ഇങ്ങനെയൊരു ചെയ്‌സിങ് ചരിത്രത്തിലാദ്യം; തകർത്തത് ഓസ്‌ട്രേലിയയുടെ ആരും തൊടാത്ത റെക്കോഡ്
Cricket
ഇങ്ങനെയൊരു ചെയ്‌സിങ് ചരിത്രത്തിലാദ്യം; തകർത്തത് ഓസ്‌ട്രേലിയയുടെ ആരും തൊടാത്ത റെക്കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 11th March 2024, 9:28 am

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ഇസ്ലാമാബാദ് യുണൈറ്റഡിന് തകര്‍പ്പന്‍ വിജയം. മുള്‍ട്ടാന്‍ സുല്‍ത്താന്‍സിനെ മൂന്ന് വിക്കറ്റുകള്‍ക്കാണ് യുണൈറ്റഡ് പരാജയപ്പെടുത്തിയത്. മുള്‍ട്ടാന്‍ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യമായ 228 റണ്‍സ് പിന്തുടര്‍ന്നുകൊണ്ടായിരുന്നു ഇസ്ലാമാബാദ് ജയിച്ചു കയറിയത്. ഈ വിജയത്തിന് പിന്നാലെ ഒരു ചരിത്രനേട്ടവും ഇസ്ലാമാബാദ് സ്വന്തമാക്കി.

ടി-20യില്‍ ഒരു ടീം അവസാന പന്തില്‍ ചേസ് ചെയ്ത് വിജയിക്കുന്ന ഏറ്റവും ഉയര്‍ന്ന ടോട്ടല്‍ ആണിത്. ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയിരുന്നത് ഓസ്‌ട്രേലിയ ആയിരുന്നു.

2023ല്‍ ഇന്ത്യ-ഓസ്‌ട്രേലിയ മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരത്തില്‍ ഓസ്‌ട്രേലിയ അഞ്ച് വിക്കറ്റുകളുടെ വിജയമാണ് സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 222 റണ്‍സായിരുന്നു കങ്കാരുപ്പട മറികടന്നത്.

അതേസമയം മത്സരത്തില്‍ ടോസ് നേടിയ ഇസ്ലാമാബാദ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത മുള്‍ട്ടാന്‍ ഉസ്മാന്‍ ഖാന്റെ തകര്‍പ്പന്‍ സെഞ്ച്വറി കരുത്തിലാണ് കൂറ്റന്‍ ടോട്ടല്‍ നേടിയത്.

50 പന്തില്‍ പുറത്താവാതെ 100 റണ്‍സ് നേടികൊണ്ടായിരുന്നു ഉസ്മാന്റെ മിന്നും പ്രകടനം. 15 ഫോറുകളും മൂന്ന് സിക്‌സുകളുമാണ് ഉസ്മാന്‍ നേടിയത്. ജോണ്‍സണ്‍ ചാള്‍സ് പന്തില്‍ 42 റണ്‍സ് നേടി വെടിക്കെട്ട് പ്രകടനം നടത്തിയും ടീമിനെ കൂറ്റന്‍ ടോട്ടലിലേക്ക് നയിച്ചു.

മറുപടി ബാറ്റിങ്ങില്‍ ഇസ്ലമാബാദിനായി കോളിന്‍ മണ്‍റോ 40 പന്തില്‍ 84 റണ്‍സും ക്യാപ്റ്റന്‍ ശദാബ് ഖാന്‍ 34 പന്തില്‍ 51 റണ്‍സും നേടി തിരിച്ചടിക്കുകയായിരുന്നു. മുൾട്ടാൻ ബൗളിങ്ങിൽ അബ്ബാസ് അഫ്രീദി മൂന്ന് വിക്കറ്റും മുഹമ്മദ്‌ അലി രണ്ട് വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി.

Content Highlight: Islamabad Utd beat Multan Sultans in PSL