| Wednesday, 26th January 2022, 10:04 pm

ബ്ലാസ്റ്റേഴ്‌സിന്റെ നെഞ്ചിടിപ്പേറുന്നു; വിജയപാതയില്‍ മടങ്ങിയെത്തി ബെംഗളൂരു എഫ്.സി

സ്പോര്‍ട്സ് ഡെസ്‌ക്

പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്താനുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ മോഹങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്താനൊരുങ്ങി മുന്‍ ചാമ്പ്യന്‍മാരായ ബെംഗളൂരു എഫ്.സി. ഐ.എസ്.എല്ലില്‍ മള്‍ട്ടിപ്പിള്‍ ടൈംസ് ചാമ്പ്യന്‍മാരായ ചെന്നൈയിന്‍ എഫ്.സിയെ തകര്‍ത്ത് വിജയപാതയിലേക്കെത്തിയാണ് ബെംഗളൂരു കൊമ്പന്‍മാരുടെ നെഞ്ചിടിപ്പേറ്റുന്നത്.

വമ്പന്‍ തിരിച്ചു വരവാണ് ബെംഗളൂരു ഐ.എസ്.എല്ലില്‍ നടത്തിയിരിക്കുന്നത്. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ടീം ചെന്നൈയിനെ നിഷ്പ്രഭമാക്കിയത്.

ഉദാന്ത സിംഗിന്റെ ഇരട്ടഗോള്‍ പ്രഹരത്തിലാണ് ചെന്നൈ വീണത്. ഉദാന്ത തന്റെ വേട്ട തുടങ്ങും മുന്‍പ് തന്നെ ഇമാന്‍ ബസാഫ 13ാം മിനിറ്റില്‍ തന്നെ വെടിക്കെട്ടിന് തിരികൊളുത്തിയിരുന്നു.

പെനാല്‍ട്ടിയിലൂടെയായിരുന്നു ബെംഗളൂരുവിന്റെ ആദ്യ ഗോള്‍ പിറന്നത്. നായകന്‍ സുനില്‍ ഛേത്രിയെ വീഴ്ത്തിയതിന് കിട്ടിയ പെനാല്‍റ്റിയാണ് ബസാഫ വലിയിലെത്തിച്ചത്. ചെന്നൈയിന്‍ ഗോളിയെ എതിര്‍വശത്തേക്ക് വിട്ട് ബസാഫ പന്ത് പോസ്റ്റിന്റെ വലതു മൂലയിലേക്ക് അയയ്ക്കുകയായിരുന്നു.

ഇതിന് പിന്നാലെയാണ് മത്സരത്തിലെ മനോഹരമായ ഗോള്‍ പിറന്നത്. നായകന്‍ സുനില്‍ ഛേത്രിയുടെ അസിസ്റ്റില്‍ നിന്നും പന്തെടുത്ത ഉദാന്തയുടെ വകയായിരുന്നു ആ ഗോള്‍.

എന്നാല്‍ ആ ഗോളിന്റെ മുഴുവന്‍ ക്രെഡിറ്റും ഛേത്രിക്കുള്ളതാണ്. ഉദാന്ത ബോക്സിലേക്ക് നീട്ടിക്കൊടുത്ത പന്ത് ഛേത്രി നാലു പ്രതിരോധക്കാരെയും ഗോളിയേയും കീഴപ്പെടുത്തി വലയിലേക്ക് തട്ടാന്‍ മാത്രം ഉദാന്തയ്ക്ക് നല്‍കുകയായിരുന്നു.

ലീഗിന്റെ പട്ടികയില്‍ 48 ഗോളുകളുമായി നില്‍ക്കുന്ന ഛേത്രി ലീഗ് ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായി മാറാനുള്ള അവസരം പോലും ഒഴിവാക്കിയാണ് ഉദാന്തയ്ക്ക് പന്ത് കൈമാറിയത്. 42ാം മിനിറ്റില്‍ കിട്ടിയ ഈ അവസരം ഉദാന്ത വലയിലാക്കി.

രണ്ടാം പകുതിയില്‍ ചെന്നൈയിന്‍ പ്രതിരോധം വരുത്തിയ പിഴവ് മുതലെടുത്തായിരുന്നു ഉദാന്തയുടെ അടുത്ത ഗോള്‍.

ജയിച്ചാല്‍ ഒന്നാം സ്ഥാനത്ത് എത്താന്‍ കഴിയുമായിരുന്ന അവസരമാണ് ചെന്നൈയിന്‍ നഷ്ടമാക്കിയത്.

ജനുവരി 30നാണ് ബെംഗളൂരുവും ബ്ലാസ്‌റ്റേഴ്‌സും തമ്മിലുള്ള മത്സരം. കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ ഒന്നില്‍ പോലും തോല്‍ക്കാതെയാണ് ബ്ലൂസ് കൊമ്പന്‍മാരെ നേരിടാന്‍ മൈതാനത്തിറങ്ങുന്നത്.

Content highlight: ISL, Bengaluru FC  back on winning track, defeated Chenneyin FC

We use cookies to give you the best possible experience. Learn more