ഫലസ്തീനികളെ ഗസയിൽ നിന്ന് കുടിയൊഴിപ്പിക്കാനൊരുങ്ങി ഇസ്രഈൽ സൈന്യം
Worldnews
ഫലസ്തീനികളെ ഗസയിൽ നിന്ന് കുടിയൊഴിപ്പിക്കാനൊരുങ്ങി ഇസ്രഈൽ സൈന്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th July 2024, 8:08 am

ഗസ: ഫലസ്തീൻ ജനതയോട് ഗസയിൽ നിന്ന് ഒഴിഞ്ഞ് പോകാൻ ആവശ്യപ്പെട്ട് ഇസ്രഈൽ സൈന്യം. ഗസയിൽ ബോംബ് ആക്രമണം ശക്തമാക്കുകയാണെന്നും ഒഴിഞ്ഞ് പോകണമെന്നും ആവശ്യപ്പെട്ടുള്ള ലഖുലേഖകൾ ഇസ്രഈൽ സൈന്യം വ്യോമ മാർഗം വിതരണം ചെയ്തു.
ഫലസ്തീൻ അഭയാർത്ഥികൾക്കായുള്ള യു.എൻ ഏജൻസിയുടെ ഓഫീസിന് മുകളിൽ ബോംബ് വർഷം തുടരുന്നതിനിടെയാണ് ഇസ്രഈൽ സൈന്യത്തിന്റെ മുന്നറിയിപ്പ്.

‘ഗസ നഗരത്തിലെ എല്ലാവരും ‘ എന്ന തലക്കെട്ടോടുകൂടി പുറത്ത് വിട്ട ലഖുലേഖകളിൽ ഗസയുടെ തെക്കൻ പ്രദേശത്തേക്ക് ജനങ്ങളോട് പലായനം ചെയ്യാൻ ആവശ്യപ്പെടുന്നു. അതോടൊപ്പം നിലവിൽ അരലക്ഷത്തിലധികം ജനങ്ങൾ താമസിക്കുന്ന നഗരപ്രദേശം അപകട മേഖലയായി പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്. ഹമാസിനെ ലക്ഷ്യം വെച്ചുള്ള ആക്രമണമാണ് നടക്കുന്നതെന്നാണ് ഇസ്രഈലിന്റെ വാദം. സുരക്ഷിത പ്രദേശത്തേക്ക് പോകാനുള്ള വഴികൾ സൈന്യം സജ്ജമാക്കിയിട്ടുണ്ടെന്നും ലഖുലേഖയിൽ പറയുന്നു.

ജൂൺ 27ന് നഗരത്തിലെ ഒരു ഭാഗത്ത് നിന്ന് ജനങ്ങളോട് ഒഴിഞ്ഞ് പോകാൻ ഇസ്രഈൽ സൈന്യം ആവശ്യപ്പെട്ടിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ രണ്ട് പ്രദേശങ്ങൾ കൂടി ഒഴിയാൻ ആവശ്യപ്പെട്ടു.

ഗസ സിറ്റിയിൽ നിന്ന് അൽ-ബാലയിലെയും അൽ-സാവിയയിലെയും ഷെൽട്ടറുകളിലേക്ക് താമസക്കാർക്ക് രണ്ട് സുരക്ഷിത റോഡുകൾ ഒരുക്കിയിട്ടുണ്ടെന്നും പരിശോധന കൂടാതെ തന്നെ ജനങ്ങൾക്ക് ഈ വഴിയിലൂടെ കടന്ന് പോകാമെന്നും ലഖുലേഖയിൽ സൈന്യം പറയുന്നുണ്ട്.

 

നഗരത്തിലെ ഷുജയ്യ ജില്ലയിൽ ഇസ്രാഈൽ സൈന്യം ആക്രമണം അഴിച്ച് വിടുകയും കരയുദ്ധങ്ങൾ രൂക്ഷമാവുകയും ചെയ്തതോടെ പതിനായിരക്കണക്കിന് ജനങ്ങൾ ഇതിനകം ഗസ വിട്ട് പലായനം ചെയ്തിട്ടുണ്ട്.

ഫലസ്തീനികൾക്കായുള്ള യു.എൻ ഏജൻസിയായ യു.എൻ. ആർ. ഡബ്ള്യു.എയുടെ ഗസയിലെ ആസ്ഥാനത്തിനുള്ളിൽ ഇസ്രാഈൽ സൈന്യം ആക്രമണം നടത്തിയിരുന്നു. അതോടൊപ്പം ഫലസ്തീനികളോട് സുരക്ഷിതമെന്ന് പറഞ്ഞ പ്രദേശമായ അൽ ബാലയിലും ഇസ്രഈൽ സൈന്യം ആക്രമണം നടത്തിയിട്ടുണ്ട്.

ഇസ്രഈലിന്റെ ഒഴിപ്പിക്കൽ ഉത്തരവിൽ ഐക്യരാഷ്ട്ര സഭ ആശങ്ക പ്രകടിപ്പിച്ചു. യുദ്ധം നടക്കുന്ന മേഖലകളിലേക്ക് പോകാൻ അവർ ഫലസ്തീൻ ജനതയോട് പറയുന്നു എന്നാണ് ഐക്യരാഷ്ട്ര സഭ പ്രതികരിച്ചത്.

ഇസ്രഈൽ സൈനിക ആക്രമണങ്ങളിൽ ഇതുവരെ ഗാസയിൽ കുറഞ്ഞത് 38 ,243 പേർ കൊല്ലപ്പെട്ടെന്നാണ് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകളിൽ പറയുന്നത്.

 

 

Content Highlight: Israel army tells all gaza city residents to flee heavy battles