| Friday, 11th March 2022, 9:46 am

ഇനി കളി കാര്യമാവും

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.എസ്.എല്ലിന്റെ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാവുകയാണ്. ആദ്യ പ്ലേ ഓഫ് മത്സരത്തിന്റെ ആദ്യ പാദത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പൂര്‍ എഫ്.സിയെ നേരിടാനൊരുങ്ങുകയാണ്.

അരയും തലയും മുറുക്കിയാവും വുകോമനൊവിച്ചും പിള്ളേരും കളത്തിലിറങ്ങുക എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടതില്ല. 2014ലും 2016ലും കൈവിട്ട കിരീടം എന്തുതന്നെയായാലും ഇത്തവണ കൊച്ചിയിലെത്തിക്കണമെന്ന വാശിയിലാണ് കൊമ്പന്‍മാര്‍.

അവസാന ലീഗ് മത്സരം പകര്‍ന്നു നല്‍കിയ ആവേശത്തിലാവും ബ്ലാസ്റ്റേഴ്‌സ് മൈതാനത്തിറങ്ങുക. 4-4 എന്ന നിലയില്‍ സമനിലയിലണ് പിരിഞ്ഞതെങ്കില്‍ക്കൂടിയും ആരാധകര്‍ക്ക് കഴിഞ്ഞ മത്സരം ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്.

ലൂണയടക്കമുള്ള താരങ്ങളെ പുറത്തിരുത്തിയാണ് കോച്ച് ഇവാന്‍ വുകോമനൊവിച്ച് ടീമിനെ ഇറക്കിയത്. എന്നിട്ടും മികച്ച പ്രകടനം ടീമിന് പുറത്തെടുക്കാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ മുന്നേറ്റത്തില്‍ ലൂണയും പ്രതിരോധത്തിലും മധ്യനിരയിലുമിറങ്ങിക്കളിക്കുന്ന ഖബ്രയും വരുന്നതോടുകൂടി ടീം പെര്‍ഫെക്ട് ഓകെയാണ്.

എന്നാല്‍ മറുവശത്ത് സുശക്തമായ നിലയിലാണ് ജംഷഡ്പൂരും കളത്തിലിറങ്ങുന്നത്. ചരിത്രത്തിലാദ്യമായി ലീഗ് ഷീല്‍ഡ് നേടി, പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായാണ് ജംഷഡ്പൂര്‍ സെമിയിലേക്ക് മാര്‍ച്ച് ചെയ്തത്.

അതേസമയം, ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് സന്തോഷമുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍വല കാക്കും ഭൂതത്താന്‍, ഗില്ലിന്റെ കരാര്‍ നീട്ടിയതാണ് ആരാധകരെ സന്തോഷത്തിലാഴ്ത്തുന്നത്.

മൂന്ന്‌ വര്‍ഷത്തേക്കാണ് മുന്‍ ബെംഗളൂരു എഫ്.സി, മുന്‍ ഇന്ത്യന്‍ ആരോസ് സൂപ്പര്‍ താരത്തിന്റെ കരാര്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് നീട്ടിയിരിക്കുന്നത്.

പ്ലേ ഓഫ് മത്സരത്തിന്റെ ആദ്യ പാദമാണ് ഇന്ന് നടക്കുന്നത്. ഗോവയിലെ ഫട്ടോര്‍ഡ സ്‌റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടക്കുന്നത്. കളിയുടെ രണ്ടാം പാദം ഈ മാസം 15ന് നടക്കും.

പ്ലേ ഓഫിലെ രണ്ടാം മത്സരം 12ാം തീയ്യതിയാണ് നടക്കുന്നത്. പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ ഹൈദരാബാദും മൂന്നാം സ്ഥാനക്കാരായ എ.ടി.കെ മോഹന്‍ ബഗാനും തമ്മിലാണ് മത്സരം. ഈ മത്സരത്തിന്റെ രണ്ടാം പാദം മാര്‍ച്ച് 16നാണ് നടക്കുന്നത്.

മാര്‍ച്ച് 20നാണ് കലാശപ്പോരാട്ടം.

Content Highlight: ISL Playoffs starts today, Kerala Blasters vs Jamshedpur FC

We use cookies to give you the best possible experience. Learn more