| Sunday, 17th March 2024, 7:50 am

ആദ്യം വീണു...പിന്നെ പൊരുതിനേടി; ആറ് വര്‍ഷങ്ങളുടെ കാത്തിരിപ്പ് അവസാനിപ്പിച്ചു, ഇനി കിരീടപ്പോരാട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ഇസ്‌ലാമാബാദ് യുണൈറ്റഡ് ഫൈനലില്‍. പ്ലേഓഫില്‍ പെഷവാര്‍ സാല്‍മിയെ അഞ്ച് വിക്കറ്റുകള്‍ക്കാണ് ഇസ് ലാമാബാദ് പരാജയപ്പെടുത്തിയത്.

മത്സരത്തില്‍ ടോസ് നേടിയ ഇസ്‌ലാമാബാദ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സാല്‍വി 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സായിരുന്നു നേടിയത്.

പെഷവാറിനായി സായിം അയ്യൂബ് ആറ് ഫോറുകളും നാല് സിക്‌സുകളും അടക്കം 44 പന്തില്‍ 73 റണ്‍സ് നേടി തകര്‍ത്തടിച്ച് നിര്‍ണായകമായി. മുഹമ്മദ് ഹാരിസ് 25 പന്തില്‍ 40 റണ്‍സും നേടി കരുത്തുകാട്ടി.

ഇസ്‌ലാമാബാദ് ബൗളിങ്ങില്‍ നസീം ഷാ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇസ്‌ലാമാബാദ് 19 ഓവര്‍ അഞ്ചു വിക്കറ്റ് ബാക്കിനിൽക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. എന്നാല്‍ 100 കടക്കുന്നതിന് മുമ്പ് ഇസ്‌ലാമാബാദിന് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായിരുന്നു 91ന് അഞ്ച് എന്ന നിലയില്‍ നില്‍ക്കെ ഇമാത് വാസിമും ഹൈദര്‍ അലിയും ചേര്‍ന്ന് വിജയത്തിലെത്തിക്കുകയായിരുന്നു.

ഇമാദ് 40 പന്തില്‍ 59 റണ്‍സാണ് നേടിയത്. ഒമ്പത് ഫോറുകളാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 29 പന്തില്‍ 52 റണ്‍സ് നേടിക്കൊണ്ടായിരുന്നു ഹൈദറിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. രണ്ട് ഫോറുകളും അഞ്ച് സിക്‌സുകളുമാണ് അലി നേടിയത്. ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം മാര്‍ട്ടിന്‍ ഗപ്റ്റില്‍ 21 പന്തില്‍ 34 റണ്‍സും നേടി നിര്‍ണായകമായി.

മാര്‍ച്ച് 18നാണ് പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനല്‍ മത്സരം നടക്കുന്നത്. കറാച്ചി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ആവേശകരമായ മത്സരത്തില്‍ മുള്‍ട്ടാന്‍ സുല്‍ത്താന്‍സും ഇസ്‌ലാമാബാദ് യുണൈറ്റഡുമാണ് കിരീട പോരാട്ടത്തില്‍ ഏറ്റുമുട്ടുക.

Content Highlight: Islamabad UInited beat Peshawar Zalmi and Entered final in PSL

We use cookies to give you the best possible experience. Learn more