| Saturday, 28th October 2023, 8:41 am

ആംനസ്റ്റി ഇന്റര്‍നാഷണല്‍ യഹൂദവിരുദ്ധമെന്ന് ഇസ്രഈല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ആംനസ്റ്റി ഇന്റര്‍നാഷണലിനെ പക്ഷപാതപരവും യഹൂദവിരുദ്ധവുമെന്ന് ആരോപിച്ച് ഇസ്രഈല്‍. നിലവിലെ ഗസ സംഘര്‍ഷത്തിലെ എല്ലാ കക്ഷികളും യുദ്ധകുറ്റങ്ങള്‍ ചെയ്യുന്നതുള്‍പ്പെടെ മാനുഷിക നിയമങ്ങള്‍ ലംഘിച്ചു എന്ന് സംഘടന പറഞ്ഞതിന് ശേഷമാണിതെന്ന് വാര്‍ത്ത പോര്‍ട്ടലായ പൊളിറ്റിക്കോ വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

അതേ ദിവസം തന്നെ ഉടനടി വെടിനിര്‍ത്തലിനും ദീര്‍ഘകാലമായി നടക്കുന്ന യുദ്ധക്കുറ്റങ്ങള്‍ക്കും ക്രൂരതകള്‍ക്കും എതിരായ സ്വതന്ത്ര അന്വേഷണത്തിനും സംഘടന ആവശ്യപ്പെട്ടു. സംഘര്‍ത്തിന്റെ മൂലകാരണം എല്ലാ ഫലസ്തീനികള്‍ക്ക് മേലും ഇസ്രഈല്‍ അടിച്ചേല്‍പ്പിച്ച വര്‍ണവിവേചന സമ്പ്രദായമാണെന്ന് സംഘടന പ്രസ്താവനയില്‍ പറഞ്ഞു.

‘യുദ്ധ കുറ്റങ്ങള്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ഗുരുതരമായ ലംഘനങ്ങള്‍ സംഘര്‍ഷത്തിലെ എല്ലാ കക്ഷികളും ചെയ്തിട്ടുണ്ട്,’ ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ സെക്രട്ടറി ജനറല്‍ ആഗ്‌നസ് കാലമര്‍ഡ് പറഞ്ഞു.

ഇതിനു മറുപടിയായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇസ്രഈലിനെതിരെ പക്ഷപാതം കാണിക്കുന്ന ഒരു യഹൂദവിരുദ്ധ സംഘടനയാണെന്ന് ഇസ്രയേല്‍ വിദേശകാര്യമന്ത്രാലയ വക്താവ് ലിയോ ഹയാത്ത് പൊളിറ്റിക്കയോട് പറഞ്ഞു. ഒരു മനുഷ്യാവകാശ സംഘടനയായി സ്വയം ചിത്രീകരിക്കാന്‍ അതിന് ധാര്‍മിക അധികാരമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒക്ടോബര്‍ എഴിന് ഇസ്രഈലിനെതിരെ നടന്ന ഹമാസാക്രമണത്തില്‍ ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെടുകയും 200 ഓളം പേര്‍ ബന്ദികളാക്കപ്പെടുയും ചെയ്തപ്പോള്‍ സംഘടന മൗനം പാലിച്ചന്ന് ഹയാത്ത് പറഞ്ഞു. ഹമാസ് അക്രമികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രൊപ്പഗാണ്ട സംഘടനയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

യുദ്ധത്തില്‍ 1405 പേര്‍ കൊല്ലപ്പെട്ടതായി ഇസ്രഈല്‍ അധികൃതര്‍ അറിയിച്ചു. 3000ത്തിലധികം കുട്ടികള്‍ ഉള്‍പ്പെടെ 7434 ഫലസ്തീനികളുടെ കൊല്ലപ്പെട്ടതായാണ് ഗസയിലെ ആരോഗ്യം മന്ത്രാലയം കണക്കാക്കുന്നത്.

ശൂന്യതയില്‍ നിന്നല്ല ഹമാസാക്രമണം പൊട്ടിപ്പുറപ്പെട്ടതെന്നും 56 വര്‍ഷത്തോളമായി ഫലസ്തീന്‍ ജനത അധിനിവേശത്തില്‍ ശ്വാസം മുട്ടുകയാണെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് സെക്യൂരിറ്റി കൗണ്‍സിലില്‍ പറഞ്ഞു. എന്നാലിപ്പോള്‍ രാഷ്ട്രീയ പരിഹാരത്തിനായുള്ള അവരുടെ പ്രതീക്ഷകള്‍ മങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തീവ്രവാദികളോടും കൊലപാതകികളോടും ഗുട്ടറസ് അനുകമ്പ കാണിക്കുകയാണെന്നും അദ്ദേഹം രാജിവെക്കണമെന്നും ഇസ്രഈല്‍ വിദേശ്യ കാര്യമന്ത്രി എലി കോഹന്‍ ഇതിനോട് പ്രതികരിച്ചു.

content highlught: Israel accuses Amnesty International of anti-Semitism

We use cookies to give you the best possible experience. Learn more