മ്യാന്മര്‍: റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്കെതിരെ മ്യാന്മര്‍ സൈനിക നീക്കം തുടരുന്നതിനിടയില്‍ ഇസ്രാഈല്‍ മ്യാന്‍മറിനു വന്‍തോതില്‍ ആയുധങ്ങള്‍ കൈമാറ്റം ചെയ്യുന്നു. 100 ഓളം മിലിട്ടറി ടാങ്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളാണ് ഇസ്രാഈല്‍ മ്യാന്‍മറിനു വിറ്റിരിക്കുന്നത്.
ആയുധങ്ങളും ബോട്ടുകളും രാജ്യാതിര്‍ത്തിയിലേക്കാണ് മ്യാന്‍മര്‍ സൈന്യം ഉപയോഗിക്കുന്നതെന്ന് ബര്‍മയിലെ മനുഷ്യാവകാശ കമീഷന്‍ വൃത്തങ്ങള്‍ പറഞ്ഞു. ബര്‍മയിലെ പ്രത്യേക സേനയുടെ പരിശീലനത്തിനും ഇസ്രാഈലില്‍ നിന്നുള്ള ആയുധങ്ങളാണ് ഉപയോഗിക്കുന്നത്. ഏറ്റവും കൂടുതല്‍ അക്രമ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന രാഖിന്‍ സ്റ്റേറ്റിലാണ് നിലവില്‍ ഈ സേനപ്രവര്‍ത്തിക്കുന്നത്.
നേരത്തെ മ്യാന്മറിലേക്ക് ആയുധങ്ങള്‍ കയറ്റുമതി ചെയ്യുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് ഇസ്രാഈലിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രാജ്യത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അഭിഭാഷകനായ എയ്തി മാക് ഇസ്രാഈലിന് മ്യാന്മറിലേക്കുള്ള ആയുധക്കടത്തില്‍ യാതൊരു നിയന്ത്രണവമില്ലെന്ന് കാട്ടിയാണ് പരാതി നല്‍കിയിരുന്നത്.
“ഇസ്രാഈലിന് ആയുധക്കടത്തില്‍ യാതൊരുവിധത്തിലുള്ള നിയന്ത്രണവുമില്ല, അവരുടെ ആയുധം എന്തിനാണ് വിനിയോഗിക്കുന്നതെന്നും ബര്‍മയിലേക്കുള്ള കൈമാറ്റത്തിനിടെ അവര്‍ നോക്കുന്നില്ല” മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.
ജനുവരിയിലായിരുന്നു ഇത് സംബന്ധിച്ച പരാതി ഇദ്ദേഹം സമര്‍പ്പിച്ചത്. ഇസ്രാഈല്‍ ഉദ്യാഗസ്ഥന്‍ ആയുധകച്ചവടത്തെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതിനായി എത്തിയതിനെത്തുടര്‍ന്നായിരുന്നു ഇത്. പരാതിയെ തുടര്‍ന്ന് വിഷയത്തില്‍ പ്രതികരണവുമായെത്തിയ ഇസ്രാഈല്‍ പ്രതിരോധ മന്ത്രി കോടതിയ്ക്ക് ഈ വിഷയത്തിന്മേല്‍ യാതൊരു അധികാരവുമില്ലെന്നും ഇത് തികച്ചും നയതന്ത്രപരമായ ബന്ധം മാത്രമാണെന്നായിരുന്നു പറഞ്ഞത്.
മ്യാന്‍മാര്‍ സൈന്യത്തിന്റെ അതിക്രമങ്ങള്‍ രൂക്ഷമായികൊണ്ടിരിക്കുകയാണ്. ഇവിടെ നിന്നും രക്ഷപ്പെട്ട് പതിനായിരക്കണക്കിന് റോഹിങ്ക്യരാണ് ബംഗ്ലാദേശിലേക്കും മറ്റും പാലായനം ചെയ്യുന്നത്. ബംഗ്ലാദേശിലെത്തിയ അഭയാര്‍ത്ഥികളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളനുസരിച്ച് മ്യാന്‍മാര്‍ സൈന്യം മേഖലയില്‍ കൂട്ട നശീകരണം നടത്തുന്നത്.