കഴിഞ്ഞ ദിവസം കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഒരിക്കല്‍ക്കൂടി തീ പാറുകയായിരുന്നു. അപരാജിതരായി മുന്നോട്ട് കുതിച്ച കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയ കുതിപ്പിന് തടയിടാന്‍ മുന്‍ ചാമ്പ്യന്‍മാരായ ബെംഗളൂരു എഫ്.സി കളത്തിലിറങ്ങിയ ദിവസമായിരുന്നു ഡിസംബര്‍ 11.
എന്നാല്‍ മറ്റ് ടീമുകളുടേതെന്ന പോലെ തോല്‍വി തന്നെയായിരുന്നു ബെംഗളൂരുവിനെയും കാത്തിരുന്നത്. രണ്ടിനെതിരെ മൂന്ന് ഗോളിനായിരുന്നു കൊമ്പന്‍മാരുടെ വിജയം.
ബ്ലാസ്റ്റേഴ്‌സിന്റെ വിജയത്തേക്കാള്‍ തങ്ങളുടെ മുന്‍ നായകന്‍ സന്ദേശ് ജിംഖാന്‍ ഉള്‍പ്പെട്ട ടീമിന്റെ പരാജയമായിരുന്നു മഞ്ഞപ്പടയെ ഏറെ ആവേശത്തിലാഴ്ത്തിയത്.
ഏത് ടീമിലാണെങ്കിലും ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട താരമായിരുന്ന സന്ദേശ് ജിംഖാനെ കഴിഞ്ഞ സീസണ്‍ മുതലാണ് മഞ്ഞപ്പട വെറുത്ത് തുടങ്ങിയത്. ബ്ലാസ്റ്റേഴ്‌സിനെതിരെ താരത്തിന്റെ ഒരു വിവാദ പരാമര്‍ശമായിരുന്നു എല്ലാത്തിനും തുടക്കമിട്ടത്. ഒരു കാലത്ത് ബ്ലാസ്റ്റേഴ്‌സ് മത്സരങ്ങളെ ആവേശത്തിലാഴ്ത്തിയ ജിംഖാന്റെ പടുകൂറ്റന്‍ ടിഫോയടക്കം കത്തിച്ചുകൊണ്ടായിരുന്നു ആരാധകര്‍ തങ്ങളുടെ ദേഷ്യം വ്യക്തമാക്കിയത്.
ആ കലിപ്പ് ഇനിയും തീര്‍ന്നിട്ടില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ കാഴ്ചകള്‍. ജിംഖാന്റെ കാലില്‍ പന്തെത്തിയപ്പോഴെല്ലാം തന്നെ ആരാധകര്‍ താരത്തെ കൂവി വിളിച്ചു.
ഒരുപക്ഷേ ജിംഖാന്‍ തന്റെ കരിയറിലെ തന്നെ ഏറ്റവും റഫായ കളി പുറത്തെടുത്തതും ഈ മത്സരത്തിലാവണം. ഇതെല്ലാം കൊണ്ടുതന്നെ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് ജയിക്കുകയും ജിംഖാന്‍ തോല്‍ക്കുകയും ചെയ്തതോടെ മഞ്ഞപ്പടയെ സംബന്ധിച്ച് ആ വിജയത്തിന് മധുരമേറി.
എന്നാല്‍ സന്ദേശ് ജിംഖാനേറ്റ മുറിവില്‍ ഉപ്പുപുരട്ടുന്ന രീതിയില്‍ ഐ.എസ്.എല്ലും നേരിട്ടെത്തിയതോടെ ആരാധകര്‍ വീണ്ടും ഹാപ്പിയായി. ഐ.എസ്.എല്ലിന്റെ ഒഫീഷ്യല്‍ അക്കൗണ്ടില്‍ നിന്നും പങ്കുവെച്ച ഒരു ചിത്രമായിരുന്നു ഇതിന് കാരണമായതും.
എം.എം.എ റിങ്ങിനുള്ളില്‍ ജിംഖാനെ കാല്‍ മടക്കി തൊഴിക്കുന്ന തരത്തില്‍ ബ്ലാസ്റ്റേഴ്‌സ് താരം ദിമിത്രിയോസിന്റെ ആനിമേറ്റഡ് ചിത്രമായിരുന്നു ഐ.എസ്.എല്‍ പങ്കുവെച്ചത്.
എന്നാല്‍ സംഘാടകര്‍ കരുതിയതിനേക്കാള്‍ കാര്യങ്ങള്‍ കൈവിട്ടുപോവുകയായിരുന്നു. ആ പോസ്റ്റിനെതിരെ ബെംഗളൂരു ആരാധകരും ചില ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുമെത്തിയതോടെ സംഭവം കൂടുതല്‍ വിവാദമാക്കാന്‍ നില്‍ക്കാതെ പോസ്റ്റ് പിന്‍വലിച്ച് സംഘാടകര്‍ തടിതപ്പുകയായിരുന്നു.
ഇതിന് പുറമെ ബ്ലാസ്റ്റേഴ്‌സും റിവെഞ്ചടുത്തിരുന്നു. കൈതി സിനിമയില്‍ കാര്‍ത്തി ബിരിയാണി തിന്നുന്ന രംഗം പങ്കുവെച്ചുകൊണ്ടായിരുന്നു പഴയ ചില കാര്യങ്ങള്‍ ഓര്‍മിപ്പിച്ചുകൊണ്ട് കൊമ്പന്‍മാരും രംഗത്തെത്തിയത്. ഈ പോസ്റ്റിന് പിന്നാലെ ആരാധകരുമെത്തിയപ്പോള്‍ ജിംഖാന്‍ എയറിലായിരിക്കുകയാണ്.
കഴിഞ്ഞ ദിവസത്തിന് പിന്നാലെ പോയിന്റ് ടേബിളില്‍ നാലാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്. ഒമ്പത് മത്സരത്തില്‍ നിന്നും ആറ് ജയവും മൂന്ന് തോല്‍വിയുമടക്കം 18 പോയിന്റാണ് ബ്ലാസ്‌റ്റേഴ്‌സിനുള്ളത്.
ഒമ്പത് മത്സരത്തില്‍ നിന്നും രണ്ട് ജയം മാത്രമുള്ള ബെംഗളൂരു പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ്.
ഡിംസംബര്‍ 19നാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം. ചെന്നെയിനാണ് എതിരാളികള്‍.
Content Highlight: ISL shares pic of Sandesh Jinghan after defeat against Kerala Blasters