സമ്പൂര്‍ണ വൈദ്യുതി: പ്രഖ്യാപനം മാത്രം; ഇരുട്ടില്‍ ജീവിക്കുന്ന മാട്ടേല്‍ തുരുത്തിലെ കുടുംബങ്ങളെക്കുറിച്ച്
ലിനിഷ മാങ്ങാട്

കേരളം സമ്പൂര്‍ണ്ണമായി വൈദ്യുതീകരിച്ചു എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ അവകാശ വാദം. പക്ഷെ ആലപ്പുഴ പള്ളിപ്പുറം പഞ്ചായത്തിലെ മാട്ടേത്തുരുത്തു നിവാസികള്‍ക്ക് ഇന്നും വൈദ്യുതി ലഭിച്ചിട്ടില്ല. ടവറുകള്‍ നിര്‍മ്മിക്കാനാവശ്യമായ സമ്മതപത്രം നല്‍കിയിട്ടും യാതൊരു തുടര്‍നടപടികളും ഇത് വരെ ഈ പ്രദേശത്ത് ഉണ്ടായിട്ടില്ല.

55 വര്‍ഷത്തിന് മുകളിലായിട്ട് ഈ പ്രദേശത്ത് വൈദ്യുതി ഇല്ല. എം.എല്‍.എ ഫണ്ടില്‍ നിന്നും തുക അനുവദിച്ച് അക്കരെ പള്ളിക്കടവില്‍ ടവര്‍ നിര്‍മ്മിക്കാനാവശ്യമായ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. മാട്ടുത്തുരുത്തില്‍ പണി തുടങ്ങിയിട്ടേ ഉള്ളൂ. പണികളെല്ലാം പേരിന് വേണ്ടി തുടങ്ങിയ മട്ടിലാണ് നീങ്ങുന്നത്. പെട്ടെന്ന് തീര്‍ക്കാനുള്ള ശ്രമങ്ങള്‍ ഇല്ല. മന്ദഗതിയിലാണ് പ്രവര്‍ത്തനങ്ങള്‍ എല്ലാം നീങ്ങുന്നത്. അത് കൊണ്ട് തന്നെ ഇത് എത്രത്തോളം തീരുമെന്നോ, എന്ന് തീരുമെന്നോ ഉള്ള കാര്യത്തില്‍ യാതൊരു പ്രതീക്ഷയുമില്ല.

സോളാര്‍ പാനലിന്റെ വെളിച്ചത്തിലാണ് ഇവര്‍ ഇവിടെ ജീവിക്കുന്നത്. കഷ്ടി രണ്ടോ, മൂന്നോ വിളക്കുകള്‍ കത്തിക്കാന്‍ മാത്രമേ ഇത് കൊണ്ട് സാധിക്കുകയുള്ളൂ. വി.എസ് സര്‍ക്കാരിന്റെ കാലത്ത് അരൂര്‍ മണ്ഡലം പൂര്‍ണ്ണമായി വൈദ്യുതീകരിച്ചതിന്റെ പ്രഖ്യാപനം നടക്കുമ്പോള്‍ ഇവിടെ എല്ലാ വീടുകളിലും ഓരോ സോളാര്‍ പാനലുകള്‍ നല്‍കുകയായിരുന്നു. അവയില്‍ ഭൂരിഭാഗവും ഇപ്പോള്‍ കേടു വന്നിരിക്കുകയാണ്.

സോളാര്‍ പാനല്‍ ലഭിച്ചതോടെ ഈ പ്രദേശത്തെ ജനങ്ങളുടെ മണ്ണെണ്ണയും അധികൃതര്‍ വെട്ടിക്കുറച്ചു. പിന്നീട് പരാതികളുടെ അടിസ്ഥാനത്തില്‍ മണ്ണെണ്ണ തിരികെ ലഭിച്ചു. എന്നാല്‍ മണ്ണെണ്ണ വാങ്ങാന്‍ എല്ലാ മാസവും പഞ്ചായത്തില്‍ നിന്നും സാക്ഷിപത്രം വാങ്ങേണ്ട ഗതികേടിലാണിവര്‍. 18 കുടുംബങ്ങള്‍ ഉണ്ടായിരുന്ന തുരുത്തില്‍ നിന്ന് വൈദ്യുതിയും, വെള്ളവും ഇല്ലാത്തതിനെ തുടര്‍ന്ന് 11 കുടുംബങ്ങള്‍ ഇപ്പോള്‍ വീടും സ്ഥലവും വിറ്റ് വാടക വീടുകളിലേക്ക് മാറിയിരിക്കുകയാണ്.

സ്വന്തമായി സോളാര്‍ പാനലും ശക്തമായ ബാറ്ററി സംവിധാനവും ഏര്‍പ്പെടുത്താന്‍ കഴിയാത്തവര്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ പോലും വള്ളം തുഴഞ്ഞ് പള്ളിപ്പുറം പള്ളിഭാഗത്തുള്ള ഏതെങ്കിലും വീട്ടുകാരെ ആശ്രയിക്കണം.

ഇവിടെ എല്ലാം താമസിക്കുന്നത് മത്സ്യത്തൊഴിലാളികള്‍ ആണ്. ഇവര്‍ക്ക് വൈദ്യുതി അത്ഭുതമായ ഒരു വസ്തുവാണ്. ലോകം മുഴുവന്‍ ടിവിയും ഫോണും മറ്റ് പല ഇലക്ട്രോണിക്ക് ഉപകരണങ്ങളും ഉപയോഗിക്കുമ്പോള്‍ മട്ടേത്തുരുത്തു നിവാസികള്‍ക്ക് വൈദ്യുതിയും വൈദ്യുതി ഉപകരണങ്ങളും ഇന്നും എത്രയോ അകലെയാണ്.

വൈദ്യുതി ലഭിക്കാനായി വയറിംങ് ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തു നിന്നും കൂടുതല്‍ നടപടികള്‍ ഉണ്ടായിട്ടില്ല. ആരിഫ് എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും വൈദ്യുതി നല്‍കാനുള്ള ടവറുകള്‍ നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനം ആരംഭിച്ചിട്ട് വര്‍ഷം ഒന്ന് കഴിയുന്നു. എന്നാല്‍ കരാര്‍ ഏറ്റെടുത്തവര്‍ പണി നീട്ടിക്കൊണ്ടുപോവുകയാണെന്നാണ് നാട്ടുകാരുടെ പരാതി.

ഏഴ് കുടുംബങ്ങള്‍ മാത്രം ഉള്ളത് കൊണ്ട് ഇവിടെ വോട്ടിന്റെ എണ്ണവും കുറവാണ്. അതുകൊണ്ടാകാം തങ്ങളെ ആരും തിരിഞ്ഞു നോക്കാത്തത് എന്നാണ് മാട്ടേത്തുരുത്തുകാര്‍ പറയുന്നത്.

ലിനിഷ മാങ്ങാട്
കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേര്‍ണലിസം ഡിപ്ലോമ