സിറിയയില്‍ ഇസ്രാഈല്‍ വ്യോമാക്രമണം; അഞ്ച് മരണം
World News
സിറിയയില്‍ ഇസ്രാഈല്‍ വ്യോമാക്രമണം; അഞ്ച് മരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 19th February 2023, 8:18 am

ദമാസ്‌കസ്: സിറിയന്‍ തലസ്ഥാനമായ ദമാസ്‌ക്കസില്‍ ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒരു സൈനികനുള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഞായറാഴ്ച പുലര്‍ച്ചയോടെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും കെട്ടിടങ്ങള്‍ തകര്‍ന്നതായും സിറിയന്‍ മാധ്യമമായ സന റിപ്പോര്‍ട്ട് ചെയ്യുന്നു.

ദമാസ്‌കസിലെ ഉയര്‍ന്ന സുരക്ഷാ മേഖലയായ കാഫ്ര്‍ സൗസയിലാണ് ആക്രമണമുണ്ടായത്. രാജ്യത്തെ സുരക്ഷാ വിഭാഗങ്ങളും ഇന്റലിജന്‍സ് വിഭാഗവും സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്.

ആക്രമണത്തെക്കുറിച്ച് ഇസ്രാഈല്‍ പ്രതികരിച്ചിട്ടില്ല. ദമാസ്‌കസിന്റെ സമീപ പ്രദേശങ്ങളില്‍ ഇസ്രാഈല്‍ ആക്രമണം പതിവാണ്. തുര്‍ക്കി – സിറിയ അതിര്‍ത്തിയിലുണ്ടായ ഭൂകമ്പം വിതച്ച നാശത്തില്‍ നിന്നും കരകയറുന്നതിന് മുമ്പേയാണ് ഇസ്രാഈലിന്റെ ആക്രമണം.

ജനുവരി 2നായിരുന്നു ദമാസ്‌കസില്‍ അവസാനമായി ഇസ്രാഈല്‍ വ്യോമാക്രമണം റിപ്പോര്‍ട്ട് ചെയ്തത്. അന്താരാഷ്ട്ര വിമാനം കേന്ദ്രീകരിച്ച് നടത്തിയ ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

സമീപവര്‍ഷങ്ങളിലായി സര്‍ക്കാര്‍ അധീനതയിലുള്ള സിറിയന്‍ പ്രദേശങ്ങളില്‍ ഇസ്രാഈല്‍ ആക്രമണങ്ങള്‍ നടത്തിവരികയാണ്.

അതേസമയം ഫെബ്രുവരി ആറിന് ഉണ്ടായ ഭൂചലനത്തില്‍ സിറിയയില്‍ മാത്രം കൊല്ലപ്പെട്ടവരുടെ എണ്ണം 5800 കടന്നതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. 46000ത്തിലധികം പേരാണ് തുര്‍ക്കിയിലും സിറിയയിലുമായി കൊല്ലപ്പെട്ടത്.

Content Highlight: Israel airstrikes kills five people in syria, first attack after quake