ഇസ്രഈല്‍ ഒരു 'ഭീകര രാഷ്ട്രം', ഗസയിലേത് വംശഹത്യ: ക്യൂബ
World
ഇസ്രഈല്‍ ഒരു 'ഭീകര രാഷ്ട്രം', ഗസയിലേത് വംശഹത്യ: ക്യൂബ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th December 2023, 2:51 pm

 

ഹവാന: ഗസയില്‍ വംശഹത്യ നടത്തുന്ന ഭീകരരാഷ്ട്രമാണ് ഇസ്രഈലെന്ന് ക്യൂബന്‍ പ്രസിഡന്റ് മിഗ്വല്‍ ഡയസ് കാനല്‍. നേരത്തെയും ഇസ്രഈലിനെതിരെ കടുത്ത വിമര്‍ശനവുമായി മിഗ്വല്‍ ഡയസ് കാനല്‍ രംഗത്തെത്തിയിരുന്നു.

ഫലസ്തീനെതിരായ ഇസ്രഈലിന്റെ യുദ്ധം മനുഷ്യരാശിക്ക് അപമാനമാണെന്നായിരുന്നു അദ്ദഹം നേരത്തെ എക്‌സില്‍ കുറിച്ചിരുന്നത്. ഇസ്രഈലുമായി ഔപചാരിക നയതന്ത്ര ബന്ധങ്ങളൊന്നുമില്ലാത്ത കരീബിയന്‍ രാഷ്ട്രമാണ് ക്യൂബ.

ഫലസ്തീന്‍ വിഷയത്തില്‍ ക്യൂബ ഒരിക്കലും നിസ്സംഗത പുലര്‍ത്തിയിട്ടില്ലെന്നും ഫലസ്തീന് വേണ്ടി വീണ്ടും വീണ്ടും ശബ്ദമുയര്‍ത്തിക്കൊണ്ടേയിരിക്കും എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

ഗസ മുനമ്പില്‍ കഴിഞ്ഞ രണ്ടര മാസത്തിലേറെയായി തുടരുന്ന ഇസ്രഈല്‍-ഫലസ്തീന്‍ യുദ്ധം അവസാനിപ്പിക്കണമെന്നും ക്യൂബന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടു.

‘ഇസ്രഈല്‍ എന്ന ഭീകര രാഷ്ട്രം ഗസയില്‍ നടത്തിയ വംശഹത്യ മുഴുവന്‍ മനുഷ്യരാശിക്കും അപമാനമാണ്. എത്രകാലം ഈ വിധമുള്ള ശിക്ഷാവിധി ഇവര്‍ നടപ്പാക്കും? എത്ര കാലം ഈ കൊലപാതകം തുടരും? ഈ വിഷയത്തില്‍ ഒരിക്കലും നിസ്സംഗത പുലര്‍ത്താത്ത ക്യൂബ, പലസ്തീനു വേണ്ടി വീണ്ടും വീണ്ടും ശബ്ദം ഉയര്‍ത്തുന്നു,’ കാനല്‍ എക്‌സില്‍ കുറിച്ചു.

കഴിഞ്ഞയാഴ്ച ക്യൂബന്‍ പാര്‍ലമെന്റ് ഫലസ്തീന്‍ ജനതയ്ക്കും രാഷ്ട്രപദവിക്ക് വേണ്ടിയുള്ള അവരുടെ ആവശ്യത്തിനും പിന്തുണ അറിയിക്കുന്ന പ്രമേയം പാസ്സാക്കിയിരുന്നു.

ഫലസ്തീന്‍ വിഷയത്തില്‍ അന്താരാഷ്ട്ര നയതന്ത്രം പരാജയപ്പെട്ടൈന്നും ഇസ്രഈലിന്റെ ‘ക്രൂരമായ പ്രവൃത്തികളെ’ അപലപിക്കുന്നുവെന്നും പ്രമേയം ചൂണ്ടിക്കാട്ടിയിരുന്നു. ഫലസ്തീനെതിരായ ഇസ്രഈലിന്റെ ആക്രമണം വംശഹത്യയാണെന്നും പ്രമേയം വ്യക്തമാക്കിയിരുന്നു.

‘ഈ വംശഹത്യയില്‍ യു.എസിനുള്ള ഉത്തരവാദിത്തത്തെയും പങ്കാളിത്തത്തെയും ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു,’ എന്നായിരുന്നു ഇസ്രഈലിന് വേണ്ടി യു.എന്‍ സുരക്ഷാ കൗണ്‍സിലില്‍ വാഷിംഗ്ടണ്‍ വീറ്റോ അധികാരം ഉപയോഗിച്ചതിനെ പരാമര്‍ശിച്ച് ക്യൂബ ചൂണ്ടിക്കാട്ടിയത്.

അമേരിക്കന്‍ ഗവണ്‍മെന്റിന്റെ പിന്തുണയാണ് ഇസ്രഈലിനെ കൊണ്ട് ഇത്തരമൊരു വംശഹത്യ ചെയ്യിപ്പിക്കുന്നതെന്നും മറ്റ് അനന്തരഫലങ്ങള്‍ ഉണ്ടാവില്ലെന്ന ഇസ്രഈലിന്റെ വിശ്വാസത്തിന് പിന്നിലും യു.എസ് ആണെന്നും പ്രമേയം പറയുന്നു.

അതേസമയം അമേരിക്കന്‍ സമ്മര്‍ദത്തിന് കീഴിലാണ് തങ്ങളെന്ന ആരോപണം ഇസ്രഈലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വക്താവുമായ ടാല്‍ ഹെന്റിച്ച് തള്ളിക്കളഞ്ഞു. യുദ്ധത്തിന്റെ കാര്യത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ബന്ധം പുലര്‍ത്തുന്നില്ലെന്നായിരുന്നു ഇസ്രഈലിന്റെ വാദം. മാത്രമല്ല ഗസയിലെ സിവിലിയന്‍മാരുടെ മരണത്തിന് ഉത്തരവാദികള്‍ തങ്ങളല്ലെന്നും ഹമാസ് ആണെന്നുമാണ് ഇസ്രഈലിന്റെ വാദം.

അതേസമയം ഇസ്രഈല്‍ സൈന്യം നടത്തുന്ന ആക്രമണത്തില്‍ ഫലസ്തീനില്‍ 21000 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്.

Content Highlight: Israel a ‘terrorist state’- Cuba