ്കിനടുത്തുള്ള ആല്ലന്‍ബി ബോര്‍ഡറിനടുത്ത് വെച്ചാണ് ഇമാദിനെ സൈന്യം കസ്റ്റഡിയിലെടുത്തതെന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.

അഭിഭാഷകനും ജോര്‍ദ്ദാനിലെ ഫലസ്തീന്‍ കമ്മിറ്റി മെമ്പറുമായ അദ് വാന്റെ വാഹനത്തില്‍ നിന്ന് സ്വര്‍ണവും തോക്കുകളും കണ്ടെത്തിയെന്നാരോപിച്ചാണ് ഇസ്രഈല്‍ കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോര്‍ട്ട്.

ഇമാദിന്റെ മോചനത്തിനായി പരിശ്രമിക്കുകയാണെന്നും എത്രയും വേഗം അദ്ദേഹത്തെ മോചിപ്പിക്കുമെന്നും ജോര്‍ദ്ദാന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.

‘ഇസ്രഈല്‍ അറസ്റ്റ് ചെയ്ത ഇമാദ് അല്‍ അദ്‌വാന്റെ മോചനത്തിനായി സാധ്യമായ നടപടികളെല്ലാം തന്നെ ഞങ്ങള്‍ കൈകൊള്ളുന്നതാണ്. തോക്കുകളും സ്വര്‍ണവും രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും മന്ത്രാലയങ്ങളുമായും ചര്‍ച്ച ചെയ്ത് തുടര്‍ നടപടികള്‍ ആലോചിക്കുന്നതാണ്. എത്രയും വേഗം അദ്ദേഹത്തെ മോചിപ്പിക്കുമെന്നാണ് കരുതുന്നത്.’ ജോര്‍ദ്ദാന്‍ വാര്‍ത്ത കുറിപ്പില്‍ പറഞ്ഞു.

ഇമാദിന്റെ മോചനത്തിനായി എത്രയും വേഗം നടപടികള്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ജോര്‍ദാന്‍ എം.പി ഖലീല്‍ അതിയ്യയും രംഗത്തെത്തിയിട്ടുണ്ട്. ഇസ്രഈല്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തി ഇമാദിനെ ഉടന്‍ തന്നെ മോചിപ്പിക്കണമെന്നാണ് ജോര്‍ദ്ദാന്‍ സര്‍ക്കാരിനയച്ച കത്തില്‍ ഖലീല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം ഇമാദിന്റെ കയ്യില്‍ നിന്ന് പിടച്ചെടുത്തതാണെന്ന തരത്തില്‍ ആയുധങ്ങളുടെ വീഡിയോ ടൈംസ് ഓഫ് ഇസ്രഈല്‍ പുറത്ത് വിട്ടിട്ടുണ്ട്. മൂന്ന് ബാഗുകളില്‍ നിന്നായി പിടിച്ചെടുത്തതാണെന്ന തരത്തില്‍ 100 കിലോ സ്വര്‍ണ്ണവും 12 മെഷീന്‍ ഗണ്ണുകളും 270 മീഡിയം റിവോള്‍വറുകളുടെയും വീഡിയോയാണ് ഇസ്രഈല്‍ മാധ്യമം പുറത്ത് വിട്ടത്.

എന്നാല്‍ വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിക്കാന്‍ ഇസ്രഈല്‍ ഇതുവരെ തയ്യാറായിട്ടില്ല.

Content Highlight: Israel arrest Jordanian mp in west bank

We use cookies to give you the best possible experience. Learn more