ഐ.എസ്.എല്‍ മത്സരങ്ങള്‍ കൊച്ചിയിലേക്ക് തിരിച്ചെത്തുന്നു. ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലേക്ക് ഐ.എസ്.എല്‍ മടങ്ങിയെത്തുന്നു എന്ന വാര്‍ത്ത ആരാധകരില്‍ ചില്ലറ ആവേശമൊന്നുമല്ല ഉണ്ടാക്കിയിരിക്കുന്നത്.
ഈ വര്‍ഷം ഒക്ടോബര്‍ മുതല്‍ 2023 മാര്‍ച്ച് വരെയുള്ള ഐ.എസ്.എല്ലിന്റെ പുതിയ സീസണില്‍ 10 മത്സരങ്ങളാവും കൊമ്പന്‍മാര്‍ സ്വന്തക്കാര്‍ക്ക് മുന്നില്‍ കളിക്കുന്നത്.
ഇതിന് പുറമെ ഐ.എസ്.എല്ലിന്റെ ഉദ്ഘാടന മത്സരവും കൊച്ചിയില്‍ തന്നെ നടക്കാനും സാധ്യതയേറെയാണ്. ഐ.എസ്.എല്ലിന് മുമ്പ് ബ്ലാസ്‌റ്റേഴ്‌സ് ഓഗസ്‌റ്റോടെ പരിശീലനത്തിനും കൊച്ചിയില്‍ ഇറങ്ങും.
കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സിന് വേണ്ട എല്ലാ വിധ സൗകര്യങ്ങളും തുടര്‍ന്നും ഒരുക്കി നല്‍കുമെന്ന് ഗ്രേറ്റര്‍ കൊച്ചി ഡെവലപ്‌മെന്റ് അതോറിറ്റി (ജി.സി.ഡി.എ) അറിയിച്ചു.
ബ്ലാസ്‌റ്റേഴ്‌സിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന കേരളത്തിലെ ആദ്യ ഫുട്‌ബോള്‍ മ്യൂസിയത്തിനുള്ള സ്ഥലവും ജി.സി.ഡി.എ കണ്ടെത്തി നല്‍കും.
കേരളാ ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങള്‍ക്കുള്ള ആരാധകപിന്തുണയും കഴിഞ്ഞ സീസണിലെ മത്സരങ്ങള്‍ ലൈവ് സ്ട്രീമിങ്ങ് നടത്തിയതിലെ ജനപങ്കാളിത്തവും കണക്കിലെടുത്ത് വരുന്ന സീസണിലേക്ക് കൂടുതല്‍ ആരാധകരെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പാണ് ജി.സി.ഡി.എയും ബ്ലാസ്‌റ്റേഴ്‌സും നടത്തുന്നത്.
‘കേരളത്തിലെ കായികപ്രേമികളുടെ ഫുട്ബോള്‍ ആവേശത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട് അടുത്ത സീസണിലെ മത്സരങ്ങള്‍ക്ക് കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയം എല്ലാ നിലയിലും സജ്ജീകരിക്കുവാന്‍ തങ്ങള്‍ക്ക് താത്പര്യമുണ്ടെന്നും സ്റ്റേഡിയത്തിന്റെ സൗകര്യങ്ങല്‍ വികസിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ കാലോചിതമായി നടത്തുമെന്നും ജി.സി.ഡി.എ ചെയര്‍മാന്‍ കെ. ചന്ദ്രന്‍ പിള്ള പറഞ്ഞു.
ജി.സി.ഡി.എയുടെ പിന്തുണയ്ക്ക് എല്ലാ വിധത്തിലുമുള്ള നന്ദി അറിയിക്കുന്നതായി കേരള ബ്ലാസ്റ്റേഴ്‌സ് ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു.
കലൂരിലേക്ക് ബ്ലാസ്റ്റേഴ്സിന്റെ എല്ലാ ആരാധകരെയും തിരികെയെത്തിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തി കാത്തിരിക്കുകയാണ് മാനേജ്‌മെന്റെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.