| Tuesday, 27th August 2024, 2:19 pm

ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച യുവാവിനെ കൊലപ്പെടുത്തി; ഭിന്നശേഷിക്കാരെ പ്രത്യേകം ലക്ഷ്യമിട്ട് ഇസ്രഈല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ സിറ്റി: ഇസ്രഈല്‍-ഫലസ്തീന്‍ യുദ്ധത്തിനിടെ ഫലസ്തീന്‍ വംശജനായ ഭിന്നശേഷിക്കാരനെ ഇസ്രഈല്‍ സൈന്യം വധിച്ചതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു. ഖാന്‍ യൂനുസ് സ്വദേശിയായ അഹമ്മദ് സയീദ് മസൂദ് അല്‍ അബ്ദല്‍(29) ആണ് കൊല്ലപ്പെട്ടത്. ഡൗണ്‍ സിന്‍ഡ്രോം ബാധിതനായ അഹമ്മദിന്റെ കാല്‍ ഇസ്രഈല്‍ സൈന്യം മുറിച്ച് മാറ്റിയെന്നും ഡോണാക്രമണത്തില്‍ അവനെ കൊലപ്പെടുത്തിയെന്നും കുടുംബം ആരോപിച്ചു.

ഒമ്പത് മാസം മുമ്പാണ് യുദ്ധത്തെതുടര്‍ന്ന് അഹമ്മദും കുടുംബവും അല്-ഖരാറയിലെ വീട്ടില്‍ നിന്ന് ഖാന്‍ യൂനുസിലെ ഒരു ടെന്റിലേക്ക് സഹോദരനും അമ്മയ്ക്കുമൊപ്പം താമസം മാറ്റുന്നത്. എന്നാല്‍ കൊല്ലപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പ് ആക്രമണത്തില്‍ തകര്‍ന്ന തന്റെ വീട് സന്ദര്‍ശിക്കാന്‍ പോയ അഹമ്മദിനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന നടത്തിയ തെരച്ചിലില്‍ അഹമ്മദിന്റെ ജീര്‍ണിച്ച ശരീരമാണ് കുടുംബത്തിന് ലഭിച്ചത്.

‘അഹമ്മദിന് അവന്റെ അവസ്ഥയിലുള്ള ഒരാളേക്കാള്‍ അസാധാരണമായ വൈജ്ഞാനിക ശേഷിയുണ്ടായിരുന്നു. കുട്ടിക്കാലത്ത് അവന്‍ പഠിച്ചിരുന്ന ഭിന്നശേഷിക്കാരുടെ സ്‌കൂളിലെ ഏറ്റവും മിടുക്കനായ വിദ്യാര്‍ത്ഥിക്കുള്ള പുരസ്‌കാരം അവന് ലഭിച്ചിരുന്നു. അവന്‍ എല്ലാവരോടും നന്നായി ആശയവിനിമയം നടത്തുമായിരുന്നു. അതിനാല്‍ അവന്‍ തനിച്ച് പുറത്ത് പോകുന്നതില്‍ ഞങ്ങള്‍ക്ക് ആശങ്കയില്ലായിരുന്നു.

പലപ്പോഴും അവന്‍ ബന്ധുവീടുകള്‍ സന്ദര്‍ശിക്കും. ഒരുപക്ഷേ നേരം വൈകിയാല്‍ ഞങ്ങള്‍ ചീത്ത പറയുന്നതിനാല്‍ ബന്ധുക്കളോട് അവനെ തിരിച്ച് വീട്ടില്‍ കൊണ്ടുവിടാന്‍ പറയും. അത്രയും ബുദ്ധിശാലിയായിരുന്നു അവന്‍,’ അഹമ്മദിന്റെ സഹോദരന്‍ ഫെറാസ് പറഞ്ഞു.

അഹമ്മദിന്റെ അല്‍-ഖരാറയിലെ വീടിന് സമീപത്ത് ഇടയ്ക്കിടെ സൈന്യം നുഴഞ്ഞുകയറുന്നതിനാല്‍ വീട് പരിശോധിക്കാന്‍ അഹമ്മദും ഫെറാസും ഇടയ്ക്കിടെ പോകാറുണ്ടായിരുന്നു. അത്തരത്തില്‍ ഒരു യാത്രയ്ക്കായി ഫെറാസ് പോയ ദിവസമാണ് സഹോദരനെ കാണാതാവുന്നത്.

‘അവനും അന്ന് വീട് പരിശോധിക്കാന്‍ പോയതായിരിക്കും. സഹായത്തിനായി മാനസിക വെല്ലുവിളി നേരിടുന്ന ഞങ്ങളുടെ ഒരു ബന്ധുവിനേയും കൂടെ കൂട്ടിയിരുന്നു. എന്നാല്‍ ഒമ്പത് മണിയായിട്ടും അവന്‍ തിരിച്ച് വരാതായതോടെ ഞാന്‍ പൊലീസില്‍ പരാതി നല്കി. തുടര്‍ന്ന് റെഡ് ക്രോസിന്റെ സഹായത്തോടെ അടുത്ത ദിവസം സമീപത്തെ ആശുപത്രികളിലെല്ലാം പരിശോധന നടത്തി. പിന്നീട് രണ്ട് ദിവസത്തിന് ശേഷം അവന്‍ കൊല്ലപ്പെട്ടതായി ഞങ്ങള്‍ക്ക് വിവരം ലഭിച്ചു.

ഞങ്ങളുടെ വീടിന് സമീപത്തായിരുന്നു അവന്റെ ബോഡി കിടന്നിരുന്നത്. എന്നാല്‍ അതിന് രണ്ട് ദിവസത്തിന്റെ പഴക്കം ഉണ്ടായിരുന്നു. എന്നാല്‍ അവന്റെ നെഞ്ചില്‍ ഒരു വലിയ മുറിവ് ഉണ്ടായിരുന്നു. മൃതദേഹം കിടന്നിടത്ത് ഒരു വലിയ ഗര്‍ത്തവും ഉണ്ടായിരുന്നു.

അവന്റെ കാല്‍ മുറിച്ച് മാറ്റിയ നിലയിലായിരുന്നു. ഒടുവില്‍ അവന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷമാണ് പിന്നീട് അത് ലഭിക്കുന്നത്. ഈ വിഷയം ഞാന്‍ റെഡ് ക്രോസിനെ അറിയിച്ചപ്പോള്‍ അവര്‍ പറഞ്ഞത് ഇത് ഒറ്റപ്പെട്ട സംഭവം അല്ല എന്നാണ്,’ ഫെറാസ് പ്രതികരിച്ചു.

ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷം ആരംഭിച്ചത് മുതല്‍ ഇസ്രഈല്‍ സൈന്യം ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച വ്യക്തകളെ ക്രൂരമായി കൊലപ്പെടുത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കഴിഞ്ഞ ജൂലൈയില്‍ മുബമ്മദ് ബര്‍ എന്ന ഡൗണ്‍ സിന്‍ഡ്രോം ബാധിതനെ ഇസ്രഈല്‍ സൈന്യം പട്ടിയെ ഉപയോഗിച്ച് കൊലപ്പെടുത്തിയത് ഏറെ ചര്‍ച്ചയായിരുന്നു.

Content Highlight: Israel Army kills Down syndrome boy during incursion

We use cookies to give you the best possible experience. Learn more