| Thursday, 18th August 2022, 9:06 am

ഇസ്രഈലും തുര്‍ക്കിയും തമ്മിലുള്ള നയതന്ത്ര ബന്ധം പുനസ്ഥാപിച്ചു; ഫലസ്തീന്‍ വിഷയം ഉപേക്ഷിച്ചിട്ടില്ലെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അങ്കാറ: ഇസ്രഈലുമായുള്ള നയതന്ത്ര ബന്ധം പൂര്‍ണമായും പുനസ്ഥാപിച്ച് തുര്‍ക്കി. വിഷയത്തില്‍ ധാരണയായതായി ഇരു രാജ്യങ്ങളും ബുധനാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

നയതന്ത്ര വിഷയവുമായി ബന്ധപ്പെട്ട് മാസങ്ങളായി ഇരു രാജ്യങ്ങളും തമ്മില്‍ നടത്തിവരുന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇപ്പോള്‍ ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിരിക്കുന്നത്.

ഇസ്രഈല്‍ പ്രധാനമന്ത്രി യായ്ര്‍ ലാപിഡും തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗനും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

നയതന്ത്ര മുന്നേറ്റത്തെ ‘പ്രാദേശിക സ്ഥിരതയ്ക്ക് വേണ്ട സുപ്രധാനമായ അസറ്റ്, ഇസ്രഈല്‍ പൗരന്മാരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട സാമ്പത്തിക വാര്‍ത്ത’ എന്നാണ് ഇസ്രഈല്‍ പ്രധാനമന്ത്രി യായ്ര്‍ ലാപിഡ് പ്രശംസിച്ചത്.

നയതന്ത്ര ബന്ധം പുനസ്ഥാപിക്കുന്നതോടെ തുര്‍ക്കിയും ഇസ്രഈലും പരസ്പരം അംബാസഡര്‍മാരെയും കോണ്‍സല്‍ ജനറല്‍മാരെയും വീണ്ടും നിയമിക്കുമെന്നും ലാപിഡിന്റെ ഓഫീസ് വ്യക്തമാക്കി.

ഇസ്രഈല്‍ പ്രസിഡന്റ് ഇസാക് ഹെര്‍സോഗ് കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ തുര്‍ക്കി സന്ദര്‍ശിച്ചതോടെയായിരുന്നു ഇരു രാജ്യങ്ങളും തമ്മില്‍ വര്‍ഷങ്ങളായി നിലനിന്നുപോന്ന സംഘര്‍ഷാവസ്ഥയ്ക്ക് വിരാമമായത്. ഹെര്‍സോഗുമായുള്ള കൂടിക്കാഴ്ച തുര്‍ക്കിയുമായുള്ള ബന്ധത്തിലെ നിര്‍ണായക വഴിത്തിരിവായി എന്ന് എര്‍ദോഗനും പറഞ്ഞിരുന്നു.

അതേസമയം ഇസ്രഈലുമായുള്ള നയതന്ത്ര ബന്ധം പുനസ്ഥാപിക്കുന്നു എന്നുകരുതി ഫലസ്തീന്‍ വിഷയം തുര്‍ക്കി ഉപേക്ഷിക്കുകയാണ് എന്ന് അതിന് അര്‍ത്ഥമില്ലെന്ന് തുര്‍ക്കിയുടെ വിദേശകാര്യ മന്ത്രി മെവ്‌ലറ്റ് കാവൂസോഗ്‌ലു പ്രതികരിച്ചു.

ഇക്കഴിഞ്ഞ മെയില്‍ കാവൂസോഗ്‌ലു ഇസ്രഈല്‍ സന്ദര്‍ശിച്ചിരുന്നു. 15 വര്‍ഷത്തിനിടെ ഇസ്രഈല്‍ സന്ദര്‍ശനം നടത്തിയ ആദ്യത്തെ തുര്‍ക്കി വിദേശകാര്യ മന്ത്രി കൂടിയായിരുന്നു കാവൂസോഗ്‌ലു.

2018ല്‍ ജറുസലേമിനെ ഇസ്രഈല്‍ തലസ്ഥാനമായി യു.എസ് പ്രഖ്യാപിച്ചതിനെത്തുടര്‍ന്നുണ്ടായ ഫലസ്തീന്റെ ഭാഗത്ത് നിന്നും വലിയ പ്രതിഷേധമുണ്ടായിരുന്നു. ഇതിന് പിന്നാലെ ഇസ്രഈല്‍ സൈന്യം ഗാസയില്‍ നടത്തിയ സൈനിക ഓപ്പറേഷനില്‍ അറുപതോളം ഫല്തീനികളെ ഇസ്രഈല്‍ സൈന്യം വധിച്ചിരുന്നു.

ഇതേത്തുടര്‍ന്നായിരുന്നു തുര്‍ക്കിയും ഇസ്രഈലും പരസ്പരം അംബാസഡര്‍മാരെ പുറത്താക്കിയത്.

ഉപരോധം ലംഘിച്ചുകൊണ്ട് ഗാസയിലേക്ക് സഹായം എത്തിച്ചിരുന്നതിന്റെ ഭാഗമായിരുന്ന തുര്‍ക്കിയുടെ മാവി മര്‍മര കപ്പലില്‍ ഇസ്രഈല്‍ സൈന്യം നടത്തിയ റെയ്ഡില്‍ 10 സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെയായിരുന്നു തുര്‍ക്കി നയതന്ത്ര ബന്ധം മരവിപ്പിച്ചത്.

Content Highlight: Israel and Turkey restored Full Diplomatic Ties

We use cookies to give you the best possible experience. Learn more