കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലെ ഫാത്തിമിയ പള്ളിയില്‍ കഴിഞ്ഞ ദിവസമുണ്ടായ ചാവേര്‍ ബോംബാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐ.എസ്) ഏറ്റെടുത്തു.
പള്ളിയുടെ കവാടത്തിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരെ ഐ.എസ് സംഘാംഗങ്ങളായ രണ്ട് പേര്‍ ചേര്‍ന്ന് വധിച്ചുവെന്ന് വെള്ളിയാഴ്ച വൈകീട്ട് ഐ.എസ് പുറത്തുവിട്ട സമൂഹമാധ്യമ പോസ്റ്റില്‍ പറയുന്നു. അനസ് അല്‍-ഖുറാസാനി, അബു അലി അല്‍-ബലൂച്ചി എന്നീ അഫ്ഗാന്‍ പൗരന്മാരാണ് ആക്രമണം നടത്തിയതെന്ന് ഐ.എസിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ അമാഖ് പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.
അമേരിക്കന്‍ സൈന്യം അഫ്ഗാന്‍ വിട്ട് പോയതിന് ശേഷം രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ ആക്രമണമായിരുന്നു വെള്ളിയാഴ്ചയിലേത്. അഫ്ഗാനില്‍ ഉയര്‍ന്നു വരുന്ന ഐ.എസ് വെല്ലുവിളിയെ നേരിടുന്നതില്‍ താലിബാന് സംഭവിച്ചുകൊണ്ടിരിക്കുന്ന വീഴ്ചകളേയും കൂടിയാണ് ഐ.എസ് രാജ്യത്ത് നടത്തുന്ന തുടര്‍ച്ചയായ ആക്രമണങ്ങള്‍ സൂചിപ്പിക്കുന്നത്.