ജെറുസലേം: വടക്കൻ ഗസയിലെ കമാൽ അദ്‌വാൻ ആശുപത്രിയിൽ വ്യാപകമായി റെയ്ഡ് നടത്തി ഇസ്രഈൽ സൈന്യം. ആഴ്ചകളോളം നീണ്ടുനിന്ന ഉപരോധത്തിനും ഷെല്ലാക്രമണത്തിനും ശേഷമാണ് ഇസ്രഈൽ സൈന്യം ആശുപത്രിയിൽ റെയ്ഡ് നടത്തിയതെന്ന് ഫലസ്തീൻ പ്രതിരോധ മന്ത്രാലയം മാധ്യമങ്ങളോട് പറഞ്ഞു.
ബെയ്ത്ത് ലാഹിയയിലെ ആശുപത്രിയുടെ പരിസരങ്ങളിൽ മെഡിക്കൽ സ്റ്റാഫ് ഉൾപ്പെടെയുള്ള പുരുഷന്മാരെയും ആൺകുട്ടികളെയും ഇസ്രഈൽ സൈന്യം വളഞ്ഞാക്രമിക്കുകയാണെന്ന് മന്ത്രാലയ വക്താവ് അഷ്‌റഫ് അൽ ഖുദ്ര ചൂണ്ടിക്കാട്ടി. സൈന്യത്തിന്റെ നടപടികളേയും മെഡിക്കൽ ടീമുകളുടെ അറസ്റ്റിനേയും ഇസ്രഈൽ ഫലസ്തീനിൽ നടത്തുന്ന കൊലപാതകങ്ങളേയും തങ്ങൾ ഭയപെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രഈൽ അധിനിവേശത്തിനെതിരെ അന്താരാഷ്ട്ര ഇടപെടലുകൾ വേണമെന്നും അഷ്‌റഫ് അൽ ഖുദ്ര ചൂണ്ടിക്കാട്ടി. ഗസയിലെ ആശുപത്രികളിൽ കഴിയുന്നവരുടെ ജീവൻ രക്ഷിക്കാൻ ഉടനടി ഇടപെടലുകൾ നടത്തണമെന്നും ഖുദ്ര ഐക്യരാഷ്ട്രസഭയോടും ലോകാരോഗ്യ സംഘടനയോടും ഇന്റർനാഷണൽ റെഡ് ക്രോസ് കമ്മിറ്റിയോടും ആവശ്യപ്പെട്ടു.
കനത്ത വെടിവെപ്പിനും പീരങ്കി ഉപയോഗിച്ചുള്ള ഷെല്ലാക്രമണത്തിനും കീഴിലാണ് ആശുപത്രിയിൽ റെയ്ഡ് നടക്കുന്നതെന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു. ആശുപത്രികളിലെ മുഴുവൻ സൗകര്യങ്ങളും കടുത്ത ബോംബാക്രമണം നേരിടുന്നുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 15 വയസിന് മുകളിലുള്ള എല്ലാവരെയും ഇസ്രഈൽ സൈന്യം വ്യാപകമായി ഉപദ്രവിക്കുണ്ടെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ഇസ്രഈൽ സൈനികർ ആശുപത്രികളിലെ സുരക്ഷാ ഉദ്യോഗസ്ഥരോട് അവരുടെ സ്വയം രക്ഷാ ആയുധങ്ങൾ കൈമാറ്റം ചെയ്യാനായി നിർബന്ധിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
കൂടാതെ കമാൽ അദ്‌വാന്റെ മെറ്റേണിറ്റി ഡിപ്പാർട്ട്‌മെന്റിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് അമ്മമാർ കൊല്ലപ്പെട്ടതായി യു.എൻ മാനുഷിക ഏജൻസിയായ ഒ.സി.എച്ച്.എ അറിയിച്ചു. ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) കണക്കുകൾ അനുസരിച്ച് ഗസയിലെ 36 ആശുപത്രികളിൽ 11 എണ്ണം മാത്രമാണ് നിലവിൽ പ്രവർത്തനക്ഷമമായിരിക്കുന്നത്.
നിലവിലെ കണക്കുകൾ പ്രകാരം ഗസയിൽ ഇസ്രഈൽ നടത്തിയ ആക്രമണത്തിൽ 17,000ത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടതായാണ് വ്യക്തമാവുന്നത്.
Content Highlight: Israel army raids hospitals in Gaza again