ഗസയിലെ കുഞ്ഞുങ്ങള്‍ക്ക് പോളിയോ നല്‍കാന്‍ ചില പ്രദേശങ്ങളില്‍ താത്കാലികമായി ഇസ്രഈലിന്റെ ഓപ്പറേഷനുകള്‍ നിര്‍ത്തിവെക്കും
World News
ഗസയിലെ കുഞ്ഞുങ്ങള്‍ക്ക് പോളിയോ നല്‍കാന്‍ ചില പ്രദേശങ്ങളില്‍ താത്കാലികമായി ഇസ്രഈലിന്റെ ഓപ്പറേഷനുകള്‍ നിര്‍ത്തിവെക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th August 2024, 2:21 pm

ടെല്‍ അവീവ്: ഗസയില്‍ പോളിയോ രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനായി ഇസ്രഈല്‍ സൈന്യത്തിന്റെ ഗസയിലെ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെക്കാമെന്ന നിര്‍ദേശവുമായി ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.

എന്നാല്‍ ഗസയിലെ എല്ലാ ഭാഗങ്ങളെയും സൈനിക പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒഴിവാക്കില്ലെന്നും മറിച്ച് വാക്‌സിനേഷന്‍ നല്‍കാനായി തെരഞ്ഞെടുക്കപ്പെട്ട നിശ്ചിത പ്രദേശങ്ങളില്‍ മാത്രമെ ഈ ആനുകൂല്യം ലഭിക്കുകയുള്ളുവെന്നും നെതന്യാഹുവിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസം ഒരു ഇസ്രഈല്‍ മാധ്യമം ഈ ആഴ്ച്ച അവസാനം ആരംഭിക്കുന്ന വാക്‌സിനേഷന്‍ ക്യാമ്പയിന്‍ നടപ്പിലാക്കുന്നതിനായി ഇസ്രഈല്‍ സൈന്യത്തിന്റെ ഗസയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുമെന്ന് അറിയിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ വാക്‌സിനേഷന്‍ ക്യാമ്പയിനില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളില്‍ മാത്രമേ സൈനിക നടപടി നിര്‍ത്തിവെക്കുകയുള്ളു എന്നാണ് പ്രസ്താവനയില്‍ അറിയിച്ചിരുന്നത്.

ഈ തീരുമാനം സുരക്ഷാ ക്യാബിനറ്റില്‍ അറിയിച്ചെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അംഗീകാരം ലഭിച്ചെന്നും പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് പുറത്തിറക്കിയ പ്രസ്താനവയില്‍ പറയുന്നുണ്ട്.

എന്നാല്‍ ഇസ്രഈലിലെ തീവ്രവലതുപക്ഷ വിഭാഗങ്ങള്‍ ഈ തീരുമാനത്തെ എതിര്‍ത്തതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ 25 വര്‍ഷത്തിനിപ്പുറം ഗസയില്‍ പൊട്ടിപ്പുറപ്പെട്ട പോളിയോ വൈറസ് ഇസ്രഈലിലേക്ക് വ്യാപിക്കെുമെന്ന ഭയവും ഈ തീരുമാനത്തിന് പിന്നിലുണ്ട് എന്നാണ് സൂചന.

അതേസമയം യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ കഴിഞ്ഞ ആഴ്ച ഇസ്രഈല്‍ സന്ദര്‍ശിച്ചപ്പോള്‍ നടത്തിയ ഇടപെടലുകളാണ് ഇത്തരം ഒരു തീരുമാനമെടുക്കാന്‍ ഇസ്രഈലിനെ പ്രേരിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന വാക്‌സിനേഷന്‍ ക്യാമ്പിന്റെ ആദ്യഘട്ടം ശനിയാഴ്ച ആരംഭിക്കും. പത്ത് ലക്ഷം പേര്‍ക്ക് നല്‍കാനുള്ള ശീതീകരിച്ച 25,000 ഡോസ് വാക്‌സിനുകള്‍ ഇതിനകം ഗസയില്‍ എത്തിച്ചു കഴിഞ്ഞു. എന്നാല്‍ ഇടയ്ക്കിടെ നടക്കുന്ന വ്യോമാക്രമണങ്ങള്‍ കാരണം വാക്‌സിനേഷന്‍ ക്യാമ്പുകള്‍ നടത്തുന്നതിലെ ആശങ്ക ഇതിനകം ആരോഗ്യപ്രവര്‍ത്തകര്‍ പങ്കുവെച്ചിട്ടുണ്ട്.

എന്നാല്‍ 10 വയസ്സിന് താഴെയുള്ള ഗസയിലെ 90ശതമാനം വരുന്ന 6,40,000 കുട്ടികള്‍ക്കെങ്കിലും വാക്‌സിന്‍ നല്‍കിയാല്‍ മാത്രമെ ഗാസയില്‍ രോഗബാധ നിയന്ത്രണ വിധേയമാകൂ എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇടയ്ക്കിടെ ഉണ്ടാവുന്ന ആക്രമണങ്ങള്‍ കാരണം പലായനം ചെയ്യുന്ന ഒരു പ്രദേശത്ത് ഇത് എത്രത്തോളം പ്രവര്‍ത്തികമാണെന്ന കാര്യത്തില്‍ ആശങ്കയുണ്ടെങ്കിലും ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷയെ മുന്‍നിര്‍ത്തി താത്കാലികമായി ബോംബാക്രമണങ്ങള്‍ നിര്‍ത്തിവെക്കുമെന്നാണ് സൂചന.

ഈ മാസം ആദ്യമാണ് 25 വര്‍ഷത്തിലാദ്യമായി ഗസയിലെ പത്ത് മാസം പ്രായമായ കുഞ്ഞില്‍ പോളിയോ രോഗബാധ സ്ഥിരീകരിക്കുന്നത്.
ഗസയിലെ കുഞ്ഞുങ്ങള്‍ക്ക് പോളിയോ നല്‍കുന്നതിനായി താത്കാലിക വെടിനിര്‍ത്തല്‍ വേണമെന്ന് ഐക്യരാഷ്ട്ര സംഘടന ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഗസ ആരോഗ്യമന്ത്രാലയവും ഈ വാര്‍ത്ത സ്ഥിരീകരിച്ചിരുന്നു.

കഴിഞ്ഞ ജൂലൈയില്‍ ഖാന്‍ യൂനുസിന്റെതെക്ക് ഭാഗത്തും ഡീര്‍ അല്‍ ബലായില്‍ നിന്നും ശേഖരിച്ച അഴുക്കുജലത്തില്‍ രണ്ട് തരത്തിലുള്ള പോളിയോ വൈറസ് വകഭേദങ്ങളെ കണ്ടെത്തിയിരുന്നു. യുദ്ധം ആരംഭിച്ചതോടെ ഗസയിലെ 70 ശതമാനം ഓവുചാലുകളും തകര്‍ന്നതും ശുദ്ധീകരണ പ്ലാന്റുകളുടെ പ്രവര്‍ത്തനം നിലച്ചതും രോഗബാധയ്ക്ക് കാരണമായി.

Content Highlight: Israel approves Polio Vaccination on Gaza