| Saturday, 30th December 2023, 9:58 am

ഗസയിൽ നിന്ന് പിരിച്ച നികുതിപ്പണം ഫലസ്തീൻ അതോറിറ്റിക്ക് കൈമാറണം; യു.എസ് അഭ്യർത്ഥന വീണ്ടും നിരസിച്ച് ഇസ്രഈൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെൽ അവീവ്: ഗസയിൽ നിന്ന് ഇസ്രഈൽ പിരിച്ചെടുത്ത നികുതിപ്പണം ഫലസ്തീൻ അതോറിറ്റിക്ക് കൈമാറണമെന്ന യു.എസ് അഭ്യർത്ഥന വീണ്ടും തള്ളി ഇസ്രഈൽ.

താൻ ഇസ്രഈലിന്റെ ധനകാര്യ മന്ത്രി ആയിരിക്കുന്നിടത്തോളം കാലം ഗസയിലേക്ക് ഒരു ഷെക്കൽ (ഇസ്രഈൽ കറൻസി) പോലും നൽകില്ലെന്ന് ഇസ്രഈലിന്റെ ധനകാര്യ മന്ത്രിയായ ബെസാലെൽ സ്‌മോട്രിച്ച് പറഞ്ഞു.

തങ്ങളുടെ വിധി മറ്റുള്ളവർക്ക് എറിഞ്ഞുകൊടുക്കില്ലെന്ന് സ്‌മോട്രിച്ച് പറഞ്ഞു.

ഗസയിലെ ഇസ്രഈലി യുദ്ധം ആരംഭിച്ച ഒക്ടോബർ ഏഴ് മുതൽ ഫലസ്തീനി അതോറിറ്റിക്ക് വേണ്ടി ഫലസ്തീനികളിൽ നിന്ന് പിരിച്ച നികുതി കൈമാറണമെന്ന ആവശ്യം ഇസ്രഈൽ തുടർച്ചയായി നിരസിച്ചുവരികയാണ്.

നവംബറിൽ ഫലസ്തീൻ അതോറിറ്റി ഗസക്കായി വകയിരുത്തിയ തുക കുറച്ച് വ്യവസ്ഥകളോടെ നികുതിപ്പണം ഫലസ്തീനികൾക്ക് കൈമാറാൻ സ്‌മോട്രിച്ച് അനുവദിച്ചിരുന്നു.

ഫലസ്തീൻ അതോറിറ്റിയുടെ നികുതി വരുമാനം പിടിച്ചുവെക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്രഈലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാവുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ‘പ്രയാസകരമായ സംഭാഷണം’ നടത്തിയെന്ന് അമേരിക്കൻ ആക്സിയോൺ വെബ്സൈറ്റ് ഡിസംബർ 28ന് റിപ്പോർട്ട് ചെയ്തിരുന്നു.

ഫലസ്തീൻ അതോറിറ്റിയുടെ സാമ്പത്തിക തകർച്ച മൂലം സുരക്ഷാ സേനക്ക് ശമ്പളം നൽകാൻ സാധിക്കാതെ വരികയും അധിനിവേശ വെസ്റ്റ്ബാങ്കിൽ കലാപം പൊട്ടിപ്പുറപ്പെടാൻ കാരണമായേക്കുമെന്നും യു.എസ് ഭരണകൂടം ആശങ്കപ്പെടുന്നതായി യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് ആക്സിയോസ് റിപ്പോർട്ട് ചെയ്തു.

ഫലസ്തീൻ അതോറിറ്റിക്ക് വേണ്ടി കയറ്റുമതിയിലും ഇറക്കുമതിയിലും ഫലസ്തീനിലും ഇസ്രഈലിലും മഖാസ എന്നറിയപ്പെടുന്ന നികുതിപ്പണം പിരിക്കുന്നത് ഇസ്രഈലി സർക്കാരാണ്. നികുതി പിരിക്കുന്നതിന് പകരമായി ഇസ്രഈലിന് മൂന്ന് ശതമാനം കമ്മീഷൻ ലഭിക്കും.

പ്രതിമാസം നികുതിയിനത്തിൽ ലഭിക്കുന്ന 188 മില്യൺ ഡോളറാണ് ഫലസ്തീൻ അതോറിറ്റിയുടെ പ്രധാന വരുമാനം.

ഈ ഫണ്ട് ഉപയോഗിച്ചാണ് അതോറിറ്റി സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകുന്നത്. ഫലസ്തീനിൽ 1,40,000 സർക്കാർ ജീവനക്കാരും 53,000 വിരമിച്ചവരുമാണ് ഉള്ളത്.

CONTENT HIGHLIGHT: Israel again turns down US request to transfer tax money collected in Palestine

We use cookies to give you the best possible experience. Learn more