'അങ്ങനെ രണ്ടാമത്തെയാളും പോയി'; കൊല്‍ക്കത്തന്‍ പരിശീലകന്‍ ആഷ്‌ലി വെസ്റ്റ് വൂഡ് രാജിവെച്ചു; പിന്മാറ്റം ഒരു മത്സരം ശേഷിക്കെ
ISL
'അങ്ങനെ രണ്ടാമത്തെയാളും പോയി'; കൊല്‍ക്കത്തന്‍ പരിശീലകന്‍ ആഷ്‌ലി വെസ്റ്റ് വൂഡ് രാജിവെച്ചു; പിന്മാറ്റം ഒരു മത്സരം ശേഷിക്കെ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 4th March 2018, 9:11 am

കൊല്‍ക്കത്ത: ഐ.എസ്.എല്‍ നാലാം സീസണില്‍ എ.ടി.കെ കൊല്‍ക്കത്തയുടെ രണ്ടാമത്തെ പരിശീലകനും രാജിവെച്ചു. സീസണില്‍ ഒരു മത്സരം കൂടി ശേഷിക്കെയാണ് പരിശീലകന്‍ ആഷ്‌ലി വെസ്റ്റ് വൂഡ് രാജിവെച്ചത്. നേരത്തെ ടെഡി ഷെറിങ്ഹാമിനെ പുറത്താക്കിയപ്പോള്‍ ആയിരുന്നു വെസ്റ്റ് വൂഡ് ചുമതല ഏറ്റെടുത്തത്.

കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത സീസണില്‍ വിജയം കണ്ടെത്താനാകാതെ ഉഴലുമ്പോഴായിരുന്നു പരിശീലകനായെത്തിയ ടെഡി ഷെറിങ്ഹാമിനെ പുറത്താക്കി ആഷ്‌ലിയ്ക്ക മാനേജ്‌മെന്റ് ചുമതല കൈമാറുന്നത്. എന്നാല്‍ ആഷ്‌ലി ചുമതല ഏറ്റെടുത്തിട്ടും കൊല്‍ക്കത്തയ്ക്ക് സീസണില്‍ തിരിച്ചുവരവിനു സാധിച്ചിരുന്നില്ല.

ലീഗില്‍ ഇപ്പോള്‍ ഒമ്പതാം സ്ഥാനത്താണ് കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത 17 മത്സരങ്ങളില്‍ വെറും മൂന്നു എണ്ണത്തില്‍ മാത്രമാണ് എ.ടി.കെ കൊല്‍ക്കത്ത വിജയിച്ചത്. നാലു മത്സരങ്ങള്‍ സമനിലയായപ്പോള്‍ 10 എണ്ണത്തിലാണ് കൊല്‍ക്കത്തക്കാര് തോറ്റത്.

അവസാന എട്ടു മത്സരങ്ങളില്‍ ഒരു വിജയം പോലും സ്വന്തമാക്കാന്‍ നിലവിലെ ചാമ്പ്യന്മാര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഒരു മത്സരം അവശേഷിക്കെ പരിശീലകന്‍ ടീമിനെ ഉപേക്ഷിച്ച പോകുന്നത്. അവസാന മത്സരത്തിനായി കൊല്‍ക്കത്തയ്ക്ക് ഇനി മുഖ്യ പരിശീലകന്റെ സേവനം ലഭിക്കുകയില്ല.