| Friday, 19th January 2024, 9:09 am

മുസ്‌ലിം കച്ചവടക്കാരനെതിരെ വംശീയ അധിക്ഷേപം; ഒബാമയുടെ മുൻ ഉപദേശകനെ വെറുതെ വിട്ടതിൽ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോർക്ക്: തെരുവ് കച്ചവടക്കാരനെ ഉപദ്രവിക്കുകയും വംശീയ അധിക്ഷേപം നടത്തുകയും ചെയ്തതിന് അറസ്റ്റിലായ മുൻ യു. എസ്‌ ഉദ്യോഗസ്ഥാനെ വെറുതെവിട്ട് അമേരിക്ക. കഴിഞ്ഞ വർഷം അറസ്റ്റിലായ ഒബാമയുടെ ഭരണകാലത്തെ ഉപദേശകനായ സ്റ്റുവർട്ട് സെൽഡോവിറ്റ്സിനാണ് ശിക്ഷാഇളവ് നൽകിയത്. ഒരു പക്ഷപാത വിരുദ്ധ കൗൺസിലിങ്ങിന് വിധേയമാക്കണം എന്ന വ്യവസ്ഥയിൽ കുറ്റങ്ങൾ ഒഴിവാക്കുകയായിരുന്നു.

വംശീയവും ഇസ്‌ലാമിക വിരുദ്ധവുമായ അധിക്ഷേപമാണ് 24 കാരനായ മുഹമ്മദ് ഹുസൈനെതിരെ ഉദ്യോഗസ്ഥൻ നടത്തിയത്. ഹുസൈനെ ഈജിപ്തിലേക്ക് തിരികെ നാടുകടത്താൻ തന്റെ രാഷ്ട്രീയ ബന്ധങ്ങൾ ഉപയോഗിക്കുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തിയിരുന്നു. ഇവിടെ ഫുഡ് ട്രക്ക് കച്ചവടക്കാരെ ജീവിക്കാൻ സമ്മതിക്കില്ലെന്നും സെൽഡോവിറ്റ്സ് പറഞ്ഞു. ന്യൂയോർക്ക് സിറ്റി ഫുഡ് ട്രക്ക് കച്ചവടക്കാരനാണ് മുഹമ്മദ് ഹുസൈൻ.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ ഇസ്രഈൽ ആന്റ് ഫലസ്തീനിയൻ വിഷയങ്ങളിൽ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു സെൽഡോവിറ്റ്‌സ്. കഴിഞ്ഞ വർഷമാണ് ഇദ്ദേഹം വംശീയ വിദ്വേഷ അധിക്ഷേപങ്ങൾ നടത്തിയത്. വെറുതെ വിടാനുള്ള യു.എസ്‌ കോടതിയുടെ വിധിയെ മുസ്‌ലിം സംഘടനകൾ അപലപിച്ചു. ഇരയുടെ മുഖത്തേറ്റ പ്രഹരമാണ് വിധിയെന്ന് അവർ ആരോപിച്ചു.

‘നിരപരാധിയായ ഒരു തെരുവ് കച്ചവടക്കാരനെതിരെയുള്ള സെൽഡോവിറ്റ്‌സിന്റെ അധിക്ഷേപവും ഉപദ്രവവും വീഡിയോയിലൂടെ എല്ലാവരും കണ്ടതാണ്. മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണിയുടെ ഓഫീസിൽ നിന്ന് അദ്ദേഹത്തിന് ലഭിച്ച ഇളവ് അമ്പരപ്പുളവാക്കുന്നു.
നമ്മുടെ നീതിന്യായ വ്യവസ്ഥയോടുള്ള അവഹേളനമാണ് ഇത്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് ഈ ഇളവ് ഒട്ടും തന്നെ അർഹിക്കുന്നില്ല’.
കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്‌ലാമിക് റിലേഷൻസിന്റെ ന്യൂയോർക്ക് ചാപ്റ്റർ ഡയറക്ടർ അഫാഫ് നാഷർ പറഞ്ഞു.

Content Highlight : Ex-US official arrested for hate crime against halal vendor gets ‘sweetheart deal

We use cookies to give you the best possible experience. Learn more