| Sunday, 2nd December 2018, 12:01 pm

ഇസ്‌ലാമിന്റെ ശത്രുക്കള്‍ ലക്ഷ്യം വെക്കുന്നു; ഇന്ത്യയിലെ ഒരു നിയമവും ലംഘിച്ചിട്ടില്ലെന്നും സാക്കിര്‍ നായിക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ക്വാലാലംപൂര്‍: ഇന്ത്യയിലെ ഒരു നിയമവും താന്‍ ലംഘിച്ചിട്ടില്ലെന്ന് സലഫി പ്രഭാഷകന്‍
ഡോ.സാക്കിര്‍ നായിക്. തന്നെ ഇസ്‌ലാമിന്റെ ശത്രുക്കള്‍ ലക്ഷ്യം വെക്കുകയാണെന്നും സാക്കിര്‍ നായിക് പറഞ്ഞു. മലേഷ്യയില്‍ ഒരു പൊതു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സാക്കിര്‍ നായിക്.

ഇന്ത്യയില്‍ ലുക്ക്ഔട്ട് നോട്ടീസ് ഉള്ള സാക്കിര്‍ നായിക് ഇപ്പോള്‍ മലേഷ്യയിലാണ് താമസിക്കുന്നത്. താന്‍ സമാധാനമാണ് പ്രചരിപ്പിച്ചത്. സമാധാനം പുലരണമെന്ന് ആഗ്രഹിക്കാത്തവര്‍ക്ക് തന്നെ ഇഷ്ടമല്ല. ഇസ്‌ലാമിനെ പ്രചരിപ്പിക്കാന്‍ നോക്കിയതു കൊണ്ടാണ് തന്നെ ലക്ഷ്യംവെച്ചതെന്നും സാക്കിര്‍ നായിക് പറഞ്ഞു.


വിദ്വേഷ പ്രസംഗങ്ങള്‍ സംബന്ധിച്ച് അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെ 2016ലാണ് സാക്കിര്‍ നായിക് ഇന്ത്യ വിടുന്നത്. യുവാക്കളെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുക, അക്രമത്തെ പ്രോത്സാഹിപ്പിക്കുക, അനധികൃത പണമിടപാട് തുടങ്ങിയ കുറ്റങ്ങളാണ് സാക്കിര്‍ നായിക്കിനെതിരെ എന്‍.ഐ.എ ചുമത്തിയിരിക്കുന്നത്.

എന്‍.ഐ.എ അന്വേഷണത്തെ തുടര്‍ന്ന് സക്കീര്‍ നായിക്കിന്റെ ടെലിവിഷന്‍ ചാനലായ പീസ് ടി.വി നിരോധിച്ചിരുന്നു. നായിക്കിന്റെ സന്നദ്ധ സംഘടനയായ ഇസ്‌ലാമിക് ഫൗണ്ടേഷനും കേന്ദ്രസര്‍ക്കാര്‍ നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരുന്നു.

മലേഷ്യയിലെത്തിയ സാക്കിറിന് അവിടുത്തെ സര്‍ക്കാര്‍ സ്ഥിരതാമസത്തിനുള്ള അവസരമൊരുക്കുകയായിരുന്നു. ദേശീയ തീവ്രവാദ വിരുദ്ധ ഏജന്‍സിയുടെ അന്വേഷണം നേരിടുന്ന സാക്കിറിനെ എത്രയും വേഗം തിരിച്ചത്തിക്കണമെന്ന് ഇന്ത്യ പലവട്ടം ആവശ്യപ്പെട്ടെങ്കിലും മലേഷ്യന്‍ സര്‍ക്കാര്‍ ഈ ആവശ്യം നിരസിച്ചിരുന്നു.


മലേഷ്യയില്‍ നായിക്കിനെതിരെ കേസുകളൊന്നുമില്ലാത്തത് കൊണ്ടാണ് സ്ഥിരതാമസാനുമതി നല്‍കിയതെന്ന് മലേഷ്യന്‍ ഉപപ്രധാനമന്ത്രി അഹമ്മദ് സാഹിദ് ഹമീദി ഇന്ത്യയെ അറിയിച്ചിരുന്നു. സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങളാണു തങ്ങളെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു പ്രേരിപ്പിച്ചതെന്നു ബംഗ്ലദേശിലെ ധാക്കയില്‍ 2016 ജൂലൈയില്‍ സ്‌ഫോടനം നടത്തിയ ഭീകരര്‍ സമ്മതിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് സാക്കിര്‍ നായിക് ഇന്ത്യ വിട്ടത്.

We use cookies to give you the best possible experience. Learn more