മാധ്യമപ്രവര്‍ത്തകയുടെ സംസ്‌കാര ചടങ്ങിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ഇസ്രഈല്‍; അന്താരാഷ്ട്ര സഹായം തേടി ഫലസ്തീന്‍
World News
മാധ്യമപ്രവര്‍ത്തകയുടെ സംസ്‌കാര ചടങ്ങിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ഇസ്രഈല്‍; അന്താരാഷ്ട്ര സഹായം തേടി ഫലസ്തീന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 15th May 2022, 3:17 pm

ടെല്‍ അവീവ്: അല്‍ ജസീറയില്‍ മാധ്യമപ്രവര്‍ത്തകയായിരുന്ന ഷിറീന്‍ അബു അഖ്‌ലേയുടെ ശവസംസ്‌കാര ചടങ്ങിന് നേരെ ഇസ്രഈല്‍ പൊലീസ് അക്രമം അഴിച്ചുവിട്ട സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ഇസ്രഈല്‍.

കിഴക്കന്‍ ജെറുസലേമില്‍ ഷിറീനിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള നടന്ന വിലാപയാത്രക്ക് നേരെയായിരുന്നു ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണമുണ്ടായത്.

”സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ഇസ്രഈല്‍ പൊലീസ് കമ്മീഷണറും പബ്ലിക് സെക്യൂരിറ്റി വിഭാഗം മന്ത്രിയും സംയുക്തമായി പ്രഖ്യാപിച്ചിട്ടുണ്ട്,” ഇസ്രഈല്‍ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, അന്വേഷണത്തില്‍ ഇസ്രഈല്‍ ഇടപെടുന്നത് ഫലസ്തീന്‍ അതോറിറ്റി തള്ളി. ഇസ്രഈലിന്റെ അന്വേഷണം പക്ഷപാതപരമായിരിക്കും എന്ന് ചൂണ്ടിക്കാണിച്ചാണ് ഫലസ്തീന്‍ അതോറിറ്റി ഇത് തള്ളിയത്.

നേരത്തെ, ഷിറീന്‍ അബു അഖ്‌ലേയുടെ മരണത്തില്‍ അന്വേഷണം നടത്താന്‍ അന്താരാഷ്ട്ര സഹായം സ്വാഗതം ചെയ്തുകൊണ്ട് ഫലസ്തീന്‍ അതോറിറ്റി രംഗത്തെത്തിയിരുന്നു.

”അന്വേഷണത്തില്‍ എല്ലാ അന്താരാഷ്ട്ര സംഘങ്ങളുടെയും ഇടപെടല്‍ ഫലസ്തീന്‍ അതോറിറ്റി സ്വാഗതം ചെയ്യുന്നു,” എന്നായിരുന്നു മുതിര്‍ന്ന ഫലസ്തീന്‍ ഉദ്യോഗസ്ഥന്‍ ഹുസൈന്‍ അല്‍- ഷെയ്ഖ് പ്രതികരിച്ചത്.

അതേസമയം, ഷിറീന്‍ അബു അഖ്‌ലേയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രക്കിടെ നടന്ന പൊലീസ് അതിക്രമത്തില്‍ ഇസ്രഈല്‍ സേന നടത്തിയ കയ്യേറ്റത്തിനിടെ ശവപ്പെട്ടി താഴെ വീണിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും വിവിധ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു.

ആയിരക്കണക്കിന് പേരായിരുന്നു ഷിറീനിന്റെ സംസ്‌കാര ചടങ്ങുകളിലും വിലാപയാത്രയിലും പങ്കെടുത്തത്. മൗണ്ട് സിയോണ്‍ പ്രൊട്ടസ്റ്റന്റ് സെമിത്തേരിയിലാണ് ഷിറീനിന്റെ മൃതദേഹം ഖബറടക്കിയത്.

അധിനിവേശ കിഴക്കന്‍ ജറുസലേമില്‍, ഷിറീനിന്റെ മൃതദേഹം വഹിച്ചെത്തിയവര്‍ക്ക് നേരെയാണ് സൈന്യത്തിന്റെ ആക്രമണമുണ്ടായത്. ആളുകള്‍ ഫലസ്തീന്‍ പതാക ഉയര്‍ത്തുന്നതും മുദ്രാവാക്യം വിളിക്കുന്നതും ഇസ്രഈല്‍ സേന തടഞ്ഞിരുന്നു.

അതേസമയം, സംഭവത്തെ പാശ്ചാത്യ മാധ്യമങ്ങള്‍ വേണ്ടത്ര പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തില്ലെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.

വടക്കന്‍ വെസ്റ്റ് ബാങ്ക് നഗരത്തിലെ ജെനിനില്‍ നടന്ന ഇസ്രഈലിന്റെ സൈനിക നടപടിക്കിടെയായിരുന്നു ഫലസ്തീനിയന്‍ ലേഖകയായ ഷിറീന്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. തലയ്ക്ക് വെടിയേറ്റതാണ് മരണകാരണമെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.

ബുധനാഴ്ച ജെനിനില്‍ നടന്ന ഇസ്രഈലിന്റെ റെയ്ഡുകള്‍ പകര്‍ത്തുന്നതിനിടെ സൈന്യം ഷിറീനെ വെടി വെക്കുകയായിരുന്നു. മറ്റൊരു മാധ്യമപ്രവര്‍ത്തകനായ അലി സമൗദിക്കും വെടിയേറ്റിരുന്നു.

Content Highlight: Israel announces probe after police attack on Shireen Abu Akleh’s funeral, Palestine welcomes international support in investigating the murder