ഐ.എസ്.എല്ലിലെ നോക്ക് ഔട്ട് ഘട്ടത്തില്‍ റഫറിമാരുടെ തീരുമാനത്തോട് പ്രതിഷേധിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് മത്സരം ബഹിഷ്‌കരിച്ചിരുന്നു. മത്സരത്തിന്റെ 97ാം മിനിട്ടില്‍ പിറന്ന വിവാദ ഗോളിന് പിന്നാലെയാണ് വുകോമനോവിച്ച് ബ്ലാസ്‌റ്റേഴ്‌സുമായി മൈതാനം വിട്ടത്.
മത്സരത്തിന്റെ നിശ്ചിത സമയത്തും ആഡ് ഓണ്‍ സമയത്തും ഇരു ടീമും ഗോളടിക്കാത്തതിനെ തുടര്‍ന്ന് മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീളുകയായിരുന്നു.
എക്‌സ്ട്രാ ടൈമിന്റെ ഏഴാം മിനിട്ടില്‍ ലഭിച്ച ഫ്രീ കിക്ക് ബെംഗളൂരു നായകന്‍ സുനില്‍ ഛേത്രി വളരെ പെട്ടെന്ന് എടുക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്‌സ് ഡിഫന്‍സീവ് വാള്‍ പടുത്തുയര്‍ത്തും മുമ്പായിരുന്നു ഛേത്രി ഗോള്‍ നേടിയത്.
ഇത് അനുവദിക്കരുതെന്ന് ബ്ലാസ്‌റ്റേഴ്‌സ് കോച്ചും ഒഫീഷ്യല്‍സും മാച്ച് റഫറിയായ ക്രിസ്റ്റല്‍ ജോണിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം ഗോള്‍ അനുവദിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബ്ലാസ്റ്റേഴ്‌സ് കളം വിട്ടത്.
എന്നാല്‍ ബ്ലാസ്റ്റേഴ്‌സിനോടുള്ള കലിപ്പ് സംഘാടകരായ ഐ.എസ്.എല്‍ തീര്‍ത്തത് ടീമിന്റെ ആരാധക കൂട്ടമായ മഞ്ഞപ്പടയോടാണ്. അവരെ ഇന്‍സ്റ്റഗ്രാമില്‍ നിന്നും അണ്‍ഫോളോ ചെയ്താണ് സംഘാടകര്‍ പ്രതികാരം വീട്ടിയത്.
ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകോമനോവിച്ചിനെ പിന്തുണച്ച് പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെയാണ് ഐ.എസ്.എല്ലിന്റെ നീക്കം. ടീമിന്റെ ഉയര്‍ച്ച താഴ്ചകളില്‍ തങ്ങളോടൊപ്പം നിന്നയാളാണ് അദ്ദേഹമെന്നും കേരളം മുഴുവന്‍ അദ്ദേഹത്തോടൊപ്പമുണ്ടാകുമെന്നും അവര്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.
ഇതിനിടെ ആ ഗോള്‍ നേടിയ സുനില്‍ ഛേത്രിയെ അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകര്‍ രംഗത്തുവരുന്നുണ്ട്. ഛേത്രി ഫുട്‌ബോളിന് തന്നെ കളങ്കമാണെന്നായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് ആരാധകരും വിമര്‍ശകരും പറഞ്ഞത്.
എന്നാല്‍ ഛേത്രി നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും അഥവാ അത് നിയമത്തിന് എതിരാണെങ്കില്‍ റഫറി ഗോള്‍ അനുവദിക്കുമായിരുന്നില്ല എന്നും ഛേത്രിയെ പിന്തുണക്കുന്നവര്‍ പറയുന്നു. ഛേത്രി ഈ ഗോള്‍ ഇന്ത്യക്ക് വേണ്ടിയാണ് നേടിയതെങ്കില്‍ ഇപ്പോള്‍ ക്രൂശിക്കുന്ന എല്ലാവരും അദ്ദേഹത്തിനായി കയ്യടിക്കുമായിരുന്നുവെന്നും അവര്‍ പറഞ്ഞു.
വിഷയത്തില്‍ പ്രതികരണവുമായി ഛേത്രിയും രംഗത്തെത്തിയിരുന്നു.
‘എനിക്ക് ഫ്രീ കിക്ക് ലഭിച്ചു, ഞാന്‍ ഒരു ഓപ്പണിങ് കാണുകയും അത് മുതലെടുക്കുകയുമായിരുന്നു. മാച്ച് റഫറി ക്രിസ്റ്റല്‍ ജോണ്‍ പറഞ്ഞു അദ്ദേഹത്തിന് വിസിലിന്റെയോ വാളിന്റെയോ (ബ്ലാസ്റ്റേഴ്സ് ഡിഫന്‍സീവ് വാള്‍) ആവശ്യമില്ല എന്ന്. ഞാന്‍ വീണ്ടും റഫറിയോട് ഇക്കാര്യം ചോദിക്കുകയും അദ്ദേഹം ഇതേ മറുപടി നല്‍കുകയും ചെയ്തതോടെയാണ് ഞാന്‍ ആ കിക്ക് എടുത്തത്.
ഇത് ലൂണയും കേട്ടിരുന്നു. അതുകൊണ്ടാവും എന്റെ ഫസ്റ്റ് ചാന്‍സ് ബ്ലോക്ക് ചെയ്യാന്‍ ലൂണ ശ്രമിച്ചത്. അവന് അത് കൃത്യമായി അറിയാം എന്ന് കരുതുന്നു. വിവാദങ്ങളില്‍ എനിക്ക് ഒന്നും പറയാനില്ല, കാരണം ഞാന്‍ റഫറിയോട് ചോദിച്ചിട്ടാണ് കിക്ക് എടുത്തത്. ഞാന്‍ അദ്ദേഹത്തോട് രണ്ട് തവണ ചോദിച്ചിരുന്നു, അദ്ദേഹത്തിന് അക്കാര്യമറിയുകയും ചെയ്യാം. ഇത് മറ്റൊരു ദിവസമാണ്, നമുക്ക് മുന്നോട്ട് പോവുക തന്നെ വേണം,’ എന്നായിരുന്നു ഛേത്രി പറഞ്ഞത്.
Content Highlight: ISL unfollows Manjapada