| Friday, 10th November 2023, 5:01 pm

ഇസ്രഈലും അധിനിവേശവും !

നാസിറുദ്ദീന്‍

സയണിസം എന്ന വംശീയ ഉന്‍മൂലന പ്രത്യയ ശാസ്ത്രത്തിന്റെ ശ്രദ്ധേയ മുഖമായിരുന്നു ഷിമോണ്‍ പെരസ്. ഒരുപക്ഷേ അതിന്റെ ആശയാടിത്തറ പ്രയോഗവല്‍ക്കരിച്ചതിലും ഈ കൊടും വിഷം പട്ടില്‍ പൊതിഞ്ഞ് ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതിലും ഏറ്റവുമധികം വിജയിച്ച വ്യക്തിത്വം.

5 വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലായി 70 വര്‍ഷത്തോളം രാജ്യത്തിനകത്തും പുറത്തുമായി രാഷ്ട്രീയ, നയതന്ത്ര മേഖലകളില്‍ നിറഞ്ഞ് നിന്ന രാഷ്ട്രീയ കരിയര്‍, ഇസ്രഈലി പാര്‍ലമെന്റായ ‘നെസറ്റില്‍’ 48 വര്‍ഷത്തെ അംഗത്വം – അതില്‍ നീണ്ട 46 വര്‍ഷം തുടര്‍ച്ചയായി, 12 ക്യാബിനറ്റില്‍ മന്ത്രി സ്ഥാനം, ഒരിക്കല്‍ പ്രധാനമന്ത്രിയും മറ്റൊരിക്കല്‍ പ്രസിഡന്റും ആയി, എല്ലാറ്റിനുമപ്പുറം ആഗോള നയതന്ത്ര രംഗത്ത് പതിറ്റാണ്ടുകളോളം ഇസ്രായേലിന്റെ മുഖം – തിരിഞ്ഞ് നോക്കുമ്പോള്‍ ഇസ്രായേലിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ മറ്റാര്‍ക്കുമില്ലാത്ത നേട്ടം.

ഷിമോണ്‍ പെരസ്

ഈ ഷിമോണ്‍ പെരസ് നരസിംഹ റാവു ഭരണ കാലത്ത് 1993 മെയ് 17 ന് ഇന്ത്യ സന്ദര്‍ശിക്കുന്നു. അത് വരെ ഇസ്രഈലുമായി ഇല്ലാതിരുന്ന നയതന്ത്ര ബന്ധത്തിനും തുടക്കമായി. മറ്റ് പല കാര്യങ്ങളിലുമെന്ന പോലെ ബി.ജെ.പിയുടെ ഏറെക്കാലത്തെ ആവശ്യം കോണ്‍ഗ്രസിലൂടെ നടപ്പിലാവുന്നു.

നരസിംഹ റാവു

ഔപചാരിക കരാറുകളും ചര്‍ച്ചകളുമൊക്കെ കഴിഞ്ഞ് പിറ്റേന്ന് 18 നാണ് പെരസ് അദ്വാനിയെ കാണുന്നത്. ശേഷം സന്ദര്‍ശനത്തിന്റെ അവസാനത്തില്‍ പെരസ് ഒരു പത്രസമ്മേളനം വിളിച്ചു. ഇവിടെ വെച്ച് കശ്മീരിനെ സംബന്ധിച്ച് പറഞ്ഞ അഭിപ്രായം  പെരസ് എന്ന സയണിസ്റ്റ് സൈദ്ധാന്തികനെ കൃത്യമായി അടയാളപ്പെടുത്തുന്നതായിരുന്നു.

അദ്വാനി

കശ്മീരിലെ മുസ്ലിം ഭൂരിപക്ഷമാണ് പ്രശ്‌നമെന്നും (370 ആം വകുപ്പ് തോട്ടില്‍ കളഞ്ഞ്) സംസ്ഥാനത്തിന് പുറത്തുള്ളവരെ കുടിയിരുത്തി പ്രശ്‌നം പരിഹരിക്കാമെന്നും ആയിരുന്നു പെരസിന്റെ പരിഹാര ഫോര്‍മുലയുടെ അന്തസ്സത്ത. ‘ഇസ്രഈല്‍ ഫലസ്തീനില്‍ ചെയ്തതിന്റെ മാതൃകയില്‍’ കശ്മീരില്‍ ഇന്ത്യ ഇടപെടല്‍ നടത്തി പ്രശ്നം ‘പരിഹരിക്കാമെന്ന’ പെരസിന്റെ നിര്‍ദേശത്തോട് അദ്വാനി അനുകൂലമായി പ്രതികരിച്ചതായും അന്ന് വാര്‍ത്തകളിലുണ്ടായിരുന്നു.

ഇപ്പോള്‍ ബി.ജെ.പി അധികാരത്തിലേറി വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ പെരസ് അന്ന് നല്‍കിയ നിര്‍ദേശമായിരുന്നു സംഘ് പരിവാറിന്റെ കശ്മീര്‍ നയത്തിന്റെ അടിസ്ഥാനമെന്നത് വ്യക്തമാവുന്നത് സ്വാഭാവികം.

സാംസ്‌കാരികവും സാമൂഹികവും രാഷ്ട്രീയവുമായ ഉന്‍മൂലനവും അത് നടപ്പിലാക്കാനാവശ്യമായ ഭീകര അധിനിവേശവുമാണ് സയണിസത്തിന്റെ മുഖമുദ്ര.

പെരസ് മാത്രമായിരുന്നില്ല ഈ ഉന്‍മൂലന/അധിനിവേശ രാഷ്ട്രീയം പച്ചക്ക് പറഞ്ഞിരുന്നത്. ഇസ്രഈലിന്റെ ആദ്യ പ്രധാനമന്ത്രിയും സയണിസ്റ്റ് സൈദ്ധാന്തികരില്‍ പ്രമുഖനുമായിരുന്ന ബെന്‍ ഗുരിയന്‍ ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു,

ബെന്‍ ഗുരിയന്‍

‘അറബികള്‍ നമ്മളുമായി എന്തിന് സമാധാനത്തില്‍ കഴിയണം ? ഞാനൊരു അറബ് നേതാവായിരുന്നെങ്കില്‍ ഒരിക്കലും ഇസ്രഈലുമായി യോജിക്കില്ലായിരുന്നു. ഇത് സ്വാഭാവികമാണ്. നമ്മളവരുടെ രാജ്യം പിടിച്ചടക്കി. ശരിയാണ്, ഇത് നമുക്ക് ദൈവീക വാഗ്ദാനമാണ്. പക്ഷേ അവരെ സംബന്ധിച്ചിടത്തോളം എന്തര്‍ത്ഥമാണതിനുള്ളത് ? നമ്മുടെ ദൈവം അവരുടെ ദൈവമല്ല.

ശരിയാണ്, നമ്മള്‍ ഇസ്രഈലീല്‍ നിന്ന് വന്നവരാണ്. പക്ഷേ അത് രണ്ടായിരം കൊല്ലം മുമ്പാണ്, അവര്‍ക്കതില്‍ എന്ത് കാര്യം ? ജൂത വിദ്വേഷം, നാസികള്‍, ഓഷ്വിറ്റ്‌സ് എന്നതൊക്കെ യാഥാര്‍ത്ഥ്യം. പക്ഷേ ഇതൊക്കെ അവരുടെ കുറ്റമാണോ? അവരെ സംബന്ധിച്ചിടത്തോളം ഒറ്റക്കാര്യം മാത്രം. നമ്മള്‍ ഇവിടെ വന്ന് അവരുടെ രാജ്യം കട്ടെടുത്തു.

അവരെന്തിന് ഇത് അംഗീകരിക്കണം ? ഒന്നോ രണ്ടോ തലമുറ കഴിഞ്ഞാല്‍ അവരിക്കാര്യം മറന്നേക്കാം. പക്ഷേ ഇപ്പോഴതിന് ഒരു സാധ്യതയുമില്ല. അത് കൊണ്ട് കാര്യം വ്യക്തമാണ്. നമ്മളൊരു നല്ല സൈനിക ശക്തിയായി ഉറച്ച് നില്‍ക്കണം. നമ്മുടെ നയത്തിന്റെ അടിസ്ഥാനം തന്നെ അതായിരിക്കണം. ഇല്ലെങ്കില്‍ അറബികള്‍ നമ്മളെ തുടച്ച് നീക്കും.’

( മറ്റൊരു സയണിസ്റ്റ് നേതാവായിരുന്ന നഹൂം ഗോള്‍ഡ്മാന്‍ ‘The Jewish Paradox’ എന്ന പുസ്തകത്തില്‍ ഉദ്ധരിച്ചതാണിത്. കൗതുകകരമായ കാര്യം ഇക്കാര്യം പറഞ്ഞ ബെന്‍ ഗുരിയനോട് നഹൂം ചോദിച്ചത്, ‘ഇങ്ങനെയൊക്കെ ചിന്തിച്ച് നിങ്ങള്‍ക്ക് ഉറങ്ങാന്‍ കഴിയുമോ ? അല്ലെങ്കില്‍ പ്രധാനമന്ത്രിയായി തുടരാന്‍ പറ്റുമോ ?” എന്നായിരുന്നു. ‘ഞാന്‍ ഉറങ്ങാറുണ്ടെന്ന് ആര് പറഞ്ഞു ?’ എന്ന മറു ചോദ്യമായിരുന്നു ഗൂരിയന്റെ മറുപടി !)

നഹൂം ഗോള്‍ഡ്മാന്‍

The Jewish Paradox

അന്നും ഇന്നും എന്നും ഈ അധിനിവേശവും ഉന്‍മൂലനവും ആയിരുന്നു സയണിസത്തിന്റെ മുഖമുദ്ര.

പശ്ചിമേഷ്യന്‍ വിദഗ്ദനായ ഡേവിഡ് ഹേയ്സ്റ്റ് ഈയടുത്ത് എഴുതിയ ഒരു ലേഖനത്തില്‍ ചില ഇസ്രഈലി ഉന്നതരും സുന്നി ഇറാഖി രാഷ്ട്രീയ നേതാക്കളും തമ്മില്‍ നടന്ന ഒരു ചര്‍ച്ച ഉദ്ധരിക്കുന്നുണ്ട്. ഇറാഖിലെ ‘അന്‍ബാര്‍’ പ്രവിശ്യക്കായുള്ള ‘വികസന പദ്ധതി’ ആണ് ചര്‍ച്ചാ വിഷയം.

ശുദ്ധജല സ്രോതസുകളും മറ്റ് പ്രകൃതി വിഭവങ്ങളും ധാരാളമുള്ള സുപ്രധാന പ്രവിശ്യയാണ് അന്‍ബാര്‍. കുറഞ്ഞ മനുഷ്യ വിഭവ ശേഷിയും ഈ പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്യാനുള്ള വൈദഗ്ദ്യത്തിന്റെ അഭാവവുമാണ് വെല്ലുവിളി. ഇസ്രഈലീ ഉദ്യോഗസ്ഥര്‍ ഇതിന് നിര്‍ദ്ദേശിക്കുന്ന പരിഹാരമാണ് ശ്രദ്ധേയം – 23 ലക്ഷം ഫലസ്തീനികളെ അന്‍ബാറില്‍ കുടിയിരുത്തുക ! ‘അവരും നിങ്ങളെപ്പോലെ സുന്നികളാണ്. ഫലസ്തീനികള്‍ കഠിനാധ്വാനികളാണ്, നിങ്ങളുടെ അതേ സംസ്‌കാരം, അത് മാത്രമല്ല ഇത്രയധികം സുന്നികള്‍ വരുന്നതോടെ രാജ്യത്തെ സുന്നി-ഷിയാ അനുപാതം നിങ്ങള്‍ക്കനുകൂലമായി മാറി മറിയും.’ – ഇസ്രഈലീ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇറാഖി പ്രധാനമന്ത്രിയുടെ മുന്നില്‍ വിഷയം അവതരിപ്പിക്കാമെന്ന് പറഞ്ഞ് കൂടിക്കാഴ്ച അവസാനിച്ചു.

ഇസ്രഈലിലെ ജനസംഖ്യയില്‍ 74 % ആണ് ജൂതര്‍. 21 % അറബികളാണ്. പോരെങ്കില്‍ ജൂത ജനസംഖ്യ അനുപാതം കുറയുകയുമാണ്. ഇതിന്റെ കൂടെ ഗസയിലെ 23 ലക്ഷവും വെസ്റ്റ് ബാങ്കിലുള്ള 33 ലക്ഷം അറബികളും ചേര്‍ന്നാല്‍ അറബികള്‍ വലിയൊരു ശക്തിയാവുന്നു.

ജോര്‍ദാന്‍, ലബനാന്‍ തുടങ്ങിയ പ്രദേശങ്ങളിലെ ലക്ഷക്കണക്കിന് വരുന്ന അഭയാര്‍ത്ഥികള്‍ വേറെയും. ഈ ജനസംഖ്യാ സമവാക്യങ്ങളും ജനന മരണ നിരക്കുകളും ഇസ്രഈല്‍ നേരിടുന്ന വലിയൊരു ഭീഷണിയാണ്. ചെറുകിട ആട്ടിപ്പായിക്കലോ അധിനിവേശങ്ങളോ കൊണ്ട് മാത്രം ഈ പ്രശ്‌നം പരിഹരിക്കാനാവില്ല. കാലം ചെല്ലും തോറും ഭീഷണി കൂടുകയും പരിഹാര മാര്‍ഗങ്ങള്‍ ചുരുങ്ങുകയും ചെയ്യുന്നു.

ഗസയിലെ അതി ഭീകരമായ ഉന്‍മൂലന ശ്രമങ്ങളെ ഈ പശ്ചാത്തലത്തില്‍ വേണം വിലയിരുത്താന്‍. 23 ലക്ഷത്തെ ഒറ്റയടിക്ക് ആട്ടിയോടിക്കാന്‍ പറ്റിയാല്‍ സമവാക്യത്തില്‍ വലിയൊരു മാറ്റമാവും വരുത്തുക. തുടക്കം തൊട്ട് ഇസ്രഈല്‍ ശ്രമിക്കുന്നതും ഫലസ്തീനികള്‍ അക്ഷരാര്‍ത്ഥത്തില്‍ ജീവന്‍ പണയം വെച്ച് പ്രതിരോധിക്കുന്നതും ഈ നീച ശ്രമത്തെയാണ്.

ഗസയില്‍ മനുഷ്യ ജീവിതം എന്നത് ഒരു നിലക്കും സാധ്യമല്ലാത്ത രീതിയില്‍ ഭീകരാക്രമണം അഴിച്ച് വിടുക, അതോടൊപ്പം അയല്‍ രാജ്യങ്ങളെ പരമാവധി പ്രലോഭിപ്പിച്ചും സമ്മര്‍ദത്തിലാഴ്ത്തിയും ഇവരെ ഏറ്റെടുക്കാന്‍ പ്രേരിപ്പിക്കുക എന്നതാണ് തന്ത്രം.

ആശുപത്രികളും ആരാധനാലയങ്ങളും സ്‌കൂളുകളും നിരന്തരം ആക്രമിക്കുന്നതും സ്ത്രീകളേയും കുട്ടികളേയും പ്രത്യേകമായി ലക്ഷ്യമിടുന്നതുമെല്ലാം ഇങ്ങനെ പുകച്ച് പുറത്ത് ചാടിക്കാനാണ്. മാനസികമായി ഫലസ്തീനികളെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ഇതില്‍ നിര്‍ണായകവുമാണ്. കടത്തില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്ന ഈജിപ്തിന്റെ മേല്‍ സമ്മര്‍ദം ചെലുത്താനായി യൂറോപ്യന്‍ യൂനിയനില്‍ നെതന്യാഹു ലോബിയിംഗ് നടത്തുന്നതായി ‘ഫൈനാന്‍ഷ്യല്‍ ടൈംസ്’ കഴിഞ്ഞയാഴ്ച റിപോര്‍ട്ട് ചെയ്തിരുന്നു.

ഇസ്രഈലിന്റെയും സയണിസത്തിന്റേയും ചരിത്രം പരിശോധിച്ചാല്‍ യുദ്ധങ്ങളും ഭീകരതയും അഴിച്ച് വിട്ട് ഫലസ്തീനികളെ ആട്ടിയോടിച്ച് ഭൂമി വികസിപ്പിച്ചതാണ് കാണാന്‍ പറ്റുക. ഫലസ്തീനികളുടെ ഐതിഹാസിക ചെറുത്ത് നില്‍പ് കൊണ്ട് മാത്രമാണ് ഗസയില്‍ അത് വിജയത്തിലെത്താതെ പോവുന്നത്. ഹമാസ് അല്ല ഇസ്രഈല്‍ എന്ന രാജ്യം ഉണ്ടായ അന്ന് തൊട്ട് അങ്ങനെയാണ്.

content highlights: Israel and the occupation!

നാസിറുദ്ദീന്‍

We use cookies to give you the best possible experience. Learn more