കാബൂള്‍: കാബൂള്‍ സര്‍വകലാശാലയുടെ പുതിയ ചാന്‍സലറായി മുഹമ്മദ് അഷ്‌റഫ് ഗൈറത്തിനെ താലിബാന്‍ നിയമിച്ചു. മുഹമ്മദ് ഉസ്മാന്‍ ബാബുരിയെ നീക്കിക്കൊണ്ടാണ് ഗൈറത്തിനെ നിയമിച്ചിരിക്കുന്നത്.
പരിചയസമ്പന്നനും പി.എച്ച്.ഡി ഹോള്‍ഡറുമായ ബാബുരിയെ മാറ്റി ഗൈറത്തിനെ ചാന്‍സിലര്‍ ആക്കിയ താലിബാന്റെ നടപടി വ്യാപകമായി വിമര്‍ശിക്കപ്പെടുന്നുണ്ട്.
അതേസമയം, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ആസൂത്രണം ചെയ്ത പദ്ധതികള്‍ അനുസരിച്ച് തങ്ങള്‍ മുന്നോട്ട് പോകുമെന്നാണ് ഗൈറത്തി പറഞ്ഞിരിക്കുന്നത്.
”ഞങ്ങള്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെ ക്ലാസുകളുണ്ടാക്കും, എല്ലാവര്‍ക്കും, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ഒരു ഇസ്‌ലാമിക അന്തരീക്ഷം നല്‍കുക എന്നതാണ് ഞങ്ങളുടെ പ്രാഥമിക ശ്രദ്ധ,” ഗൈറത്ത് പറഞ്ഞു.
അഫ്ഗാനിസ്ഥാന്റെ വികാസത്തില്‍ വിദ്യാഭ്യാസം ഒരു പ്രധാന വശമായി തങ്ങള്‍ കണക്കാക്കുന്നുവെന്നും എന്നാല്‍ മതപഠനമാണ് ഒന്നാമതെന്നും ആധുനിക ശാസ്ത്രം രണ്ടാമതാണെന്നും ഗൈറത്ത് പറഞ്ഞു.
” ഞങ്ങളുടെ പ്രാഥമിക ശ്രദ്ധ രാജ്യത്തിന്റെയും നമ്മുടെ അക്കാദമിക് സ്ഥാപനങ്ങളുടെയും ഇസ് ലാമികവത്ക്കരണത്തിലായിരിക്കും,” ഗൈറത്ത് പറഞ്ഞു.
ഇന്ത്യാ ടുഡേയോടായിരുന്നു പ്രതികരണം.
പെണ്‍കുട്ടികളെ വിദ്യാഭ്യാസം തുടരാന്‍ അനുവദിക്കുമെന്നും എന്നാല്‍ ഇസ്‌ലാമിക് വിദ്യാഭ്യാസത്തിന് അനുസൃതമായിട്ടായിരിക്കണം പഠനമെന്നും ഇയാള്‍ പറയുന്നു.