ഗസയിലെ പള്ളികളിൽ നിന്നും സ്കൂളുകളിൽ നിന്നും 'വിഷലിപ്തമായ' പ്രത്യയശാസ്ത്രം തുടച്ചുനീക്കും: നെതന്യാഹു
തെൽ അവീവ്: ഹമാസുമായുള്ള യുദ്ധം അവസാനിച്ചാൽ ഗസയിലെ പള്ളികളെയും സ്കൂളുകളെയും ‘വിഷലിപ്തമായ’ പ്രത്യയശാസ്ത്രത്തിൽ നിന്ന് ശുദ്ധീകരിക്കുമെന്ന് ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
എക്സ് ഉടമയും ശതകോടീശ്വരനുമായ ഇലോൺ മസ്കുമായി എക്‌സിൽ ലൈവ് സ്ട്രീം ചെയ്ത അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീവ്രവാദത്തെ തുടച്ചുനീക്കിയ മുസ്‌ലിം രാജ്യങ്ങൾക്ക് ഉദാഹരണമായി സമ്പന്നമായ ഗൾഫ് രാഷ്ട്രങ്ങളെ നെതന്യാഹു ചൂണ്ടിക്കാണിച്ചു.
ഹമാസിന്റെ നാശം ഗസയിലെ വ്യവസ്ഥാപിതമായ മാറ്റങ്ങൾക്ക് മുന്നോടിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘ ഹമാസിന്റെ നാശത്തിനുശേഷം ഗസയിൽ നിന്ന് നമ്മൾ സൈനികരെ പിൻവലിക്കും. ഗസയിൽ നിന്ന് നമുക്ക് തീവ്രവാദം തുടച്ചുനീക്കേണ്ടതുണ്ട്. അതിന് കുറച്ച് സമയം എടുക്കും.
പ്രത്യേകിച്ച് സ്കൂളുകളിലും പള്ളികളിലും ചെയ്യേണ്ട കാര്യങ്ങൾ. അവിടെ വെച്ചാണ് കുട്ടികൾ മൂല്യങ്ങൾ സ്വായത്തമാക്കുന്നത്. അതിനുശേഷം നമുക്ക് ഗസയെ പുനർ നിർമിക്കേണ്ടതുണ്ട്,’ നെതന്യാഹു പറഞ്ഞു.