ജയ്പൂര്‍: കശ്മീര്‍ കേന്ദ്ര സര്‍വകലാശാലയുടെ ഇസ്‌ലാമിക് ഹിസ്റ്ററി ബിരുദാനന്തര ബിരുദ കോഴ്സിനുള്ള പ്രവേശനപരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി ശുഭം യാദവ് എന്ന ഹിന്ദുമത വിശ്വാസി. ഇതാദ്യമായാണ് ഇസ്‌ലാം ഇതര, കശ്മീരിയല്ലാത്ത പരീക്ഷാര്‍ത്ഥി ഈ നേട്ടത്തിലെത്തുന്നത്.
അന്തിമ റാങ്ക് ലിസ്റ്റിലെ 93 പേരെ മറികടന്നുകൊണ്ടാണ് ശുഭം യാദവ് ഒന്നാം സ്ഥാനത്തെത്തിയത്. ലോകമെമ്പാടും ഇസ്‌ലാമോഫോബിയ പടരുന്ന കാലത്ത് ഇസ്‌ലാമിനെക്കുറിച്ച് അറിയാനുള്ള താല്‍പ്പര്യമാണ് തന്നെ ഇതിലേക്കെത്തിച്ചതെന്ന് യാദവ് ദി പ്രിന്റിനോട് പറഞ്ഞു.
‘ഇസ്‌ലാമോഫോബിയയും ധ്രുവീകരണവും വ്യാപിക്കുന്നത് കണ്ടാണ് ഇതര മതത്തെക്കുറിച്ച് പഠിക്കാന്‍ എനിക്ക് താല്‍പ്പര്യം വന്നത്. ഇസ്‌ലാമിക പഠനം എന്നത് കേവലം മുസ്‌ലീങ്ങളെക്കുറിച്ചുള്ള പഠനമല്ല, മറിച്ച് ഇസ്‌ലാമിക നിയമങ്ങളേയും സംസ്‌കാരത്തേയും കുറിച്ചുള്ള പഠനമാണ്’, യാദവ് പറഞ്ഞു.
എന്നാല്‍ താന്‍ എന്തോ വലിയ നേട്ടം സ്വന്തമാക്കി എന്ന തരത്തിലാണ് പലരും പെരുമാറുന്നതെന്നും തനിക്ക് അങ്ങനെ തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
‘എന്നെ സംബന്ധിച്ചിടത്തോളം ഇസ്‌ലാമിക് ഹിസ്റ്ററി എന്നത് നിയമം പോലെയോ ചരിത്രം പോലെയോ സോഷ്യോളജി പോലെയോ മറ്റൊരു വിഷയം മാത്രമാണ്. അതില്‍ കവിഞ്ഞൊരു കാഠിന്യവും അതിനുമില്ല’, യാദവ് പറഞ്ഞു.
സിവില്‍ സര്‍വീസ് പാസാകാനാണ് താല്‍പ്പര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാവിയില്‍ ഹിന്ദു-മുസ്‌ലീം- ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്കിടയില്‍ സാഹോദര്യം വളര്‍ത്താന്‍ വേണ്ട പല നയപരിപാടികളും ഭരണകൂടങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടി വരും.
അതിന് ഈ മതങ്ങളെപ്പറ്റി, അവയുടെ സാംസ്‌കാരിക പരിണാമങ്ങളെപ്പറ്റി ഒക്കെ ആഴത്തില്‍ അറിവുള്ളവരുടെ സാന്നിധ്യം ഭരണസംവിധാനങ്ങളില്‍ ഉണ്ടാകേണ്ടതുണ്ട്. അതുകൊണ്ടുകൂടിയാണ് സിവില്‍ സര്‍വീസിന് മുന്നെ, ഇസ്‌ലാമിക് സ്റ്റഡീസ് ഒരു ഐച്ഛിക വിഷയമായി എടുത്ത് ബിരുദാനന്തര ബിരുദം നേടാന്‍ താന്‍ ശ്രമിക്കുന്നത് എന്നും ശുഭം യാദവ് പറഞ്ഞു.
അതേസമയം കശ്മീര്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ റിലീജിയസ് സ്റ്റഡീസ് ഡിപ്പാര്‍ട്ടുമെന്റ് മേധാവി പ്രൊഫ. ഹമീദുള്ളാ മറാസി നേരിട്ട് ശുഭം യാദവിനെ ഫോണില്‍ ബന്ധപ്പെട്ട് അഭിനന്ദിച്ചു.