കേരള ബ്ലാസ്‌റ്റേഴ്‌സ് സൂപ്പര്‍താരം സഹല്‍ അബ്ദുല്‍ സമദിനെ സ്വന്തമാക്കാന്‍ നിരവധി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബുകള്‍ രംഗത്തെത്തിയിരിക്കുകയാണ്. രണ്ട് ക്ലബ്ബുകള്‍ ഔദ്യോഗികമായി ബ്ലാസ്‌റ്റേഴ്‌സിനെ സമീപിച്ചതടക്കം ആകെ ആറ് ക്ലബ്ബുകള്‍ സഹലിനെ സ്വന്തമാക്കാന്‍ രംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ട്.
മോഹന്‍ ബഗാനാണ് സഹലിനായി ആദ്യമായി ഔദ്യോഗിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തൊട്ടുപിന്നാലെ ബെംഗളൂരു എഫ്.സിയും എത്തി. എന്നാല്‍ ചുരുങ്ങിയത് മൂന്ന് കോടി രൂപയെങ്കിലും ലഭിച്ചാല്‍ മാത്രമെ കേരള ബ്ലാസ്റ്റേഴ്‌സ് സഹലിനെ കൈമാറ്റം ചെയ്യൂ എന്നാണ് റിപ്പോര്‍ട്ട്. ഈ സീസണില്‍ കരാര്‍ എടുക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് തിടുക്കം കാട്ടുന്നില്ലെന്നും ഏറ്റവും ഉയര്‍ന്ന തുകക്ക് ലേലത്തില്‍ ഏര്‍പ്പെടുന്നത് വരെ കാത്തിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സഹലിനെ നല്‍കിയാല്‍ പകരം പ്രീതം കോട്ടാലെയോ ലിസ്റ്റന്‍ കോളാകോയെയോ നല്‍കാമെന്ന ഓഫറും മോഹന്‍ ബഗാന്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. എന്നാല്‍ സഹലിനെ നല്‍കി മറ്റ് താരങ്ങളെ സ്വന്തമാക്കാനുള്ള ഓഫര്‍ സഹല്‍ തുടക്കത്തില്‍ തന്നെ നിരസിച്ചിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവക്ക് പുറമെ മുംബൈ സിറ്റി, ഒഡിഷ എഫ്.സി എന്നീ ക്ലബ്ബുകളും സഹലിനെ സ്വന്തമാക്കാന്‍ രംഗത്തുണ്ട്.
സമീപകാല ഫുട്‌ബോളില്‍ രാജ്യത്ത് പ്രതിഭ തെളിയിച്ച താരങ്ങളിലൊരാളാണ് 26കാരനായ സഹല്‍ അബ്ദുല്‍ സമദ്. 2017ല്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയുമായി കരാറില്‍ ഒപ്പുവെച്ച സഹല്‍ ക്ലബ്ബിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന ഖ്യാതി നേടി. 97 മത്സരങ്ങളിലാണ് സഹല്‍ ഇതുവരെ ബ്ലാസ്റ്റേഴ്‌സിനായി ബൂട്ടുകെട്ടിയത്.
ഐ.എസ്.എല്‍ 2022-23 സീസണില്‍ 20 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ താരം മൂന്ന് ഗോളും രണ്ട് അസിസ്റ്റും അക്കൗണ്ടിലാക്കി. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇതുവരെ 92 മത്സരങ്ങളിലാണ് സഹല്‍ കളിച്ചത്. ആകെ 10 ഗോളും എട്ട് അസിസ്റ്റുമാണ് സമ്പാദ്യം.
2021-2022 സീസണില്‍ 21 മത്സരങ്ങളില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിക്ക് വേണ്ടി ആറ് ഗോള്‍ നേടുകയും ഒരു ഗോളിന് അസിസ്റ്റ് നടത്തുകയും ചെയ്തതാണ് ഐ.എസ്.എല്ലില്‍ സഹല്‍ അബ്ദുള്‍ സമദിന്റെ ഏറ്റവും മികച്ച സീസണ്‍. അതേസമയം, മൂന്ന് രാജ്യാന്തര ഗോളും സഹല്‍ സ്വന്തമാക്കിയിട്ടുണ്ട്. അറ്റാക്കിങ്് മിഡ്ഫീല്‍ഡ്, ലെഫ്റ്റ് വിങ്ങര്‍ , സെന്‍ട്രല്‍ മിഡ്ഫീല്‍ഡ് എന്നീ പൊസിഷനുകളില്‍ ഒരുപോലെ കളിക്കാന്‍ സഹല്‍ അബ്ദുള്‍ സമദ് പ്രാപ്തനാണ്.