കണക്കുതീര്‍ത്തു, അടിക്ക് തിരിച്ചടി; ബെംഗളൂരുവിനെ കൊമ്പില്‍ കോര്‍ത്ത് ബ്ലാസ്‌റ്റേഴ്‌സ്
ISL
കണക്കുതീര്‍ത്തു, അടിക്ക് തിരിച്ചടി; ബെംഗളൂരുവിനെ കൊമ്പില്‍ കോര്‍ത്ത് ബ്ലാസ്‌റ്റേഴ്‌സ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 21st September 2023, 9:59 pm

 

 

ഐ.എസ്.എല്‍ പത്താം സീസണിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം. ചിരവൈരികളായ ബെംഗളൂരു എഫ്.എസിയെ ഒന്നിനെതിരെ രണ്ട് ഗോളിന് തകര്‍ത്താണ് ബ്ലാസ്‌റ്റേഴ്‌സ് വിജയിച്ചുകയറിയത്.

സെല്‍ഫ് ഗോളില്‍ ലീഡ് നേടിയ ബ്ലാസ്‌റ്റേഴ്‌സ്, ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയിലൂടെ ലീഡ് ഇരട്ടിയാക്കുകയായിരുന്നു. ഹോം സ്‌റ്റേഡിയത്തില്‍  തുടര്‍ച്ചയായ മൂന്നാം തവണയാണ് ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരുവിനെ പരാജയപ്പെടുത്തുന്നത്.

വിസില്‍ മുഴങ്ങി ആദ്യ നിമിഷം മുതല്‍ ബ്ലാസ്റ്റേഴ്‌സിന്റെ മേധാവിത്വമായിരുന്നു മത്സരത്തില്‍ കണ്ടത്. ഗോളടിക്കാന്‍ നിരവധി അവസരങ്ങള്‍ കൊമ്പന്‍മാര്‍ സൃഷ്ടിച്ചെങ്കിലും ഒന്നും ഗോളാക്കി മാറ്റാന്‍ ടീമിന് സാധിച്ചിരുന്നില്ല.

ഒടുവില്‍ ആദ്യ പകുതി ഇരു ടീമിനും ഗോള്‍ നേടാന്‍ സാധിക്കാതെ പിരിയുകയായിരുന്നു.

ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് ഗോള്‍ നേടാന്‍ കിണഞ്ഞുശ്രമിച്ചിരുന്നു. ബെംഗളൂരുവിന്റെ ഗോള്‍ മുഖത്തേക്ക് നിരന്തരം ആക്രമണമഴിച്ചുവിട്ട ബ്ലാസ്‌റ്റേഴ്‌സ് 52ാം മിനിട്ടില്‍ ലീഡ് നേടി.

ബെംഗളൂരു ഡിഫന്‍ഡര്‍ വീന്‍ഡോര്‍പിന്റെ സെല്‍ഫ് ഗോളിലൂടെയാണ് ബ്ലാസ്‌റ്റേഴ്‌സ് മുമ്പിലെത്തിയത്. ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായ കോര്‍ണര്‍ കിക്ക് ക്ലിയര്‍ ചെയ്യാനുള്ള വിന്‍ഡോര്‍പിന്റെ ശ്രമം വിഫലമാവുകയും തിരിച്ചടിക്കുകയുമായിരുന്നു.

 

64ാം മിനിട്ടില്‍ ഗോളെന്നുറപ്പിച്ച ഷോട്ട് പ്രഭീര്‍ ദാസ് നിഷ്പ്രഭമാക്കുകയായിരുന്നു. കോര്‍ണറില്‍ നിന്നും ലഭിച്ച അവസരം മുതലാക്കാന്‍ ബെംഗളൂരു ശ്രമിച്ചെങ്കിലും ഗോള്‍ കീപ്പറിന്റെയും പ്രഭീര്‍ ദാസിന്റെയും ശ്രമത്തില്‍ ബ്ലാസ്റ്റേഴ്‌സ് രക്ഷപ്പെടുകയായിരുന്നു.

മത്സരത്തിന്റെ 70ാം മിനിട്ടില്‍ വീണ്ടും കലൂര്‍ സ്റ്റേഡിയം വീണ്ടും ആവേശത്തിലായി. ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയാണ് ഗോള്‍ നേടിയത്. ബെംഗളൂരു ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിന്റെ പിഴവാണ് കൊമ്പന്‍മാരുടെ രണ്ടാം ഗോളിന് വഴിയൊരുക്കിയത്.

 

എന്നാല്‍ മത്സരത്തിന്റെ 90ാം മിനിട്ടില്‍ ബെംഗളൂരു തിരിച്ചടിച്ചു. കര്‍ട്ടിസ് മെയ്‌നാണ് ബെംഗളൂരുവിന്റെ ആശ്വാസ ഗോള്‍ നേടിയത്.

ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ ഒന്നിനെതിരെ രണ്ട് ഗോളിന് ബ്ലാസ്‌റ്റേഴ്‌സ് വിജയിച്ചുകയറുകയായിരുന്നു.

ഒക്ടോബര്‍ ഒന്നിനാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം. ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയമാണ് വേദി.

 

Content Highlight: ISL season 10 Kerala Blasters vs Bengaluru FC