| Sunday, 15th September 2024, 9:49 pm

നെഞ്ചിടിപ്പ് നിലച്ച ക്ലൈമാക്‌സില്‍ ആരാധകര്‍ക്ക് കരച്ചില്‍; ഓണത്തിന് ബ്ലാസ്‌റ്റേഴ്‌സിന് പഞ്ചാബിന്റെ ഓണത്തല്ല്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.എസ്.എല്ലിലെ പുതിയ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന് തോല്‍വിയോടെ തുടക്കം. സ്വന്തം തട്ടകത്തില്‍ പഞ്ചാബ് എഫ്.സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സ് പരാജയമേറ്റുവാങ്ങിയത്. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയം സമ്മതിച്ചത്.

അടിച്ചും തിരിച്ചടിച്ചും അടിച്ച ഗോള്‍ തിരിച്ചെടുത്തുമെല്ലാം അത്യധികം ആവേശമാണ് മത്സരത്തിന്റെ അവസാന നിമിഷം ആരാധകര്‍ക്ക് സമ്മാനിച്ചത്. ഒടുവില്‍ പഞ്ചാബ് സ്വന്തം തട്ടകത്തിലെത്തി തോല്‍പിച്ചത് മാത്രമാണ് ആരാധകര്‍ക്ക് ബാക്കിയുണ്ടായിരുന്നത്.

4-2-3-1 എന്ന ഫോര്‍മേഷനിലാണ് ബ്ലാസ്‌റ്റേഴ്‌സ് കളത്തിലിറങ്ങിയത്. മറുവശത്തും അതേ ഫോര്‍മേഷനില്‍ തന്നെയാണ് പഞ്ചാബ് കോച്ചും തന്റെ കുട്ടികളെ കളത്തിലിറക്കിയത്.

ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞ മത്സരത്തിന്റെ ആദ്യ പകുതി തീര്‍ത്തും വിരസമായിരുന്നു. ഒരു ടീം എന്ന നിലയില്‍ ഉഴറിയ ബ്ലാസ്റ്റേഴ്‌സിന്, ശ്രദ്ധേയമായ ഒരു അവസരം പോലും സൃഷ്ടിക്കാനായില്ല. ക്യാപ്റ്റന്‍ അഡ്രിയന്‍ ലൂണയില്ലാതെയാണ് ബ്ലാസ്റ്റേഴ്‌സ് കളിച്ചതെന്നതും കൊമ്പന്‍മാര്‍ക്ക് ക്ഷീണം ചെയ്തു.

മത്സരത്തിന്റെ 42ാം മിനിറ്റില്‍ പഞ്ചാബ് ബ്ലാസ്റ്റേഴ്‌സ് വല കുലുക്കിയിരുന്നു. നെഞ്ചില്‍ ഇടിവെട്ടിയെന്ന് കരുതിയ ആരാധകര്‍ക്ക് ഓണസമ്മാനമെന്നോണം ആ ഗോള്‍ ഓഫ് സൈഡ് കെണിയില്‍ കുടുങ്ങി.

ബ്ലാസ്റ്റേഴ്‌സ് നിരയില്‍ നോഹ സദൂയിയുടെ തകര്‍പ്പനൊരു ക്രോസിന് മുഹമ്മദ് ഐമന് തലവയ്ക്കാനാകാതെ പോയത് ബ്ലാസ്റ്റേഴ്‌സിനു നിര്‍ഭാഗ്യവുമായി.

രണ്ടാം പകുതിയുടെ അവസാന നിമിഷം വരെ ഗോള്‍ വഴങ്ങാതെ ഇരുവരും പിടിച്ചുനിന്നെങ്കിലും 86ാം മിനിട്ടില്‍ വീണുകിട്ടിയ പെനാല്‍ട്ടി പഞ്ചാബിന് രക്ഷയായി. സബ്‌സറ്റിയൂട്ടായി കളത്തിലിങ്ങിയ ലൂകാ മജ്‌സെന്‍ ഉന്നം പിഴയ്ക്കാതെ ലക്ഷ്യം കണ്ടു.

നിശ്ചിത സമയത്ത് ഗോളൊന്നും പിറക്കാതെ പോയതോടെ ആരാധകരുടെ നെഞ്ചിടിപ്പേറി. എന്നാല്‍ പകുതി കപ്പാസിറ്റി മാത്രമേയുള്ളുവെങ്കിലും എട്ട് ദിക്കും പൊട്ടുമാറുച്ചത്തില്‍ 90+2ാം മിനിട്ടില്‍ മഞ്ഞപ്പടയുടെ ആരവമുയര്‍ന്നു. ബ്ലാസ്‌റ്റേഴ്‌സിന്റെ രക്ഷകനായി ജീസസ് അവതരിക്കുകയായിരുന്നു. പ്രീതം കോട്ടാലിന്റെ അസിസ്റ്റില്‍ സ്പാനിഷ് താരം ജീസസ് ജിമനെസ് ബ്ലാസ്റ്റേഴ്‌സിനെ സമനിലയിലെത്തിച്ചു.

എന്നാല്‍ ആ ആരവത്തിന് മൂന്ന് മിനിട്ട് മാത്രമേ ആയുസുണ്ടായിരുന്നുള്ളൂ. പഞ്ചാബിന്റെ വക രണ്ടാം ഗോളും കേരളത്തിന്റെ വലയില്‍ തുളഞ്ഞുകയറി. ലൂകാ മജ്‌സെന്റെ അസിസ്റ്റില്‍ 90+5ാം മിനിട്ടില്‍ ഫിലിപ് മ്രാല്‍സാക് സന്ദര്‍ശകരെ മുമ്പിലെത്തിച്ചു.

90+7ാം മിനിട്ടില്‍ കേരളം വീണ്ടും സ്‌കോര്‍ ചെയ്തു. മുമ്പില്‍ കണ്ട തോല്‍വി ഒഴിഞ്ഞുപോയെന്ന് ആശ്വസിച്ച ആരാധകരെ വീണ്ടും കണ്ണീരിലാഴ്ത്തി ആ ഗോള്‍ റഫറി തിരിച്ചെടുത്തു.

ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് ഒരു ഗോളിന്റെ പരാജയമേറ്റുവാങ്ങി.

സെപ്റ്റംബര്‍ 22നാണ് കേരളത്തിന്റെ അടുത്ത മത്സരം. ആദ്യ മത്സരം പരാജയപ്പെട്ട ഈസ്റ്റ് ബംഗാളാണ് എതിരാളികള്‍. ഇരു ടീമുകളും പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരാണ്.

Content Highlight: ISL 2024: Kerala Blasters lost to Punjab FC

We use cookies to give you the best possible experience. Learn more