ക്ഷമയാണ് ഇസ്‌ലാം എന്നെ പഠിപ്പിച്ചത്; ആരെങ്കിലും ദ്രോഹിച്ചാല്‍ തിരിച്ചു ദ്രോഹിക്കുന്നതും ശരിയല്ല; ഇമാം മൗലാനാ റഷീദി
Asansol Conflict
ക്ഷമയാണ് ഇസ്‌ലാം എന്നെ പഠിപ്പിച്ചത്; ആരെങ്കിലും ദ്രോഹിച്ചാല്‍ തിരിച്ചു ദ്രോഹിക്കുന്നതും ശരിയല്ല; ഇമാം മൗലാനാ റഷീദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 31st March 2018, 11:53 pm

കൊല്‍ക്കത്ത: ക്ഷമയാണ് ഇസ്‌ലാം തന്നെ പഠിപ്പിച്ചതെന്നും ദ്രോഹിച്ചവരെ തിരിച്ചു ദ്രോഹിക്കരുതെന്നും അസന്‍സോള്‍ പള്ളിയിലെ ഇമാം മൗലാനാ ഇംദാദുല്‍ റഷീദി. ആര്‍.എസ്.എസ് നേതൃത്വത്തില്‍ നടന്ന രാമനവമി ആഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ റഷീദിയുടെ മകന്‍ കൊല്ലപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് ടൈംസ് നൗ ചാനലിന്റെ ഫോണില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

“ഇസ്‌ലാം എന്നെ സമാധാനമാണ് പഠിപ്പിച്ചത്. അത്തരക്കാരോടൊപ്പമാണ് ദൈവവും. ആരെങ്കിലും നമ്മളെ ദ്രോഹിച്ചാല്‍ നമ്മളും അതേ പാത പിന്‍തുടരരുതെന്നും പകരം സ്‌നേഹവും സമാധാനവും പ്രചരിപ്പിക്കാനാണ് ഇസ്‌ലാം പറയുന്നത്. ഞാനും അത്രയേ ചെയ്തുള്ളൂ.” ഇമാം പറഞ്ഞു.


Read Also: ഹനുമാന്‍ ജയന്തി ഘോഷയാത്ര അക്രമാസക്തമായി; രാജസ്ഥാന്‍ നഗരത്തില്‍ നിരോധനാജ്ഞ, ഇന്റര്‍നെറ്റ് സേവനം നിര്‍ത്തി വച്ചു


മകന്‍ കലാപത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഒത്തുകൂടിയ ജനങ്ങളോട്, തിരിച്ച് എന്തെങ്കിലും ആക്രമണം നടത്തിയാല്‍ താന്‍ പള്ളിയും നഗരവും വിട്ടുപോവുമെന്ന് കഴിഞ്ഞ ദിവസം ഇമാം പറഞ്ഞിരുന്നു. ഇത് രാജ്യവ്യാപകമായി ചര്‍ച്ചയായിരുന്നു.

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് മടങ്ങവേയാണ് സിബ്ദുല്ലയെ റായ്പാറില്‍ നടന്ന സംഘര്‍ഷത്തിനിടെ കാണാതായത്. ആള്‍ക്കൂട്ടം പിടിച്ചുകൊണ്ടുപോവുകയായിരുന്നെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ബുധനാഴ്ച രാത്രിയോടെ മര്‍ദ്ദനമേറ്റ് മരിച്ച നിലയില്‍ സിബ്ദുല്ലയെ കണ്ടെത്തുകയായിരുന്നു.


Read Also: സൗദിക്ക് നേരെ വീണ്ടും ഹൂതി ആക്രമണം; മിസൈല്‍ ശകലങ്ങള്‍ പതിച്ച് ഇന്ത്യന്‍ പ്രവാസിക്ക് പരിക്ക്


സംഭവത്തെ തുടര്‍ന്ന് ആയിരത്തോളം പേരാണ് പള്ളിക്ക് സമീപത്തെ ഈദ്ഗാഹ് മൈതാനത്ത് ഒത്തുകൂടിയത്. സിബ്ദുല്ലയുടെ മൃതദേഹം അടക്കം ചെയ്തതിന് ശേഷം റാഷിദി സമാധാനത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു. “എനിക്ക് സമാധാനം വേണം. എന്റെ മകന്‍ നഷ്ടപ്പെട്ടു. മറ്റൊരു കുടുംബത്തിന് കൂടെ അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെടരുത്. ഒരു വീടും കത്തിക്കപ്പെടരുത്. അങ്ങനെ അനിഷ്ട സംഭവങ്ങളുണ്ടായാല്‍ ഞാന്‍ ഈ പള്ളിയും നഗരവും വിട്ട് പോവും. എന്നെ സ്നേഹിക്കുന്നുണ്ടെങ്കില്‍ ഒരു വിരല്‍പോലും ഉയര്‍ത്താതിരിക്കുക”-എന്നാണ് ഇമാം പറഞ്ഞത്.


Watch DoolNews Special: ഒരേ ജോലി, വ്യത്യസ്ത വേതനം: എം.പാനലുകാർ പ്രതികരിക്കുന്നു