കവരത്തിയില്‍ ജയില്‍ കോംപ്ലക്‌സ്; 14 കോടിയുടെ ടെന്‍ഡര്‍ ക്ഷണിച്ച് ദ്വീപ് അഡ്മിനിസ്‌ട്രേഷന്‍
Kerala News
കവരത്തിയില്‍ ജയില്‍ കോംപ്ലക്‌സ്; 14 കോടിയുടെ ടെന്‍ഡര്‍ ക്ഷണിച്ച് ദ്വീപ് അഡ്മിനിസ്‌ട്രേഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th February 2022, 11:06 pm

കൊച്ചി: കവരത്തിയില്‍ ജയില്‍ നിര്‍മിക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ച് ദ്വീപ് അഡ്മിനിസ്‌ട്രേഷന്‍. 14,90,56,000 രൂപയുടെ ടെന്‍ഡറിനാണ് കോണ്‍ട്രാക്ട് ക്ഷണിച്ചിരിക്കുന്നത്. അഡ്മിനിസ്‌ട്രേറ്ററുടെ ജനവിരുദ്ധ പരിഷ്‌കാരങ്ങളുടെ പരിണതഫലമായി ദുരിതങ്ങളില്‍ ലക്ഷദ്വീപ് നിവാസികള്‍ ബുദ്ധിമുട്ടുന്നടിനിടയിലാണ് പുതിയ നടപടി.

ദ്വീപിലെ ജനങ്ങളുടെ പ്രധാന വരുമാനമാര്‍ഗങ്ങളിലൊന്നായ കൊപ്ര വിപണനവും ആശങ്കയിലായിരിക്കുകയാണ്.

മുമ്പ് സര്‍ക്കാര്‍ സഹകരണത്തോടെ കൊപ്ര സംഭരിച്ച് വില്‍പന നടത്തി കോഓപറേറ്റിവ് സൊസൈറ്റികളില്‍നിന്ന് സര്‍ക്കാര്‍ ജീവനക്കാരെ പൂര്‍ണമായി പിന്‍വലിക്കുകയും സൊസൈറ്റികള്‍ക്ക് നല്‍കിവന്നിരുന്ന ഫണ്ട് നിര്‍ത്തലാക്കുകയും ചെയ്തു.

ലക്ഷദ്വീപിലേക്കുള്ള ഇന്ത്യന്‍ റിസര്‍വ് ബെറ്റാലിയന്‍ റിക്രൂട്ട്മന്റെില്‍ തദ്ദേശവാസികള്‍ക്കുണ്ടായിരുന്ന 50 ശതമാനം സംവരണം വെട്ടിച്ചുരുക്കി 10 ശതമാനമാക്കി. കര്‍ഷകര്‍ക്ക് സബ്‌സിഡി നിരക്കില്‍ ലഭിച്ചിരുന്ന കോഴിത്തീറ്റയും കാലിത്തീറ്റയും ഇല്ലാതാകുകയും ചെയ്തു. സ്വന്തമായി ഫാം പ്രവര്‍ത്തിപ്പിക്കുന്നതിന് നല്‍കിയിരുന്ന ധനസഹായവും നിര്‍ത്തലാക്കി.

അംഗന്‍വാടികളുടെ എണ്ണം കുറച്ചതോടെ ഗര്‍ഭിണികള്‍ക്കും ശിശുക്കള്‍ക്കും ലഭിച്ചിരുന്ന പോഷകാഹാരവും ചുരുങ്ങി. വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പും സമയബന്ധിതമായി നല്‍കുന്നില്ലെന്ന പരാതിയുണ്ട്.

അഗ്രികള്‍ചര്‍ യൂനിറ്റുകളിലെ പച്ചക്കറി കൃഷിയും വിതരണവും നിര്‍ത്തിയിരിക്കുകയാണ്. ഇവിടുത്തെ ജീവനക്കാരെ മറ്റു വിഭാഗങ്ങളിലേക്ക് മാറ്റി. കഴിഞ്ഞ ഏതാനും മാസങ്ങള്‍കൊണ്ട് നടപ്പില്‍വരുത്തിയ നയങ്ങളുടെ പരിണതഫലമായി ജനങ്ങള്‍ വലിയ ബുദ്ധിമുട്ടിലാണ്.


Content Highlight: Island Administration invites tender for construction of Jail at Kavaratti