ഇസ്രാഈലിലെ കാട്ടുതീ നിയന്ത്രണാതീതം; സഹാവുമായി ഫലസ്തീന്‍
Daily News
ഇസ്രാഈലിലെ കാട്ടുതീ നിയന്ത്രണാതീതം; സഹാവുമായി ഫലസ്തീന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 25th November 2016, 8:06 pm

ഹൈഫ മേഖലകളില്‍ ആളിപ്പടരുന്ന കാട്ടുതീ നിയന്ത്രണ വിധേയമാക്കാന്‍ ഇസ്രാഈല്‍ ഫയര്‍ഫോഴ്‌സും ഫലസ്തീന്‍ സംഘവും യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് ഇസ്രാഈല്‍ സര്‍ക്കാര്‍ അറിയിച്ചു.

ജറുസലേം: ഇസ്രാഈലിലെ കാട്ടുതീ നിയന്ത്രണാതീതമായി തുടരുന്നു. ഇതിനിടെ കാട്ടുതീ നിയന്ത്രണ വിധേയമാക്കാന്‍ ഫലസ്തീന്‍ സര്‍ക്കാരിന്റെ സഹായവാഗ്ദാനം ഇസ്രായേല്‍ സ്വീകരിച്ചു.

ഫലസ്തീനില്‍ നിന്നുള്ള നാല് അഗ്‌നിശമന സംഘങ്ങള്‍ ഇസ്രാഈലിലെത്തും. ഇസ്രാഈലിലും വെസ്റ്റ് ബാങ്കിലും നാല് ദിവസങ്ങളായി തുടരുന്ന കാട്ടുതീ വലിയ നാശനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ജനവാസ കേന്ദ്രങ്ങളിലേക്ക് തീ പടര്‍ന്നതിനെ തുടര്‍ന്ന് ചിലയിടങ്ങളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിക്കുകയാണ്. കാട്ടുതീ ഹൈഫ സിറ്റിയിലേക്കും  വ്യാപിച്ചിട്ടുണ്ട്.

ഹൈഫ മേഖലകളില്‍ ആളിപ്പടരുന്ന കാട്ടുതീ നിയന്ത്രണ വിധേയമാക്കാന്‍ ഇസ്രാഈല്‍ ഫയര്‍ഫോഴ്‌സും ഫലസ്തീന്‍ സംഘവും യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് ഇസ്രാഈല്‍ സര്‍ക്കാര്‍ അറിയിച്ചു.

ഫലസ്തീന് പുറമെ, റഷ്യ, തുര്‍ക്കി, ഗ്രീസ്, ഇറ്റലി, ക്രൊയേഷ്യ, സൈപ്രസ് എന്നീ രാജ്യങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാക്കാന്‍ ഈ രാജ്യങ്ങള്‍ 10 വിമാനങ്ങള്‍ അയക്കും. അമേരിക്കയുടെ ബോയിങ് 747 സൂപ്പര്‍ടാങ്കര്‍ വിമാനവും ഉടന്‍ ഇസ്രായേലിലെത്തും.

ഇസ്രാഈലിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ ഹൈഫയിലേക്ക് കാട്ടുതീ വ്യാപിച്ചതിനെ തുടര്‍ന്ന് 80,000ത്തോളം നഗരവാസികളെ പ്രദേശത്ത് നിന്നും ഒഴിപ്പിച്ചിരുന്നു. തീയില്‍ 130ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.