ഗസ: വെസ്റ്റ് ബാങ്കിലെ യുനെസ്കോ പൈതൃക സൈറ്റിന് സമീപം നിയമവിരുദ്ധ കുടിയേറ്റത്തിന് അനുമതി നൽകിയതായി പ്രഖ്യാപിച്ച് ഇസ്രഈൽ ഭരണകൂടം. ഇസ്രഈൽ പ്രതിരോധ മന്ത്രാലയത്തിന്റെ തലവനും സർക്കാരിന്റെ തീവ്ര വലത് പക്ഷ അംഗവുമായ ബെസാലിൻ സ്മോട്രിച്ച് ആണ് ഇതേക്കുറിച്ചുള്ള വിവരങ്ങൾ ഔദ്യോഗികമായി പുറത്ത് വിട്ടത്.
തന്റെ ജോലി പൂർത്തിയായെന്നും ഗിഷ് ഏറ്റ്സിയാനിലെ പുതിയ സെറ്റിൽമെന്റിനായി പദ്ധതി രൂപീകരിച്ചിട്ടുണ്ട് എന്നായിരുന്നു അദ്ദേഹം പ്രസ്താവിച്ചത്.
‘എന്റെ ഓഫീസിൽ ജോലി പൂർത്തിയായി. ജറുസലേമിന്റെ തെക്ക് സ്ഥിതി ചെയ്യുന്ന ഗിഷ് ഏറ്റ്സിയാനിലെ പുതിയ നഹാൾ ഹെലറ്റ്സ് സെറ്റിൽമെന്റിനായുള്ള പദ്ധതി പൂർത്തീകരിച്ചു,’ അദ്ദേഹം പറഞ്ഞു. തന്റെ എക്സ് പോസ്റ്റിലൂടെയാണ് സ്മോട്രിച്ച് പുതിയ സെറ്റിൽമെന്റിനെക്കുറിച്ച് പരാമർശിച്ചത്.
വെസ്റ്റ്ബാങ്കിലെ ഇസ്രഈലി കുടിയേറ്റങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര വിമർശനങ്ങൾക്കിടയിലാണ് ഈ നീക്കം.
ജറുസലേം നഗരത്തിൻ്റെ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന അനധികൃത ഇസ്രഈൽ സെറ്റിൽമെൻ്റുകളുടെ ഒരു കൂട്ടമാണ് ഗഷ് ഏറ്റ്സിയാൻ. ഇതുമായി ബന്ധിപ്പിക്കാൻ ലക്ഷ്യമിട്ട് ഇസ്രഈൽ സൈന്യം നഹാൾ ഹെലറ്റ്സ് എന്ന പേരിൽ ഒരു പുതിയ സെറ്റിൽമെന്റ് സ്ഥാപിക്കാൻ ശ്രമിക്കുകയാണെന്ന് സ്മോട്രിച്ച് തന്റെ പ്രസ്താവനയിൽ പറയുന്നു.
ഒക്‌ടോബർ 7ന് ഹമാസിൻ്റെ ആക്രമണത്തിന് ശേഷം 39,677ലധികം പേർ കൊല്ലപ്പെടുകയും 91,645ലധികം പേർക്ക് പരിക്കേൽക്കയുകയും ചെയ്തിരുന്നു.
യുനെസ്‌കോയുടെ പൈതൃക പട്ടികയിലുള്ള ഫലസ്തീൻ ഗ്രാമമായ ബത്തിറിൻ്റെ സംരക്ഷണ മേഖലയ്ക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ഏകദേശം 148 ഏക്കർ (60 ഹെക്ടർ) സ്ഥലം പുതിയ സെറ്റിൽമെന്റിൽ ഉൾക്കൊള്ളുന്നതായാണ് റിപ്പോർട്ട്.
യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റായ പുരാതന ഡ്രൈ-സ്റ്റോൺ ടെറസ് ഫാമുകൾ, ഒലിവ് മരത്തോട്ടങ്ങൾ, നൂറുകണക്കിന് വർഷങ്ങൾ പഴക്കമുള്ള പരമ്പരാഗത ജലസേചന സംവിധാനം എന്നിവയ്ക്ക് പേരുകേട്ടതാണ് ബെത്‌ലഹേമിൻ്റെ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന സ്ഥലം.
ലോക പൈതൃക പട്ടികയിൽ ചേർത്ത 1,700 വർഷം പഴക്കമുള്ള ടെൽ ഉമ്മ് അമേർ എന്നറിയപ്പെടുന്ന മൊണാസ്റ്ററി സൈറ്റ് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
ഇസ്രഈലി കുടിയേറ്റക്കാരും സൈനിക സേനയും ഈ സ്ഥലം കയ്യേറിയിട്ടുണ്ടെന്ന് ആക്ടിവിസ്റ്റുകൾ വളരെക്കാലമായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഒക്‌ടോബർ 7 മുതൽ വെസ്റ്റ്ബാങ്കിൽ ഫലസ്തീനികൾക്കെതിരായ ഇസ്രഈലി കുടിയേറ്റക്കാരുടെ ആക്രമണവും സൈനിക അക്രമങ്ങളും ഗണ്യമായി വർധിച്ചുവെന്ന് റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലേമിലും ഫലസ്തീനികൾക്കെതിരെ 1,000 ത്തിലധികം ഇസ്രഈലി കുടിയേറ്റ ആക്രമണങ്ങൾ യു.എൻ രേഖപ്പെടുത്തിയിട്ടുണ്ട്.
വെസ്റ്റ് ബാങ്കിൽ നിലവിൽ 250ലധികം ഇസ്രഈലി സെറ്റിൽമെൻ്റുകളുണ്ട്. അതിൽ ചിലതിന് ചെറിയ നഗരങ്ങളുടെ വലുപ്പമുണ്ട്. ഇസ്രഈൽ സൈന്യത്തിൻ്റെ പിന്തുണയോടെയാണ് ഔട്ട്‌പോസ്റ്റുകളും സെറ്റിൽമെൻ്റുകളും സ്ഥാപിക്കുന്നത്.
Content Highlight: Israel approves new illegal settlement on UNESCO site near Bethlehem