| Saturday, 4th May 2024, 9:56 pm

ISL Final: സോള്‍ട്ട് ലേക്കില്‍ മോഹന്‍ ബഗാന്റെ കണ്ണീര് വീഴ്ത്തി സിറ്റി; ഐ.എസ്.എല്‍ ചാമ്പ്യന്‍മാരായി ഐലാന്‍ഡേഴ്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.എസ്.എല്ലില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനെ പരാജപ്പെടുത്തി മുംബൈ സിറ്റി എഫ്.സി. മോഹന്‍ ബഗാന്റെ ഹോം സ്‌റ്റേഡിയമായ സോള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് മുംബൈ സിറ്റി വിജയിച്ചുകയറിയത്.

തലയില്‍ ചൂടിയ കിരീടം ഒരിക്കല്‍ക്കൂടി ബംഗാളിന്റെ മണ്ണിലെത്തിക്കാന്‍ ഒരുങ്ങിയ മോഹന്‍ ബഗാനെ രണ്ടാം പകുതിയില്‍ ഞെട്ടിച്ചാണ് ഐലാന്‍ഡേഴ്‌സ് കിരീടമുയര്‍ത്തിയത്.

ഐ.എസ്.എല്‍ ചരിത്രത്തില്‍ ഒന്നിലധികം കിരീടം നേടുന്ന മൂന്നാമത് ടീം എന്ന നേട്ടവും ഇതോടെ മുംബൈ സിറ്റി സ്വന്തമാക്കി. 2020ലാണ് ഇതിന് മുമ്പ് സിറ്റി കിരീടം സ്വന്തമാക്കിയത്.

കലാശപ്പോരാട്ടത്തിന്റെ ആദ്യ പകുതിയില്‍ മോഹന്‍ ബഗാന്‍ ലീഡ് നേടിയിരുന്നു. ആദ്യ പകുതി അവസാനിക്കാന്‍ ഒരു മിനിട്ട് മാത്രം ബാക്കി നില്‍ക്കെ ജേസണ്‍ കമ്മിങ്‌സാണ് മോഹന്‍ ബഗാനായി ഗോള്‍ നേടിയത്.

ആദ്യ പകുതിയില്‍ ഒരു ഗോളിന്റെ കടവുമായി ഇറങ്ങിയ സിറ്റി രണ്ടാം പകുതി ആരംഭിച്ച് എട്ടാം മിനിട്ടില്‍ തന്നെ തിരിച്ചടിച്ചു. സ്പാനിഷ് സൂപ്പര്‍ താരം ആല്‍ബെര്‍ട്ടോ നൊഗേരെയുടെ അസിസ്റ്റില്‍ ജോര്‍ജ് പെരേര ഡയസാണ് സിറ്റിക്കായി ഗോള്‍വല ചലിപ്പിച്ചത്.

നിശ്ചിത സമയം അവസാനിക്കാന്‍ ഒമ്പത് മിനിട്ട് ബാക്കി നില്‍ക്കെ ബിപിന്‍ സിങ് തനൗജം മുംബൈ സിറ്റിയുടെ ലീഡ് ഇരട്ടിയാക്കി.

ഒമ്പത് മിനിട്ടാണ് ആഡ് ഓണ്‍ സമയമായി റഫറി അനുവദിച്ചത്. ഇതോടെ ഗോള്‍ മടക്കാന്‍ മോഹന്‍ ബഗാന്‍ പൊരുതിക്കളിച്ചു. എന്നാല്‍ ഡിഫന്‍സിലേക്ക് മാറാതെ സിറ്റിയും ഗോള്‍ നേടാനുള്ള ശ്രമം തുടര്‍ന്നു.

ഒടുവില്‍ 90+6ാം മിനിട്ടില്‍ യാകൂബ് വോടസ് സിറ്റിക്കായി മൂന്നാം ഗോളും ഒപ്പം കിരീടവും നേടി.

മത്സരത്തില്‍ മേല്‍ക്കോയ്മ നിലനിര്‍ത്താന്‍ മുംബൈ സിറ്റി തുടക്കത്തിലേ ശ്രമിച്ചിരുന്നു. 58 ശതമാനം ബോള്‍ പൊസഷനോടെയാണ് സിറ്റി സോള്‍ട്ട് ലേക്കില്‍ നിറഞ്ഞു കളിച്ചത്.

20 ഷോട്ടുകളാണ് സിറ്റി ഉതിര്‍ത്തത്. മോഹന്‍ ബഗാനാകട്ടെ എട്ടെണ്ണവും. ഗോള്‍ മുഖം ലക്ഷ്യമാക്കി ഇരു ടീമുകളും നാല് ഷോട്ട് വീതമാണ് അടിച്ചത്. ഇതില്‍ മൂന്നെണ്ണവും വലയിലെത്തിച്ചതോടെയാണ് വിജയം മുംബൈ സിറ്റിക്കൊപ്പം നിന്നത്.

സിറ്റി 365 പാസുകള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 273 എണ്ണമാണ് മോഹന്‍ ബഗാന്‍ താരങ്ങള്‍ നടത്തിയത്.

ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഒഡീഷ എഫ്.സിയെ പരാജയപ്പെടുത്തിയാണ് മോഹന്‍ ബഗാന്‍ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. 3-2 എന്ന അഗ്രഗേറ്റ് സ്‌കോറിലായിരുന്നു സൂപ്പര്‍ ജയന്റ്‌സിന്റെ വിജയം. അധിക സമയത്ത് മലയാളി താരം സഹല്‍ അബ്ദുള്‍ സമദിലൂടെയാണ് മോഹന്‍ ബഗാന്‍ വിജയ ഗോള്‍ നേടിയത്.

എഫ്.സി ഗോവക്കെതിരെ വ്യക്തമായ ആധിപത്യം പുലര്‍ത്തിയാണ് മുംബൈ സിറ്റി ഫൈനലില്‍ പ്രവേശിച്ചത്. ആദ്യ പാദത്തില്‍ 3-2ന് വിജയിച്ച സിറ്റി രണ്ടാം പാദത്തില്‍ 2-0ന്റെ വിജയവും സ്വന്തമാക്കിയിരുന്നു.

Content Highlight: ISL 2023-24: Mumbai City defeated Mohun Bagan Super Giants to win the title

We use cookies to give you the best possible experience. Learn more