Sports News
ശുചിമുറിയില്‍ ഭക്ഷണം വിളമ്പുന്നതിനേക്കാള്‍ നല്ലത് അവരെ പട്ടിണിക്കിടുന്നതല്ലേ? ഇങ്ങനെ അപമാനിക്കപ്പെടേണ്ടവരാണോ നമ്മുടെ കായിക താരങ്ങള്‍?
പല കാരണങ്ങള്‍ കൊണ്ടും അവഗണന നേരിടുന്നവരാണ് ഇന്ത്യയിലെ കായിക താരങ്ങള്‍ എന്നത് പലപ്പോഴായി നമ്മള്‍ മറന്നു പോകുന്ന കാര്യമാണ്. വേതനത്തിന്റെ കാര്യത്തിലായിക്കോട്ടെ മറ്റ് അടിസ്ഥാന കാര്യങ്ങളിലായിക്കൊള്ളട്ടെ അര്‍ഹിക്കപ്പെടുന്ന അംഗീകാരം കിട്ടാത്ത ഒട്ടനവധി താരങ്ങള്‍ ഇന്ത്യയിലുണ്ടെന്ന് പറയാതിരിക്കാന്‍ വയ്യ.
അത്തരത്തിലൊരു സംഭവമാണ് ഇപ്പോള്‍ ഉത്തര്‍പ്രദേശില്‍ നടന്നിരിക്കുന്നത്. കബഡി ടീമിലെ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കിയിരിക്കുന്നത് ശുചിമുറിയിലാണ്. എന്തു പ്രഹസനമാണ് നടന്നിരിക്കുന്നതെന്ന് ആലോചിച്ചു നോക്കൂ..
യു.പിയിലെ സഹറാന്‍പൂരില്‍ ഭീംറാവു അംബേദ്കര്‍ സ്റ്റേഡിയത്തിലാണ് സംഭവം. താരങ്ങളും പരിശീലകരും ഉള്‍പ്പെടെയുള്ള 300ലധികം പേര്‍ക്കാണ് ശുചിമുറിയില്‍ വച്ച് ഭക്ഷണം വിതരണം ചെയ്തത്.
പരിതാപകരമായ ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടപ്പോഴാണ് വാര്‍ത്ത പുറം ലോകം അറിയുന്നത്.
വൃത്തിഹീനമായ ശുചിമുറിയോട് ചേര്‍ന്ന് കിടക്കുന്ന തറയില്‍ സൂക്ഷിച്ച ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കുട്ടികള്‍ ഓരോരുത്തരായി വന്നെടുത്ത് കഴിക്കുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം. മാത്രമല്ല ഭക്ഷണം പാചകം ചെയ്യാനാവശ്യമായ പച്ചക്കറിയടക്കമുള്ള വസ്തുക്കളും പാചകത്തിനുപയോഗിച്ച പാത്രങ്ങളും ശുചുമുറിയില്‍ സൂക്ഷിച്ചിരിക്കുന്നത് കാണാം.
സംഭവം വിവാദമായതോടെ ആളുകളുടെ പ്രതിഷേധം രൂക്ഷമായിട്ടുണ്ടെങ്കിലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇതുവരെ യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല എന്നുള്ളതാണ്.
രാജ്യത്തിന്റെ സ്വന്തം വിനോദമായിട്ടു കൂടി കബഡിക്ക് കൂടുതല്‍ പ്രാധാന്യം ഇന്ത്യ നല്‍കുന്നില്ല എന്നുള്ളതിന് ഇതിലും മികച്ച ഉദാഹരണം കാണാനാകില്ല. കബഡിയുടെ കാര്യത്തില്‍ മാത്രമല്ല ക്രിക്കറ്റിലും ഫുട്ബോളിലുമടക്കം കായിക താരങ്ങള്‍ അവഗണന നേരിടുന്നുണ്ട്.
അധികാരികളുടെ കെടുകാര്യസ്ഥത മൂലം ഒന്നും നേടാനാവാതെ പോകുന്ന അടിത്തട്ടിലെ താരങ്ങളുടെ അവസ്ഥ കൂടി ഈ സന്ദര്‍ഭത്തില്‍ ഓര്‍ത്തു പോവുകയാണ്. അവരെടുക്കുന്ന എഫേര്‍ട്ടിനോ കഷ്ടപ്പാടിനോ വേണ്ട പരിഗണന ലഭിക്കാതിരിക്കുന്നത് എന്തു കഷ്ടമാണ്.
ഈയിടെയാണ് പ്രശസ്ത സ്പോര്‍ട്സ് ജേണലിസ്റ്റ് ജെയ്മി ആള്‍ട്ടര്‍ ഉത്തരാഖണ്ഡ് ക്രിക്കറ്റ് ബോഡില്‍ നടക്കുന്ന അഴിമതിയെ കുറിച്ച് എക്സ്‌ക്ലൂസീവ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം താരങ്ങള്‍ക്ക് അവരുടെ ഔദ്യോഗിക ശമ്പളത്തിന്റെ ഏഴ് ശതമാനത്തില്‍ താഴെ മാത്രമാണ് നല്‍കുന്നത്. അര്‍ഹിക്കപ്പെടുന്ന വേതനം ലഭിക്കുന്നില്ല എന്നുള്ളത് മാറ്റി നിര്‍ത്തിയാല്‍ തന്നെ തീര്‍ത്തും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലാണ് അവരെ ട്രീറ്റ് ചെയ്യുന്നതെങ്കില്‍ എങ്ങനെയാണ് കായിക താരങ്ങള്‍ക്ക് മത്സരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുക.
കൂടുതല്‍ ഒന്നും പറയാനില്ല. ബെംഗളൂരുവിന് വേണ്ടി ഡ്യൂറണ്ട് കപ്പ് നേടിയ ഇതിഹാസ താരം സുനില്‍ ഛേത്രിയേയും ശിവശക്തി നാരായണനെയും സമ്മാനദാന ചടങ്ങിനിടെ അപമാനിച്ചതും ഇതേ ഇന്ത്യയിലാണ്.
Content Highlight: Isn’t it better to starve them than to serve food in the toilet?