ഇസ്രഈൽ വെടിനിർത്തൽ കരാർ അംഗീകരിച്ചെന്ന് അൽ ജസീറ റിപ്പോർട്ട്
Worldnews
ഇസ്രഈൽ വെടിനിർത്തൽ കരാർ അംഗീകരിച്ചെന്ന് അൽ ജസീറ റിപ്പോർട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd February 2024, 10:36 am

 

ദോഹ: ഹമാസുമായുള്ള യുദ്ധത്തിൽ ഇസ്രഈൽ വെടിനിർത്തൽ കരാർ അംഗീകരിച്ചെന്ന് അൽ-ജസീറ റിപ്പോർട്ട്. ഹമാസിന്റെ ഭാഗത്തുനിന്നും അനുകൂല പ്രതികരണം ലഭിച്ചെന്നും ഖത്തറിലെ വിദേശകാര്യമന്ത്രാലയത്തെ ഉദ്ധരിച്ചുകൊണ്ട് അൽ ജസീറ റിപ്പോർട്ട് ചെയ്തു.

ഖത്തർ- ഈജിപ്ഷ്യൻ നയതന്ത്ര പ്രതിനിധികളാണ് കഴിഞ്ഞ ആഴ്ച പാരിസിൽ വെച്ചു നടന്ന ചർച്ചയിൽ മധ്യസ്ഥത വഹിച്ചത്. ഗസയിൽ നിന്നും ജെറുസലേമിൽ നിന്നുമുള്ള പ്രതിനിധികൾ വിഷയം കൂടുതൽ പഠിക്കണമെന്ന് പറഞ്ഞുകൊണ്ട് പരീസിൽ നിന്നും മടങ്ങുകയായിരുന്നു.

‘ഇസ്രഈൽ വെടിനിർത്തൽ കരാർ അംഗീകരിച്ചു. പോസിറ്റീവായിട്ടുള്ള പ്രതികരണമാണ് ഹമാസും നൽകുന്നത്. അവരുടെ മറുപടിക്ക് വേണ്ടി ഞങ്ങൾ കാത്തിരിക്കുകയാണ്,’ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.

മൂന്ന് ഘട്ടങ്ങളിലായിട്ടാണ് വെടിനിർത്തൽ നടക്കുകയെന്ന് നേരത്തെ ഹമാസ് റോയിട്ടേഴ്‌സിനോട് പറഞ്ഞിരുന്നു. ആദ്യഘട്ടത്തിൽ 40 ദിവസത്തേക്ക് യുദ്ധം നിർത്തിവെക്കും. ആ സമയത്ത് സ്ത്രീകൾ കുട്ടികൾ, പ്രായമായവർ എന്നിവരെ മോചിപ്പിക്കും. മരുന്നിന്റെയും ഭക്ഷണത്തിന്റെയും വിതരണം പുനരാരംഭിക്കും.

രണ്ടാംഘട്ടത്തിൽ ഫലസ്തീൻ തടവുകാരെ ഇസ്രഈലിൽ നിന്ന് മോചിപ്പിക്കുന്നതിനു പകരമായി ഇസ്രഈൽ തടവുകാരെ മോചിപ്പിക്കും. ഇസ്രഈൽ സൈനികരുടെ മൃതദേഹങ്ങൾ കൈമാറുകയും ചെയ്യും.

മൂന്നാം ഘട്ടത്തിൽ ഇരുവശത്തു നിന്നുമുള്ള സൈനിക ആക്രമണങ്ങൾ അവസാനിപ്പിക്കും. എന്നാൽ എത്ര ഫലസ്തീൻ തടവുകാരെ മോചിപ്പിക്കണമെന്നുള്ളത് ചർച്ചകൾക്ക് ശേഷമായിരിക്കും തീരുമാനിക്കുക.

Content Highlight: Israel accepts ceasefire deal – Al Jazeera