ഫലസ്തീനിലെ തുരങ്കങ്ങള്‍ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് ഇസ്രഈല്‍; നടപടി വന്‍ ദുരന്തത്തിന് കാരണമാകുമെന്ന് വിദഗ്ധര്‍
World
ഫലസ്തീനിലെ തുരങ്കങ്ങള്‍ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് ഇസ്രഈല്‍; നടപടി വന്‍ ദുരന്തത്തിന് കാരണമാകുമെന്ന് വിദഗ്ധര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th November 2023, 10:18 pm

ഗസ: ഫലസ്തീനില്‍ ഇസ്രഈല്‍ അധിനിവേശം തുടരുന്നതിനിടയില്‍ ഹമാസ് സൂക്ഷമമായി തയ്യാറാക്കിയ തുരങ്കങ്ങള്‍ തകര്‍ക്കാന്‍ ഇസ്രഈല്‍ സൈന്യം ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്. തുരങ്കത്തിന്റെ ആദ്യഭാഗങ്ങള്‍ ഉപരോധിച്ചതില്‍ ഇസ്രഈല്‍ സൈന്യം തടസങ്ങള്‍ നേരിട്ടിരുന്നെന്നും, ഭൂഗര്‍ഭ അറകള്‍ ഇല്ലാതാക്കുന്നതിലൂടെ സൈന്യം വലിയ വെല്ലുവിളികള്‍ സൃഷ്ടിക്കുമെന്നും വിദഗ്ധര്‍ അഭിപ്രയപെട്ടു.

തുരങ്കം മുഴുവനായും ഇല്ലാതാക്കുന്നത് മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന ദൗത്യമായിരിക്കുമെന്ന് തുര്‍ക്കിയിലെ അറ്റ്‌ലാന്റിക് കൗണ്‍സിലിലെ നോണ്‍ റെസിഡന്റ് സീനിയര്‍ ഫെല്ലോ റിച്ചാര്‍ഡ് ഔട്ട്സെന്‍ ചൂണ്ടിക്കാട്ടി. കൂടാതെ തുരങ്കം നശിപ്പിക്കുന്നതിനായി ഇസ്രഈല്‍ സൈന്യം ഫലസ്തീനിലെ വിവിധ പ്രദേശങ്ങളില്‍ വ്യാപകമായി കുഴിയെടുക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉപരിതലത്തില്‍ നിന്ന് നശിപ്പിക്കാന്‍ എളുപ്പമുള്ള ആഴം കുറഞ്ഞ തുരങ്കങ്ങളില്‍ കമാന്‍ഡോ കേന്ദ്രങ്ങള്‍, ആയുധ സംഭരണികള്‍, മിസൈലുകള്‍, ഹമാസ് പിടിച്ചെടുത്ത 240 ഓളം ഇസ്രഈലി തടവുകാരും ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഫലസ്തീനിലെ തുരങ്കങ്ങള്‍ ഹമാസിന് പ്രത്യാക്രമണങ്ങള്‍ നടത്താനും ഇസ്രഈലി സൈന്യത്തില്‍ നിന്ന് മറഞ്ഞുനില്‍ക്കാനുമുള്ള ഇടമയാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

കഴിഞ്ഞ 17 വര്‍ഷമായി ഹമാസിന്റെ പ്രധാന ശ്രമങ്ങളിലൊന്ന് തുരങ്കങ്ങള്‍ കുഴിക്കലായിരുന്നുവെന്നും അത് അവരെ പ്രതിരോധശേഷിയുള്ളവരാക്കി മാറ്റിയെന്നും ലണ്ടനിലെ കിങ്സ് കോളേജിലെ പ്രതിരോധ പഠന വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസര്‍ ആന്‍ഡ്രിയാസ് ക്രീഗ് പറഞ്ഞു. ഈ പ്രവര്‍ത്തനം ഹമാസിന്റെ സൈഡ് ആക്റ്റിവിറ്റി ആയിരുന്നില്ലെന്നും സാങ്കേതിക നേട്ടങ്ങളുള്ള ഇസ്രഈല്‍ തുരങ്കം തകര്‍ക്കുന്നതിലേക്ക് മാത്രം ശ്രദ്ധ ചെലുത്തുമ്പോള്‍ ഭാവിയില്‍ അവരുടെ മത്സര നേട്ടം ഇല്ലാതാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുരങ്കങ്ങളില്‍ പ്രവേശിക്കുന്നത് വെല്ലുവിളികള്‍ ഉയര്‍ത്തുമെന്നും ആവശ്യമില്ലാത്ത പക്ഷം ഇസ്രഈല്‍ അത് ചെയ്യുന്നത് ഒഴിവാക്കാന്‍ ശ്രമിക്കണമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. തുരങ്കങ്ങളില്‍ ഓക്‌സിജന്‍ കുറവാണെന്നും ദൃശ്യത പരിമിതമാണെന്നും വിദഗ്ധര്‍ സൂചിപ്പിച്ചു.

സിവിലിയന്‍ മരണങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടത്ര മുന്‍കരുതലുകള്‍ ഇസ്രഈല്‍ എടുത്തിട്ടില്ലെന്നും, ഇസ്രഈല്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്നുവെന്നും മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചു.

നിലവില്‍ ഗസയില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ 11,070 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇതില്‍ 4500ല്‍ അധികം പേരും കുട്ടികളാണ്.

Content Highlight: Israel aims to destroy tunnels in Palestine