മോസ്കോ: വീണ്ടും നിക്കാബ് നിരോധനവുമായി റഷ്യൻ ഇസ്‌ലാമിക സംഘടന. തെക്കൻ റഷ്യയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ കരാചേവോ ചേർക്കസിയയിലാണ് നിഖാബ് ധരിക്കുന്നത് താത്ക്കാലികമായി ഇസ്‌ലാമിക സംഘടന നിരോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ റഷ്യയിലെ ഡാഗെസ്താനിൽ നിഖാബ് നിരോധിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. സ്‍പിരിച്വൽ മുസ്‌ലിം ബോർഡ് എന്നറിയപ്പെടുന്ന മുഫസിയേറ്റിന്റെ തീരുമാനം വ്യാഴാഴ്ചയാണ് പുറത്ത് വിട്ടത്.
കഴിഞ്ഞ മാസം 22 പള്ളികളും സിനഗോഗുകളും ലക്ഷ്യമിട്ട് ഭീകരാക്രമണങ്ങൾ ഉണ്ടായതിന് പിന്നാലെ ഡാഗെസ്താനിൽ നിഖാബ് ധരിക്കുന്നത് നിരോധിക്കാൻ തീരുമാനം എടുത്തിരുന്നു. അതോടനുബന്ധിച്ചാണ് കരാചേവോ ചേർക്കസിയയിലും ഇപ്പോൾ നിഖാബ് നിരോധിക്കുന്നത്.
കഴിഞ്ഞ മാസം നടന്ന ആക്രമണത്തിൽ പുറത്ത് വന്ന റിപ്പോർട്ട് അനുസരിച്ച് അക്രമികളിലൊരാൾ നിഖാബ് ധരിച്ച് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. ഇതേ തുടർന്നാണ് പുതിയ നടപടി. ടെലിഗ്രാം ആപ്പിലൂടെയാണ് പ്രസ്താവന പുറത്ത് വിട്ടത്. റഷ്യയുടെ ദേശീയ മതകാര്യ മന്ത്രാലയത്തിന്റെ അപ്പീലിന് ശേഷം നിഖാബിന് താത്കാലിക നിരോധനം ഏർപ്പെടുത്തുകയാണെന്ന് മത സംഘടനയായ മുസ്തഫിയേറ്റ് പറഞ്ഞു.